പെട്രോളിനും ഡീസലിനും വില വര്‍ദ്ധിപ്പിച്ച നടപടി ജനങ്ങളോടുള്ള വെല്ലുവിളി:സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പുറപ്പെടുവിക്കുന്ന പ്രസ്‌താവന-01.03.2015

 പെട്രോളിനും ഡീസലിനും വില വര്‍ദ്ധിപ്പിച്ച നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണ്. 

 
പൊതു ബഡ്‌ജറ്റ്‌ അവതരിപ്പിച്ച്‌ മണിക്കൂറുകള്‍ കഴിഞ്ഞപ്പോഴാണ്‌ എണ്ണക്കമ്പനികള്‍ പെട്രോളിന്റെയും ഡീസലിന്റെയും വില കുത്തനെ ഉയര്‍ത്തുന്ന നടപടി സ്വീകരിച്ചിരിക്കുന്നത്‌. മോഡി സര്‍ക്കാരിന്റെ മൗനാനുവാദത്തോടെ നടത്തുന്ന ഈ പകല്‍കൊള്ള അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്‌. പെട്രോളിന്‌ ലിറ്ററിന്‌ 3.18 രൂപയും ഡീസലിന്‌ 3.09 രൂപയുമാണ്‌ വില വര്‍ദ്ധിപ്പിച്ചിട്ടുള്ളത്‌. ഫെബ്രുവരി മാസത്തില്‍ തന്നെ രണ്ടാംതവണയാണ്‌ വില വര്‍ദ്ധന വരുത്തിയിരിക്കുന്നത്‌.
 
അന്താരാഷ്‌ട്ര മാര്‍ക്കറ്റില്‍ ക്രൂഡോയിലിന്റെ വില 60 ശതമാനം കുറഞ്ഞ ഘട്ടത്തില്‍ പോലും അതിനനുസൃതമായി വില കുറയ്‌ക്കുന്നതിന്‌ എണ്ണക്കമ്പനികള്‍ സന്നദ്ധമായിരുന്നില്ല. അതിനായുള്ള ഇടപെടല്‍ മോഡി സര്‍ക്കാര്‍ നടത്തിയിരുന്നുമില്ല. എന്നാല്‍ അന്താരാഷ്‌ട്ര മാര്‍ക്കറ്റില്‍ ഇപ്പോഴുണ്ടായ നേരിയ വില വര്‍ദ്ധനവിന്റെ പേര്‌ പറഞ്ഞാണ്‌ പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ദ്ധിപ്പിച്ചിരിക്കുന്നത്‌. നവംബര്‍ മാസത്തിനുശേഷം നാലുതവണയാണ്‌ എക്‌സൈസ്‌ തീരുവ ഈ മേഖലയില്‍ മോഡി സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചത്‌. ഇത്തരത്തില്‍ മോഡി സര്‍ക്കാരും അവരുടെ ഒത്താശയോടെ എണ്ണക്കമ്പനികളും ജനങ്ങളെ കൊള്ളയടിക്കുന്ന സ്ഥിതിവിശേഷമാണ്‌ സൃഷ്‌ടിക്കപ്പെട്ടിട്ടുള്ളത്‌. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരണം.
 
തിരുവനന്തപുരം
01.03.2015
 
* * *