സിപിഐ(എം) സംസ്ഥാന സമ്മേളനം അംഗീകരിച്ച പ്രമേയം-പൊതുമേഖല വ്യവസായങ്ങളെ സംരക്ഷിക്കുക

കേന്ദ്രപൊതുമേഖലയുള്‍പ്പെടെ സംസ്ഥാനത്തെ പൊതുമേഖലാവ്യവസായങ്ങള്‍ എല്ലാം തന്നെ കടുത്ത പ്രതിസന്ധിയിലാണ്‌. ഇടതുപക്ഷ ജനാധിപത്യമുന്നണി ഭരണകാലത്ത്‌ ഇതായായിരുന്നില്ല സ്ഥിതി. 25000 കോടി രൂപയുടെ മുടക്കുമുതലുള്ള കൊച്ചി റിഫൈനറിയുടെ വികസനവും, 7000 കോടിരൂപയുടെ നിക്ഷേപമായ വല്ലാര്‍പാടത്തെ ഇന്റര്‍നാഷണല്‍ കണ്ടെയനര്‍ ടെര്‍മിനിലും, 4600 കോടി വരുന്ന കൊച്ചി പെട്രോനെറ്റ്‌ എല്‍എന്‍ജിയും പ്രതിരോധരംഗത്തെ ബ്രംഹ്മോസ്‌ ഫാക്ടറിയും, ബി ഇ എം എല്‍ തുടങ്ങി ഏതാണ്ട്‌ 50000 കോടി രൂപയുടെ കേന്ദ്രനിക്ഷേപം എല്‍ഡിഎഫ്‌ ഭരണക്കാലയളവില്‍ നേടിയെടുക്കുവാനായി. എന്നാല്‍ തുടര്‍ന്നിങ്ങോട്ട്‌ യുഡിഎഫ്‌ അധികാരമേറ്റ ശേഷം കേന്ദ്രപൊതുമേഖലയില്‍ ഒരു നിക്ഷേപം പോലും വാങ്ങിച്ചെടുക്കുവാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‌ സാധിച്ചിട്ടില്ല. മാത്രമല്ല നിലവിലെ കൊച്ചി തുറമുഖം, എഫ്‌എസിറ്റി, എച്ച്‌.ഒ.സി., എച്ച്‌.എം.ടി. ഉള്‍പ്പെടെ എല്ലാ കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങളും നാനാവിധ പ്രതിസന്ധിയിലകപ്പെട്ടിരിക്കുകയാണ്‌. പരിഹാരത്തിനായി കേരളസര്‍ക്കാരോ, സംസ്ഥാന വ്യവസായ വകുപ്പോ ഒരു നീക്കവും നടത്തുന്നില്ല.

സംസ്ഥാന പൊതുമേഖലയില്‍ ബ്യൂറോ ഓഫ്‌ പബ്ലിക്ക്‌ എന്റര്‍പ്രൈസസ്‌ കണക്കുപ്രകാരം 13 വിഭാഗങ്ങളിലായി 89 സ്ഥാപനങ്ങളാണ്‌ പൊതുമേഖലയിലുള്ളത്‌. 21 സ്ഥാപനങ്ങളെക്കുറിച്ച്‌ പ്രവര്‍ത്തനരഹിതമായത്‌, സംയോജിപ്പിച്ചത്‌, അടച്ചുപൂട്ടിയത്‌, തുടങ്ങിയ ഇനത്തില്‍പ്പെടുത്തി പ്രത്യേകം പറയുന്നുമുണ്ട്‌. എല്‍ഡിഎഫ്‌ സര്‍ക്കാര്‍ എല്ലാ പൊതുമേഖലാ വ്യവസായങ്ങളെയും സംരക്ഷിച്ച്‌ ലാഭകരമാക്കി പ്രവര്‍ത്തിപ്പിച്ചു. 