നിര്‍മ്മാണ മേഖലയിലെ സ്‌തംഭനം ഒഴിവാക്കണം:സിപിഐ(എം) കേരള സംസ്ഥാനകമ്മിറ്റിയുടെ പത്രക്കുറിപ്പ്‌-03.03.2015

നിര്‍മ്മാണ മേഖലയിലെ സ്‌തംഭനം ഒഴിവാക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി കൈക്കൊള്ളണമെന്ന്‌ സി.പി.ഐ (എം) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെടുന്നു. ഒരു മാസത്തിലേറെയായി നിര്‍മ്മാണസാമഗ്രികള്‍ ലഭിക്കാത്തതുമൂലം നിര്‍മ്മാണമേഖലയാകെ സ്‌തംഭനത്തിലായിട്ടും സര്‍ക്കാര്‍ നിഷ്‌ക്രിയത്വം പാലിക്കുന്നത്‌ പ്രതിഷേധാര്‍ഹമാണ്‌. കൊച്ചി മെട്രോ ഉള്‍പ്പെടെ എല്ലാ പദ്ധതി പ്രവര്‍ത്തനങ്ങളും ഏറെക്കുറെ നിശ്ചലമായി. ലക്ഷക്കണക്കിന്‌ തൊഴിലാളികള്‍ക്ക്‌ ജോലി നഷ്‌ടപ്പെട്ടു.

ചെങ്കല്‍-കരിങ്കല്‍ ഖനനത്തിന്‌ ലൈസന്‍സ്‌ ഫീസ്‌ സര്‍ക്കാര്‍ കുത്തനെ വര്‍ദ്ധിപ്പിച്ചതും, കരിങ്കല്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതിന്‌ കോടതിവിധി തടസ്സമായതുമാണ്‌ സ്‌തംഭനത്തിന്‌ പ്രധാന കാരണം. സംസ്ഥാന സര്‍ക്കാര്‍ തക്കസമയത്ത്‌ ഇടപെടാതിരുന്നതുമൂലമാണ്‌ ഇതെല്ലാം സംഭവിച്ചത്‌. സംസ്ഥാനത്തെ മുഴുവന്‍ ക്വാറി ഉടമകളും കൂടി ചേര്‍ന്ന്‌ സമരം ആരംഭിച്ചത്‌ ഈ സാഹചര്യത്തിലാണ്‌. ക്വാറി ഉടമകളുടെ സമരത്തിന്‌ പിന്തുണയായി ടിപ്പര്‍ ലോറികളും പണിമുടക്കിയതോടെ സ്‌തംഭനം പൂര്‍ണ്ണമായി. സാമ്പത്തിക വര്‍ഷാവസാനം നടക്കേണ്ട വികസന പ്രവര്‍ത്തനങ്ങളെല്ലാം അവതാളത്തിലായി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വികസന പ്രവര്‍ത്തനങ്ങളും മുടങ്ങി. കരാറുകാര്‍ക്ക്‌ സര്‍ക്കാര്‍ പണം നല്‍കാത്തതുമൂലം പലരും പ്രവൃത്തികള്‍ ഏറ്റെടുക്കുന്നില്ല.

സിമന്റ്‌, കമ്പി തുടങ്ങിയ നിര്‍മ്മാണ സാമഗ്രികളുടെ വിലക്കയറ്റം രൂക്ഷമാണ്‌. കേന്ദ്രസര്‍ക്കാരിന്റെ പുതിയ ബജറ്റില്‍ സിമന്റിന്‌ എക്‌സൈസ്‌ നികുതി വര്‍ദ്ധിപ്പിച്ചതിനാല്‍ ഇനിയും വില കൂടും. കഴിഞ്ഞവര്‍ഷം ഒരു ചാക്ക്‌ സിമന്റിന്‌ 320-360 രൂപയായിരുന്നത്‌ ഈ വര്‍ഷം 390-430 രൂപയായി ഉയര്‍ന്നു. പുതിയ ബജറ്റിലെ നികുതി കൂടി കൂടുമ്പോള്‍ ഏപ്രില്‍ 1 മുതല്‍ വില വീണ്ടും ഉയരും.

തൊഴിലില്ലായ്‌മ രൂക്ഷമായ സംസ്ഥാനത്ത്‌ തൊല്ലൊരാശ്വാസം നിര്‍മ്മാണ ജോലികളായിരുന്നു. ലക്ഷക്കണക്കിന്‌ അന്യസംസ്ഥാന തൊഴിലാളികളും ഈ മേഖലയെ ആശ്രയിക്കുന്നവരാണ്‌. അതെല്ലാം താറുമാറായിട്ടും സര്‍ക്കാര്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നത്‌ ആശ്ചര്യകരമാണ്‌. മുഖ്യമന്ത്രിയുടെ ഇടപെടല്‍ കാരണം വന്‍കിട ക്വാറി ഉടമസ്ഥര്‍ മാത്രമാണ്‌ സമരത്തില്‍നിന്ന്‌ പിന്മാറിയത്‌. ചെറുകിട ക്വാറികളെല്ലാം സ്‌തംഭനത്തില്‍ തന്നെയാണ്‌. സര്‍ക്കാരിന്റെ നിസ്സംഗനിലപാടിനെതിരെ ശബ്‌ദമുയര്‍ത്താന്‍ ജനങ്ങള്‍ രംഗത്തിറങ്ങണം.

നിര്‍മ്മാണമേഖലയിലെ സ്‌തംഭനത്തിന്‌ പരിഹാരം കാണണമെന്നാവശ്യപ്പെട്ടുകൊണ്ട്‌ തൊഴിലാളി സംഘടനകള്‍ മാര്‍ച്ച്‌ 10 മുതല്‍ ആരംഭിക്കുന്ന പ്രക്ഷോഭം വിജയിപ്പിക്കാന്‍ സംസ്ഥാന കമ്മിറ്റി അഭ്യര്‍ത്ഥിക്കുന്നു.

തിരുവനന്തപുരം
03.03.2015

***