പ്രൊഫ. നൈനാന്‍കോശിയുടെ നിര്യാണത്തില്‍ അനുശോചിച്ച് സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പുറപ്പെടുവിക്കുന്ന സന്ദേശം

പ്രൊഫ. നൈനാന്‍കോശിയുടെ മരണം ഇടതുപക്ഷ ധൈഷണികതയ്‌ക്ക്‌ കനത്ത നഷ്‌ടമാണ്‌. കേരളത്തിന്റെ സാമൂഹ്യ-രാഷ്‌ട്രീയ മണ്ഡലത്തില്‍ പതിറ്റാണ്ടുകളായി സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ സംരക്ഷണസമിതിയുടെ ചെയര്‍മാനായി അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. അധ്യാപകവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്ന കാലത്ത്‌ എ.കെ.പി.സി.ടി.എയുടെ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു. 1999-ല്‍ മാവേലിക്കര ലോക്‌സഭാ മണ്ഡലത്തില്‍ എല്‍.ഡി.എഫ്‌ സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ അദ്ദേഹം മത്സരിച്ചു. സി.പി.ഐ (എം) ഉം ആയി എന്നും നല്ല ബന്ധം അദ്ദേഹം പുലര്‍ത്തിയിരുന്നു.

എഴുത്തുകാരന്‍, സാമൂഹ്യപ്രവര്‍ത്തകന്‍ എന്നീ നിലകളിലും നൈനാന്‍കോശി ഏറെ പ്രശസ്‌തനാണ്‌. നിരവധി പുസ്‌തകങ്ങളും ലേഖനങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്‌. മതത്തെ ദേശീയതയുടെയും സാര്‍വദേശീയതയുടെയും ജനകീയതയുടെയും മാനങ്ങളിലേക്ക്‌ നയിക്കുന്നതിലും അദ്ദേഹം ഇപെട്ടിരുന്നു. സാര്‍വദേശീയ കാര്യങ്ങളില്‍ അഗാധമായ അറിവ്‌ അദ്ദേഹം പ്രദര്‍ശിപ്പിച്ചിരുന്നു. ദേശാഭിമാനി പത്രത്തില്‍ സാര്‍വദേശീയ പ്രശ്‌നങ്ങളെ സംബന്ധിച്ച്‌ പി. ഗോവിന്ദപിള്ളയ്‌ക്കുശേഷം തുടര്‍ച്ചയായി എഴുതിയിരുന്നത്‌ പ്രൊഫ. നൈനാന്‍കോശിയായിരുന്നു. അണുവായുധത്തിനെതിരായുള്ള പൊതുവേദിയിലും ശ്രദ്ധേയമായ പ്രവര്‍ത്തനം അദ്ദേഹം നടത്തുകയുണ്ടായി. ദക്ഷിണാഫ്രിക്കയിലെയും പാലസ്‌തീനിലെയും വിമോചന പ്രസ്ഥാനങ്ങള്‍ക്കുവേണ്ടി ഐക്യരാഷ്‌ട്രസഭയില്‍ ഇടപെടുന്നതിനും അദ്ദേഹത്തിന്‌ കഴിഞ്ഞിരുന്നു. ദക്ഷിണാഫ്രിക്കന്‍ തെരഞ്ഞെടുപ്പുകാലത്ത്‌ യു.എന്‍ നിരീക്ഷണ സംഘത്തിലെ അംഗവുമായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. പ്രൊഫ. നൈനാന്‍കോശിയുടെ വേര്‍പാടില്‍ അഗാധമായ ദുഃഖവും അനുശോചനവും കുടുംബാംഗങ്ങളെ അറിയിക്കുന്നു.

തിരുവനന്തപുരം
04.03.2015

***