2010-11 വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ചത്‌ അനുസരിച്ച്‌ പുതുതായി 8 പൊതുമേഖലാ വ്യവസായങ്ങള്‍ ആ വര്‍ഷം തന്നെ സ്ഥാപിച്ചു. അക്കാലത്ത്‌ തന്നെ കളമശ്ശേരിയില്‍ കെ എസ്‌ ഐ ഇ യുടെ കീഴില്‍ കണ്ടെയ്‌നര്‍ ഫ്രൈറ്റ്‌ സ്റ്റേഷന്‍ സ്ഥാപിച്ചു. ദീര്‍ഘക്കാലമായി പൂട്ടിക്കിടന്നിരുന്ന ആലപ്പുഴയിലെ കോമളപുരം സ്‌പിന്നിംഗ്‌ മില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത്‌ പുതിയ മില്‍ സ്ഥാപിച്ചു. ഈ 10 സ്ഥാപനങ്ങളില്‍ ഒന്നും തന്നെ ബിപിഇയുടെ കണക്കില്‍പെട്ടിട്ടില്ല. ഇതു കൂടി ചേര്‍ക്കുമ്പോഴുള്ള 99 വ്യവസായങ്ങള്‍ ഇന്ന്‌ നഷ്‌ടത്തിലും ചിലവ അടച്ചുപൂട്ടലിന്റെ വക്കിലുമാണ്‌. ആലപ്പുഴയിലെ കേരള സ്റ്റേറ്റ്‌ ഡ്രഗ്‌സ്‌ ആന്റ്‌ ഫാര്‍മസ്യൂട്ടിക്കല്‍സ്‌, തിരുവല്ലയിലെ ട്രാക്കോ കേബിള്‍സ്‌, കോഴിക്കോട്ടെ സോപ്‌സ്‌ ആന്റ്‌ ഓയില്‍സ്‌ എന്നീ വര്‍ഷങ്ങളായി അടച്ചുപൂട്ടി എഴുതി തള്ളിയ വ്യവസായങ്ങളെ എല്‍ഡിഎഫ്‌ ഭരണക്കാലത്ത്‌ തുറന്ന്‌ പ്രവര്‍ത്തിപ്പിക്കുകയും ചെയ്‌തതാണ്‌.

 സംസ്ഥാനപൊതുമേഖലയുടെ തലപ്പത്ത്‌ പ്രഗല്‍ഭരും കഴിവുള്ളവരുമായ ഉദ്യോസ്ഥന്മാരെ നിയോഗിക്കാന്‍ ഒരു പാനല്‍ തന്നെ രൂപീകരിക്കുവാന്‍ എല്‍ഡിഎഫ്‌ ഭരണക്കാലത്ത്‌ കഴിഞ്ഞു. എല്ലാമാസവും വ്യവസായ മന്ത്രി പങ്കെടുത്ത്‌ ഓരോ പെതുമേഖലാ വ്യവസായത്തിന്റെയും പ്രതിമാസഅവലോകനം സ്ഥിരമായി നടത്തുന്ന സമ്പ്രദായം എല്‍ഡിഎഫ്‌ കൊണ്ടുവന്നു. ഇന്ന്‌ ഈ സ്ഥിതി വിശേഷം പാടെ മാറി. അഴിമതിയും ധൂര്‍ത്തും പൊതുമേഖലാ വ്യവസായങ്ങളില്‍ തിരിച്ച്‌ വന്നിരിക്കുന്നു. ഒരു ഭരണപരിചയവുമില്ലാത്ത ചെയര്‍മാന്മാരെ രാഷ്ട്രീയ ഇടപെടലിന്റെ ഭാഗമായി നിയമിച്ചിരിക്കുന്നു. നഷ്‌ടത്തിലായ പലവ്യവസായങ്ങളും പ്രവര്‍ത്തന മൂലധനമില്ലാതെയും അസംസ്‌കൃതപദാര്‍ത്ഥം ഉറപ്പാക്കാതെയും യന്ത്രങ്ങളുടെ അറ്റക്കുറ്റപണിയാഥാസമയം നടത്താതെയും ഉല്‍പാദനപ്രവര്‍ത്തനം തന്നെ മുടങ്ങുന്ന അവസ്ഥയിലെത്തിയിരിക്കുന്നു.

