സ: പി. ഗോവിന്ദപ്പിള്ളയുടെ നിര്യാണത്തില്‍ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിക്കുന്ന അനുശോചന സന്ദേശം
തിരുവനന്തപുരം
23.11.2012
രണ്ടു നൂറ്റാണ്ടിലെ കേരളത്തെ പരിവര്‍ത്തനപ്പെടുത്തുന്നതില്‍ മൗലിക സംഭാവന നല്‍കിയ മാര്‍ക്‌സിസ്റ്റ് ചിന്തകനും കമ്മ്യൂണിസ്റ്റ് പോരാളിയുമായിരുന്നു സഖാവ് പി. ഗോവിന്ദപ്പിള്ളയെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
20-ാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ തന്നെ വിദ്യാര്‍ത്ഥിയായിരിക്കെ സ്വാതന്ത്ര്യസമരത്തിലും രാഷ്‌ട്രീയത്തിലും സജീവമായ പി.ജിയുടെ ആറു പതിറ്റാണ്ടിലധികം നീണ്ട പൊതു പ്രവര്‍ത്തനവും വൈജ്ഞാനിക ജീവിതവും എല്ലാ തലമുറകള്‍ക്കും എന്നും വഴികാട്ടിയാണ്. തന്റെ കോളേജ് വിദ്യാഭ്യാസകാലത്ത് ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്ത് ജയിലിലെത്തിയ പി.ജി പിന്നീട് സമരപ്രവര്‍ത്തനങ്ങള്‍ക്കും വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കും മദ്ധ്യേയാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായുള്ള ബന്ധം ആദ്യം സ്ഥാപിക്കുന്നത്. പിന്നീട്, ഉപരിപഠനാര്‍ത്ഥം ബോംബെയിലെത്തിയശേഷമാണ് ആ ബന്ധം സുദൃഢമാകുന്നത്. അതിന് റെയില്‍വേ തൊഴിലാളി പണിമുടക്കിന് പിന്തുണ നല്‍കി ബോംബെയില്‍ നടന്ന പ്രകടനത്തില്‍ പങ്കെടുത്തതിനെത്തുടര്‍ന്ന് പി.ജിയെ പോലീസ് അറസ്റ്റ് ചെയ്‌ത് യെര്‍വാദ ജയിലിലടച്ചു. ജയിലിലുണ്ടായിരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ ദേശീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുമായുള്ള ബന്ധത്തെത്തുടര്‍ന്ന് പിന്നീട് പാര്‍ടിയുടെ കേന്ദ്ര സെന്ററിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങളിലും ഒരു ഘട്ടത്തില്‍ ഭാഗഭാക്കായി.
അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെയും തുടര്‍ന്ന് സി.പി.ഐ (എം) ന്റെയും അചഞ്ചലനായ സൈദ്ധാന്തിക പോരാളിയും പ്രചാരകനുമായിരുന്നു പി.ജി. പാര്‍ടിയുടെ സംസ്ഥാന കമ്മിറ്റി അംഗമെന്ന നിലയിലും ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്നു. ആദ്യ കേരള നിയമസഭയില്‍ 26-ാം വയസ്സില്‍ അംഗമായിരുന്ന പി.ജി പാര്‍ലമെന്റേറിയന്‍ എന്ന നിലയിലും ശോഭിച്ചു. മാര്‍ക്‌സിസ്റ്റ് ചിന്തകന്‍, നിരൂപകന്‍, പത്രാധിപര്‍, പ്രഭാഷകന്‍, പരിഭാഷകന്‍, ചരിത്രകാരന്‍, ഗ്രന്ഥകാരന്‍ എന്നിങ്ങനെ വിശേഷണങ്ങളിലൊതുങ്ങാത്ത ബഹുമുഖ വ്യക്തിത്വമായിരുന്നു. കേരളത്തിന്റെ രാഷ്‌ട്രീയ-സാമൂഹ്യ-സാംസ്‌കാരിക ജീവിതത്തിന്റെ മാറ്റത്തിന് മഹത്തായ സംഭാവനകളാണ് അദ്ദേഹം നല്‍കിയത്. മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തിക അടിത്തറയുടെ കാവല്‍ക്കാരനും വ്യാഖ്യാതാവുമായിരുന്നു. തന്റെ പ്രവര്‍ത്തനങ്ങളിലോ ചിന്തകളിലോ എവിടെയെങ്കിലും ഒരു പാളിച്ച സംഭവിച്ചാല്‍ അത് പിന്നീട് തിരിച്ചറിയാനും മാര്‍ക്‌സിസ്റ്റ് ചിന്തയും മൂല്യങ്ങളും മുറുകെപ്പിടിക്കാനും അദ്ദേഹം തയ്യാറായി. മാര്‍ക്‌സിസത്തിന്റെ വളര്‍ച്ച മാറുന്ന തലമുറകളുടെ ചിന്താപരമായ വളര്‍ച്ചയ്‌ക്കൊപ്പം ലളിതസുഭഗമായി അവതരിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്‌ത നല്ല മാര്‍ക്‌സിസ്റ്റ് അധ്യാപകനായിരുന്നു അദ്ദേഹം. കേരളത്തിലെ വൈജ്ഞാനിക സാഹിത്യശാഖയ്‌ക്ക് അനുപമമായ സംഭാവനയാണ് പി.ജി നല്‍കിയിട്ടുള്ളത്. ദേശാഭിമാനിയുടെ പത്രാധിപരായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പത്രപ്രവര്‍ത്തനത്തിലെ ഗുരുക്കന്മാരില്‍ പ്രമുഖനായിരുന്നു. കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് ആധുനികതയുടെ മുഖം നല്‍കുന്നതിന് പരിശ്രമിച്ച നല്ല ഗ്രന്ഥശാലാ പ്രവര്‍ത്തകനുമായിരുന്നു. ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെയും സി-ഡിറ്റിന്റെയും ചുമതല നിര്‍വ്വഹിച്ചുകൊണ്ട് ചലച്ചിത്ര മേഖലയ്‌ക്കും ഐ.ടി രംഗത്തിനും വിലപ്പെട്ട മാറ്റത്തിന്റെ സംഭാവനകള്‍ അദ്ദേഹം നല്‍കി. തന്റെ ആഴത്തിലും പരപ്പിലുമുള്ള വായനയുടെ സര്‍ഗവൈഭവം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്‌ക്കും വ്യാപനത്തിനും വേണ്ടി സമര്‍പ്പിച്ചിരുന്ന പി.ജി വിവിധ സമരമുഖങ്ങളിലും സജീവ സാന്നിധ്യമായിരുന്നു. സഖാവിന്റെ വേര്‍പാട് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് പൊതുവിലും കേരളത്തിലെ പ്രസ്ഥാനത്തിന് വിശേഷിച്ചും അപരിഹാര്യമായ നഷ്‌ടമാണെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ് അനുശോചന സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി.
പി.ജിയുടെ വേര്‍പാടില്‍ അഗാധമായ ദുഃഖവും അനുശോചനവും സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ് അറിയിച്ചു.