കേരളം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളുടെ വിലയിരുത്തല്‍ പോലും ഇല്ലാ ത്തതും അവാസ്‌തവ പ്രഖ്യാപനങ്ങള്‍ കൊണ്ട് നിറഞ്ഞതുമാണ് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം.
കേരളത്തിലെ ജനങ്ങള്‍ നേരിടുന്ന നിരവധി ദുരിതങ്ങളെ കാണാനോ അവയ്‌ക്ക് പരിഹാരം നിര്‍ദ്ദേശിക്കുന്നതിനോ ഉതകുന്ന യാതൊന്നും തന്നെ ഈ നയപ്രഖ്യാപനത്തില്‍ ഇല്ല. എല്‍.ഡി.എഫ് ഗവണ്‍മെന്റ് നടപ്പിലാക്കിയ പല പദ്ധതികളേയും തങ്ങളുടേതാക്കി അവതരിപ്പിക്കുന്ന സ്ഥിതിയും ഈ പ്രസംഗത്തില്‍ കാണാവുന്നതാണ്. അവാസ്‌തവമായ നിരവധി പ്രസ്‌താവനകളുടെ കൂട്ടായ്‌മ കൂടിയാണ് ഈ നയപ്രഖ്യാപനം.
നയപ്രഖ്യാപന പ്രസംഗത്തിന്റെ തുടക്കത്തില്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ച ദേശീയ ഗെയിംസിന്റെ സംഘാടനത്തെയാണ് മികച്ച ഒന്നായി ചിത്രീകരിച്ചിരിക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ പദ്ധതി ചെലവ് 50 ശതമാനം പോലും നടത്താന്‍ കഴിയാതിരിക്കെ വികസന പ്രവര്‍ത്തനങ്ങള്‍ മൂലം സംസ്ഥാനം ദൈവത്തിന്റെ സ്വന്തം നാടായി എന്ന് പറയുന്ന നയപ്രഖ്യാപന പ്രസംഗത്തെ കേരളീയര്‍ ഒരു ഫലിതമായി മാത്രമേ കാണുകയുള്ളൂ. ഭൂരഹിതര്‍ക്ക് ഭൂമി നല്‍കുമെന്ന് പറഞ്ഞ് അപേക്ഷ വാങ്ങിച്ചതല്ലാതെ ബഹുഭൂരിപക്ഷം പേര്‍ക്കും അത് ലഭിക്കുന്നതിനുള്ള യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നതാണ് വസ്‌തുത. എന്നിട്ടും ആ പദ്ധതിയുടെ മേന്മയെ കുറിച്ചാണ് ഇതില്‍ പറഞ്ഞിരിക്കുന്നത്.
ക്ഷേമപദ്ധതികള്‍ വിതരണം ചെയ്യാത്തതിന്റെ പേരില്‍ പല പ്രക്ഷോഭങ്ങളും കേരളത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്. കടലോരമേഖലയില്‍ മത്സ്യ തൊഴിലാളികള്‍ യോജിച്ചു നിന്നുകൊണ്ട് വലിയ പോരാട്ടം ജീവിക്കാന്‍വേണ്ടി നടത്തുകയാണ്. എന്നാല്‍ അതൊന്നും കാണാതെ ആ രംഗത്തെ ഇടപെടലിനെക്കുറിച്ച് വാചക കസര്‍ത്ത് നടത്തുകയാണ് ഇതില്‍. കേരളത്തില്‍ സൈ്വര ജീവിതം അസാധ്യമായി തീര്‍ന്നിരിക്കുന്നുവെന്ന് ഏവര്‍ക്കും അറിയാവുന്നതാണ്. പാവപ്പെട്ട സെക്യൂരിറ്റി ജീവനക്കാരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഉണ്ടായ സംഭവങ്ങളെ കുറിച്ച് ചീഫ് വിപ്പിന് തന്നെ പരസ്യമായി പറയേണ്ടിവന്ന കേരളത്തില്‍ ക്രമസമാധാനത്തെ കുറിച്ച് വീമ്പ് പറയുന്നതിലും നയപ്രഖ്യാപനത്തെ ഉപയോഗപ്പെടുത്തിയിരിക്കുന്നു. പ്രവാസി മലയാളികളുടെ നീറുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഒരു നിര്‍ദ്ദേശവും ഇതില്‍ കാണാനില്ല. വിലക്കയറ്റം രൂക്ഷമായ കേരളത്തില്‍ അവ പരിഹരിക്കുന്നതിനുള്ള നടപടിയും മുന്നോട്ട് വെച്ചിട്ടില്ല. റബ്ബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങളെ കുറിച്ചും പരാമര്‍ശമില്ല. പരമ്പരാഗത വ്യവസായങ്ങളുടെ പ്രശ്‌നങ്ങള്‍ കാണുന്നതിനുള്ള ശ്രമങ്ങളും ഉണ്ടായിട്ടില്ല.
വിഷന്‍ 2030 എന്ന പ്ലാനിംഗ് കമ്മീഷന്റെ രേഖ തയ്യാറാക്കിയത് തന്നെ കേരളത്തില്‍ നിന്ന് ആരുമില്ലാതെയാണ്. ആ രേഖ കേരളം നേടിയ നേട്ടങ്ങളെല്ലാം തകര്‍ക്കുന്നതാണെന്ന് പൊതുവില്‍ വിലയിരുത്തപ്പെട്ടിട്ടുള്ളതാണ്. അതിന്റെ ചുവട് പിടിച്ച് പദ്ധതികള്‍ ആരംഭിക്കുമെന്നുള്ള പ്രഖ്യാപനം യഥാര്‍ത്ഥത്തില്‍ കേരളം നേടിയ നേട്ടങ്ങളെ തകര്‍ക്കുന്നതിനുള്ളതാണ്. റിയല്‍ എസ്റ്റേറ്റുകാരുടെ താല്‍പര്യങ്ങള്‍ക്കായാണ് അക്കാദമിക് സിറ്റി സ്ഥാപിക്കുന്നത് എന്ന വിമര്‍ശനവും ഉയര്‍ന്ന് വന്നതാണ്. അതും പുതിയ നയപ്രഖ്യാപനത്തിലൂടെ അവതരിപ്പിച്ചിട്ടുണ്ട്. കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്ന ആഗോളവല്‍ക്കരണനയങ്ങളുടെ അജണ്ട കേരളത്തിലും കൂടുതല്‍ തീവ്രമായി നടപ്പിലാക്കാന്‍ പോകുന്നു എന്നതാണ് ഈ നയപ്രഖ്യാപന പ്രസംഗത്തിലൂടെ വ്യക്തമാകുന്നത്.
കേരളത്തിന്റെ പ്രശ്‌നങ്ങളെ കാണാതെയും പുതിയ പദ്ധതികള്‍ അവതരിപ്പിക്കാന്‍ പോലും കഴിയാതെ പോയ നയപ്രഖ്യാപന രേഖ ഒരു പ്രഹസനമായി മാറിയിരിക്കുകയാണ്.
തിരുവനന്തപുരം
06.03.2015
***