അങ്കമാലിയിലെ ട്രാന്‍സ്‌ഫോര്‍മേഴ്‌സ്‌ ആന്റ്‌ ഇലക്‌ട്രിക്കല്‍സ്‌ 2006-07ല്‍ എന്‍റ്റിപിസിയുമായി ചേര്‍ന്ന്‌ സംയുക്ത പ്രവര്‍ത്തനം ആരംഭിച്ചതാണ്‌. എന്‍റ്റിപിസിയുമായി ഉണ്ടാക്കിയ കരാറിന്റെ ഫലമായി 44.6% ഓഹരി വിലയായി അന്ന്‌ 34 കോടി രൂപ സംസ്ഥാനസര്‍ക്കാറിന്‌ ലഭിച്ചു. മൂന്ന്‌ ഘട്ടമായി 180 കോടി രൂപയുടെ വികസനം ലക്ഷ്യമാക്കി. എല്‍ഡിഎഫ്‌ ഭരണക്കാലത്ത്‌ തന്നെ ആദ്യഘട്ടം പൂര്‍ത്തികരിച്ചു. 2005-06 ല്‍ 1.72 കോടി രൂപ ലാഭമുണ്ടായിരുന്ന ടെല്‍ക്കിന്‌ പിന്നിട്‌ അഞ്ചുവര്‍ഷത്തിനകം 190 കോടി രൂപയുടെ ലാഭം ഉണ്ടായി. യുഡിഎഫ്‌ കാലത്ത്‌ കെഎസ്‌ഇബിയില്‍ നിന്നും ഓര്‍ഡറിലോ മറ്റും യാതൊരു പരിഗണനയും ലഭിക്കുന്നില്ല. റിപ്പയറിംഗും, സര്‍വ്വീസും സ്വകാര്യമേഖലക്ക്‌ നല്‍കുകയാണ്‌. നടപ്പുപദ്ധതിയിലെ ഊര്‍ജ്ജ രംഗത്തുള്ള പിന്നോട്ടടി ട്രാന്‍സ്‌ഫോര്‍കളുടെയും അനുബന്ധ ഉപകരണങ്ങളുടെയും ഡിമാന്റില്‍ വന്ന കുറവും, യു.ഡി.എഫ്‌. ഭരണത്തിലെ അഴിമതിസംസ്‌ക്കാരവും, ലോബിയിംഗും മറികടക്കാനാവയ്‌കയും ടെല്‍ക്കിനെ നടപ്പുവര്‍ഷം 10 കോടിരൂപയുടെ നഷ്‌ടത്തിലെത്തിച്ചിരിക്കുകയാണ്‌.

2011ല്‍ 5.09 കോടിരൂപലാഭമുണ്ടാക്കിയ തിരുവല്ലയിലെ ട്രാക്കോ കേബിള്‍ കമ്പനി ഇന്ന്‌ നഷ്‌ടത്തിലായിരിക്കുന്നു. വൈവിധ്യവല്‍ക്കണത്തിലൂടെയും സംസ്ഥാനസര്‍ക്കാരിന്റെ ആസൂത്രണമികവിലൂടെയും മാത്രമെ ഈ വ്യവസായത്തെ സംരക്ഷിക്കാനാകൂ. എന്‍പിറ്റിസി പവ്വര്‍ഗ്രിഡ്‌, കെഎസ്‌ഇബി എന്നിവയെ ഉപഭോക്താളായി കണ്ട്‌ ട്രാക്കോയെ വികസിപ്പിക്കണം. ട്രാക്കോയുടെ ഇരുമ്പനം ഫാക്ടറി 2012-13ല്‍ 5 കോടിരൂപ നഷ്‌ടത്തിലാണ്‌. കാര്യപ്രാപ്‌തിയില്ലാത്ത മാനേജ്‌മെന്റാണ്‌ ഇന്നുള്ളത്‌. കേരള ഇലക്‌ട്രിക്കല്‍ ലിമിറ്റഡും, ഫറൂക്കിലെ സെയിലും ,കെല്‍ട്രോണും വലിയ പ്രതിസന്ധിയിലാണ്‌. