സിപിഐ(എം) കേരള സംസ്ഥാനകമ്മിറ്റിയുടെ പത്രക്കുറിപ്പ്‌-02.03.2015

പെട്രോള്‍-ഡീസല്‍ വില വര്‍ദ്ധിപ്പിച്ച നടപടിയില്‍ സി.പി.ഐ (എം) സംസ്ഥാന കമ്മിറ്റി പ്രതിഷേധിക്കുന്നു. ജനങ്ങളുടെമേല്‍ ഭാരം അടിച്ചേല്‍പ്പിച്ച ബജറ്റ്‌ പാര്‍ലമെന്റില്‍ അവതരിപ്പിച്ച്‌ മണിക്കൂറുകള്‍ക്കകമാണ്‌ പെട്രോള്‍ ലിറ്ററിന്‌ 3.18 രൂപയും ഡീസല്‍ ലിറ്ററിന്‌ 3.09 രൂപയും എണ്ണക്കമ്പനികള്‍ വര്‍ദ്ധിപ്പിച്ചത്‌. അന്താരാഷ്‌ട്ര കമ്പോളത്തില്‍ അസംസ്‌കൃത എണ്ണയുടെ വില കുറഞ്ഞ്‌ 60 ഡോളറില്‍ എത്തിനില്‍ക്കുമ്പോഴാണ്‌ ഒട്ടും ന്യായീകരണമില്ലാത്ത ഈ നടപടി ഉണ്ടായിരിക്കുന്നത്‌.

പെട്രോളിന്റെ വിലനിയന്ത്രണം മുന്‍ യു.പി.എ സര്‍ക്കാര്‍ നേരത്തെ നീക്കം ചെയ്‌തിരുന്നു. മോഡി സര്‍ക്കാരാവട്ടെ ഡീസല്‍ വിലനിയന്ത്രണവും നീക്കം ചെയ്‌തു. ജനങ്ങളെ കൊള്ളയടിക്കാന്‍ കോര്‍പ്പറേറ്റ്‌ എണ്ണക്കമ്പനികള്‍ക്ക്‌ ഇതിലൂടെ ഇവര്‍ നല്ല അവസരമൊരുക്കി. ക്രൂഡോയിലിന്‌ വില കുറഞ്ഞപ്പോള്‍ നികുതി വര്‍ദ്ധിപ്പിച്ച്‌ വരുമാനം കൂട്ടാനാണ്‌ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തുനിഞ്ഞിട്ടുള്ളത്‌. അതുകൊണ്ടുതന്നെ, ക്രൂഡോയില്‍ വിലയിടിവിന്റെ നേട്ടം ജനങ്ങള്‍ക്ക്‌ ലഭിച്ചതുമില്ല.

ഇപ്പോള്‍ നിലവില്‍ വന്നിരിക്കുന്ന പെട്രോള്‍-ഡീസല്‍ വില വര്‍ദ്ധനവ്‌ സാധാരണ ജനങ്ങളുടെ ജീവിതം ദുഷ്‌കരമാക്കും. കേരളം പോലുള്ള ഉപഭോക്തൃ സംസ്ഥാനങ്ങളില്‍ അവശ്യവസ്‌തുക്കള്‍ക്ക്‌ വന്‍തോതില്‍ വിലവര്‍ദ്ധിക്കുന്നതിനും ഈ നടപടി വഴിയൊരുക്കും.

ജനജീവിതം കൂടുതല്‍ ദുഷ്‌കരമാക്കുന്ന പെട്രോള്‍-ഡീസല്‍ വിലവര്‍ദ്ധനവിനെതിരെ പ്രക്ഷോഭമുയര്‍ത്താന്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന്‌ സ: പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സിപി.ഐ (എം) സംസ്ഥാന കമ്മിറ്റി അഭ്യര്‍ത്ഥിക്കുന്നു. ഇതിന്റെ ഭാഗമായി മാര്‍ച്ച്‌ 3-ന്‌ രാത്രി 7.30-ന്‌ പാര്‍ടി ബ്രാഞ്ചുതലത്തില്‍ പന്തംകൊളുത്തി പ്രകടനവും മാര്‍ച്ച്‌ 4-ന്‌ ഏരിയാതലത്തില്‍ ഒരു പെട്രോള്‍ പമ്പിനു മുമ്പില്‍ ജനകീയ പ്രതിഷേധ കൂട്ടായ്‌മയും സംഘടിപ്പിക്കും.

തിരുവനന്തപുരം
02.03.2015

***