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്ന സില്‍ക്കിന്റെ എല്ലാ യൂണിറ്റുകളും, സ്റ്റീല്‍ ഫോര്‍ജിംഗ്‌സ്‌, ആട്ടോ കാസ്റ്റ്‌ എന്നിവയും വലിയ പ്രതിസന്ധിയിലാണ്‌. ചേര്‍ത്തലയിലെ സില്‍ക്കിന്റെ ഫാബ്രിക്കേഷന്‍ യൂണിറ്റ്‌ പ്രവര്‍ത്തന മൂലധനമില്ലാത്തതിനാലും, മാനേജ്‌മെന്റിന്റെ പിടിപ്പുകേടുകൊണ്ട്‌ അടച്ചുപൂട്ടലിന്റെ വക്കത്താണ്‌. തൊഴിലാളികളുടെ പി.എഫും. ഗ്രാറ്റുവിറ്റിയും കുടിശ്ശിഖയാണ്‌. ചൗധരി കമ്മറ്റി നിര്‍ദ്ദേശപ്രകാരം യു.ഡി.എഫ്‌. സര്‍ക്കാര്‍ അടയ്‌ക്കാന്‍ തീരുമാനിച്ച ഓട്ടോ കാസ്റ്റ്‌ 2010-11ല്‍ ലാഭകരമായി പ്രവര്‍ത്തിപ്പിച്ചതാണ്‌. ഓട്ടോ കാസ്റ്റും റയില്‍വേയുമായി എല്‍.ഡി.എഫ്‌. സര്‍ക്കാര്‍ കരാറില്‍ ഒപ്പുവച്ചെങ്കിലും പിന്നീട്‌ കരാറില്‍ നിന്നും റയില്‍വേ പിന്‍മാറി. വൈദ്യുതി പ്രശ്‌നം, ഓര്‍ഡറില്ലായ്‌മ, മാനേജ്‌മെന്റ്‌ കെടുകാര്യസ്ഥത ഇവ മൂലം സ്ഥാപനം വന്‍പ്രതിസന്ധിയിലാണ്‌. 60 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന കൊല്ലം യുണൈറ്റഡ്‌ ഇലക്‌ട്രിക്കല്‍സ്‌, പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍, ഹാന്റീക്രാഫ്‌റ്റ്‌ കോര്‍പ്പറേഷന്‍, ഹൗസിംഗ്‌ ബോര്‍ഡ്‌, സിഡ്‌കോ, മലബാര്‍ സിമന്റ്‌സ്‌ തുടങ്ങിയവ കാര്യക്ഷമമായല്ല ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്‌. തൊഴിലാളികള്‍ക്ക്‌ ലഭിക്കേണ്ടുന്ന ആനുകൂല്യങ്ങളും ലഭിക്കാത്ത അവസ്‌ഥയാണ്‌. ടി.സി.സി., ട്രാവന്‍കൂര്‍ ഷുഗേഴ്‌സ്‌ ആന്റ്‌ കെമിക്കല്‍സ്‌, കേരള ഓട്ടോ മൊബൈല്‍സ്‌, വെയര്‍ ഹൗസിംഗ്‌ കോര്‍പ്പറേഷന്‍, കേരള സിറാമിക്‌സ്‌, ഫിലിം ഡവലപ്പ്‌മെന്റ്‌ കോര്‍പ്പറേഷന്‍ ഇവയും വികസന മുരടിപ്പിനെ നേരിടുകയാണ്‌. ട്രാവന്‍കൂര്‍ സിമന്റ്‌സ്‌ അടച്ചു പൂട്ടലിന്റെ വക്കിലാണ്‌. കേരള സംസ്ഥാന ടെക്‌സ്റ്റെല്‍ കോര്‍പ്പറേഷന്റെ കീഴിലുള്ള അഞ്ച്‌ ടെക്‌സ്റ്റെല്‍ മില്ലുകളും, 5 സഹകരണ മില്ലുകളും ഉല്‍പ്പന്നങ്ങള്‍ കെട്ടികിടക്കുന്ന അവസ്ഥയിലാണ്‌. പ്രവര്‍ത്തന മൂലധനത്തിന്റെ കുറവും പ്രകടമാണ്‌. താരതമ്യേന ഏറ്റവും കുറഞ്ഞ വേതനത്തിന്‌ തൊഴില്‍ ചെയ്യുന്ന തൊഴിലാളികളാണ്‌ ഈ മില്ലുകളിലുള്ളത്‌. 1993 മുതല്‍ 2012 വരെ തുടര്‍ച്ചയായി ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കെ.എം.എം.എല്‍. വന്‍ പ്രതിസന്ധിയിലൂടെയാണ്‌ കടന്നുപോകുന്നത്‌. ഉത്‌പാദനത്തിലും, വില്‍പ്പനയിലും, ലാഭത്തിലും ഗണ്യമായ കുറവ്‌ കാണുന്നു. ഉല്‍പ്പാദനവും ഉല്‍പ്പാദന ക്ഷമതയും വര്‍ദ്ധിപ്പിച്ച്‌, ഉല്‍പ്പാദന ചെലവ്‌ കുറച്ച്‌ പ്രവര്‍ത്തിക്കുവാന്‍ കഴിഞ്ഞില്ലെങ്കില്‍ സ്ഥാപനം കൂടുതല്‍ പ്രതിസന്ധിയിലാകും. 2011-12ല്‍ 154 കോടി രൂപ ലാഭവും 23 കോടി രൂപ ലാഭവിഹിതം സര്‍ക്കാരിന്‌ നല്‍കുകയുംചെയ്‌ത കെ.എം.എല്‍. കോടികളുടെ കടം വാങ്ങികൂട്ടിയാണ്‌ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്‌.

ട്രാവന്‍കൂര്‍ ടൈറ്റാനിയം കരിമണല്‍ ദൗര്‍ലഭ്യം മൂലം ഉല്‍പ്പാദനം മൂന്നിലൊന്നായി വെട്ടിച്ചുരുക്കി. ഐ.ആര്‍.ഇ.യില്‍ നിന്നും ഇല്‍മനൈറ്റ്‌ മുടക്കം കൂടാതെ ലഭിക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നില്ല. സ്വകാര്യ കമ്പനികളില്‍ നിന്നും ഇല്‍മനൈറ്റ്‌ വാങ്ങി കമ്മീഷന്‍ പറ്റാനാണ്‌ മാനേജ്‌മെന്റിന്‌ താല്‌പര്യം. കമ്പനി മാനേജ്‌മെന്റ്‌ അടുത്തകാലത്ത്‌ നടത്തിയ എല്ലാ ഇടപാടുകളിലും വന്‍അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്‌.
പ്രമുഖ സ്ഥാപനമായ കൊച്ചി തുറമുഖം ഇന്ന്‌ വന്‍ തകര്‍ച്ചയെ അഭിമുഖീകരിക്കുകയാണ്‌. വ്‌ല്ലാര്‍പാടത്ത്‌ അന്താരാഷ്‌ട്ര കണ്ടെയ്‌നര്‍ ടെര്‍മിനില്‍ സ്ഥാപിച്ച്‌ പ്രവര്‍ത്തിപ്പിക്കുന്നതിന്‌ വേണ്ടി കൊച്ചിന്‍ പോര്‍ട്ട്‌ ട്രസ്റ്റും, ഡി.പി. വേള്‍ഡിന്റെ ഇന്ത്യ ഗേറ്റ്‌വേ ടെര്‍മിനലും ചേര്‍ന്നുണ്ടാക്കിയ ലൈസന്‍സ്‌ എഗ്രിമെന്റ്‌ നടപ്പിലായതോടെ കൊച്ചി തുറമുഖത്തിന്റെ നാശവും ആരംഭിച്ചു. 1,65,000 കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്‌തിരുന്ന കാര്യക്ഷമവും ലാഭകരവുമായ പോര്‍ട്ട്‌ ട്രസ്റ്റ്‌ നേരിട്ട്‌ പ്രവര്‍ത്തിപ്പിച്ചിരുന്നതുമായ രാജീവ്‌ഗാന്ധി കണ്ടെയ്‌നര്‍ ടെര്‍മിനല്‍ തൊഴിലാളികളുടെ ശക്തമായ എതിര്‍പ്പിനെ അവഗണിച്ച്‌ ഒന്നാം യു.പി.എ. സര്‍ക്കാര്‍ പുതിയ ലൈസന്‍സിക്ക്‌ (ഡി.പി. വേള്‍ഡിന്‌) കീഴ്‌പ്പെടുത്തുകയായിരുന്നു. വ്യവസ്ഥയനുസരിച്ച്‌ റോഡ്‌, റയില്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്ന മുഴുവന്‍ ബാധ്യതയും പോര്‍ട്ട്‌ട്രസ്റ്റിന്റെ ചുമലിലായി. 14.5 മീറ്റര്‍ ആഴം ആവശ്യമുള്ള കപ്പലുകള്‍, വല്ലാര്‍പാടത്ത്‌ അടുപ്പിക്കുന്നതിന്‌ ഡ്രഡ്‌ജിംഗ്‌ ചുമതലയും കൊച്ചി തുറമുഖത്തിനായി. ബി.ഒ.ടി. കരാറിന്റെ കാലാവധി 30 വര്‍ഷമാണ്‌. കഴിഞ്ഞ 3 വര്‍ഷക്കാലം കൊണ്ട്‌ ഡ്രഡ്‌ജിംഗിന്‌ മാത്രമായി 510 കോടി രൂപ കൊച്ചിന്‍ പോര്‍ട്ട്‌ ട്രസ്റ്റ്‌ ചെലവാക്കി. ഈ തുക ഗ്രാന്റായി കേന്ദ്ര സര്‍ക്കാര്‍ നല്‍കേണ്ടിയിരിക്കുന്നു. കേന്ദ്ര നയങ്ങള്‍ കൊച്ചി തുറമുഖത്തെ അഗാധമായ സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്‌.

ഇന്ത്യന്‍ കാര്‍ഷികമേഖലയുടെ നട്ടെല്ലായ എഫ്‌.എ.സി.റ്റി. രണ്ടു വര്‍ഷത്തിലധികമായി കാപ്രോലാക്‌ടം ഉല്‍പ്പാദനം നിര്‍ത്തിവച്ചിരിക്കുകയാണ്‌. പ്രവര്‍ത്തനമൂലധനത്തിനായി സമര്‍പ്പിച്ചിട്ടുള്ള 991 കോടി രൂപയുടെ സാമ്പത്തിക പാക്കേജ്‌ ഇതേവരെ അനുവദിച്ചിട്ടില്ല. ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്നും തൊഴിലാളികളുടെ യോജിച്ച പോരാട്ടത്തിന്റെയും ഫലമായി എല്‍.എന്‍.ജി. കുറഞ്ഞ വിലയ്‌ക്ക്‌ ലഭ്യമായിട്ടുണ്ട്‌. സംസ്ഥാന സര്‍ക്കാര്‍ വാറ്റ്‌ (നികുതി) ഒഴിവാക്കിയിട്ടുമുണ്ട്‌. ഫാക്‌ടിന്റെ വളര്‍ച്ചയ്‌ക്ക്‌ അനിവാര്യമായ യൂറിയ - അമോണിയ പ്ലാന്റിനും, വൈവിദ്ധ്യ പദ്ധതികള്‍ക്കും ഉടന്‍ അംഗീകാരം നല്‍കണം. ഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക്‌ കെമിക്കല്‍സ്‌ വീണ്ടും വലിയ പ്രതിസന്ധിയിലേക്ക്‌ നീങ്ങുകയാണ്‌. ലാഭകരമായി പ്രവര്‍ത്തിക്കുന്ന കൊച്ചി പ്ലാന്റിലെ ഫണ്ട്‌ നഷ്‌ടത്തില്‍ പ്രവര്‍ത്തിക്കുന്ന മഹാരാഷ്‌ട്രയിലെ രാസയനിയിലേക്ക്‌ തിരിച്ച്‌ വിടാനുള്ള നീക്കം അണിയറയില്‍ നടക്കുകയാണ്‌. നീണ്ടകാലത്തെ സമരത്തിനൊടുവില്‍ കളമശ്ശേരി എച്ച്‌.എം.ടി. ഫാക്‌ടറിയിലെ തൊഴിലാളികളുടെ 1997ലെ ശമ്പള പരിഷ്‌ക്കരണം നടപ്പിലായെങ്കിലും ഈ മെഷ്യന്‍ ടൂള്‍ വ്യവസായത്തെ ശക്തിപ്പെടുത്തുവാന്‍ ഒരു നടപടിയും ഉണ്ടാകുന്നില്ല. പാലക്കാട്ടേ ഇന്‍സ്‌ട്രുമെന്റേഷന്‍ ലിമിറ്റഡും, ടെലഫോണ്‍ ഇന്‍ഡസ്‌ട്രീസും വര്‍ഷങ്ങളായി കേന്ദ്ര അവഗണനയെ അഭിമുഖീകരിക്കുകയാണ്‌. കീടനാശിനി ഉല്‍പാദിപ്പിക്കുന്ന എച്ച്‌.ഐ.എല്‍. ഫാക്‌ടറിയും നിലനില്‍ക്കണമെങ്കില്‍ വൈവിദ്ധ്യവല്‍ക്കരണം ഏറ്റെടുക്കണം. കേന്ദ്ര ആറ്റമിക്‌ റിസര്‍ച്ച്‌ വകുപ്പിന്‌ കീഴിലെ ഇന്ത്യന്‍ റെയര്‍ എര്‍ത്ത്‌സ്‌ ധാതുമണല്‍ ഖനന രംഗത്ത്‌ പ്രാദേശികമായി പ്രതിബന്ധങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഉല്‍പാദനം വെട്ടിക്കുറച്ചിരിക്കുകയാണ്‌.

കോണ്‍ഗ്രസ്‌ സര്‍ക്കാരുകളെപ്പോലെ തന്നെ ഇപ്പോള്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നിട്ടുള്ള ബി.ജെ.പി. സര്‍ക്കാരും സംസ്ഥാനത്തെ തൊഴിലാലികള്‍ക്ക്‌ പൊതുവേയും, പൊതുമേഖലാ തൊഴിലാളികള്‍ക്ക്‌ വിശേഷിച്ചും അശുഭകരമായ തീരുമാനങ്ങളാണ്‌ കൈക്കൊള്ളുന്നത്‌. പൊതുമേഖല ഓഹരി വിറ്റഴിക്കല്‍ യഥേഷ്‌ടം തുടരുന്നു. പൊതുമേഖലയെ സംരക്ഷിക്കുവാനുള്ള പോരാട്ടം കൂടുതല്‍ ശക്തിപ്പെടുത്തണം. തൊഴിലാളി വര്‍ഗ്ഗത്തിന്റേയും മറ്റ്‌ സാധാരണ ജനവിഭാഗങ്ങളുടേയും ഐക്യത്തിലൂന്നിയ, പൊതുമേഖല സംരക്ഷണത്തിനായുള്ള പ്രക്ഷോഭം ഉയര്‍ത്തികൊണ്ടു വരണം. സംസ്ഥാനത്തെ കേന്ദ്ര-സംസ്ഥാന പൊതുമേഖലാ വ്യവസായങ്ങളുടെ സംരക്ഷണത്തിനായി കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിരമായി ഇടപെടണമെന്ന്‌ സി.പി.ഐ.(എം) കേരള സംസ്ഥാന സമ്മേളനം ആവശ്യപ്പെടുന്നു.


സ: പി. കൃഷ്‌ണപിള്ള നഗര്‍, ആലപ്പുഴ
22.02.2015
* * *