കേരള രാഷ്‌ട്രീയത്തിലെ ചിരസ്‌മരണീയ രാഷ്‌ട്രീയ വ്യക്തിത്വമായിരുന്നു സ്‌പീക്കര്‍ ജി. കാര്‍ത്തികേയന്‍. ജനാധിപത്യഭരണത്തില്‍ നിയമസഭ എന്നത് പ്രതിപക്ഷവും കൂടി ചേര്‍ന്നതാണെന്ന വസ്‌തുത അംഗീകരിച്ച് നിയമസഭയെ നയിച്ച സ്‌പീക്കറായിരുന്നു കാര്‍ത്തികേയന്‍. ഇതിന്റെ ഭാഗമായി സ്‌പീക്കര്‍ക്ക് സുരക്ഷാ ഭടന്മാരുടെ പ്രത്യേക സംരക്ഷണം എന്ന രീതിക്ക് തന്നെ അദ്ദേഹം മാറ്റം വരുത്തി. നല്ല വായനയും ചിന്തയും കാരണമാകണം കോണ്‍ഗ്രസിനുള്ളില്‍ പലപ്പോഴും മാറ്റത്തിനുവേണ്ടിയുള്ള ശബ്‌ദമായി കാര്‍ത്തികേയന്‍ മാറിയത്. കെ.എസ്.യുവിലൂടെ രാഷ്‌ട്രീയത്തില്‍ സജീവമായ അദ്ദേഹം പിന്നീട് ഭരണാധികാരിയായി മാറി. മന്ത്രി, നിയമസഭാ സ്‌പീക്കര്‍ എന്നീ നിലകളിലെല്ലാം നാടിന്റെ അംഗീകാരം ആര്‍ജ്ജിക്കുന്ന പ്രവര്‍ത്തനമാണ് പൊതുവില്‍ കാഴ്‌ചവെച്ചത്. സൗമ്യമായ പെരുമാറ്റവും അന്തസുള്ള വര്‍ത്തമാനവുമായിരുന്നു അദ്ദേഹത്തിന്റേത്. നിയമസഭയില്‍ ദീര്‍ഘകാലം ഞങ്ങള്‍ക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടായി. എല്ലായ്‌പ്പോഴും ഞങ്ങള്‍ രണ്ട് പക്ഷത്തായിരുന്നു. പാര്‍ലമെന്ററി ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന സമീപനം സ്വീകരിച്ച നല്ല സ്‌പീക്കറാണ് കാര്‍ത്തികേയന്‍ എന്ന് നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് എന്ന നിലയിലെ തന്റെ അനുഭവങ്ങള്‍ പൊതുവില്‍ ബോധ്യപ്പെടുത്തുന്നു. കോണ്‍ഗ്രസിനുള്ളില്‍ സവിശേഷമായ ഒരു വ്യക്തിത്വത്തിനുടമയായ കാര്‍ത്തികേയന്‍ ധിഷണാശാലിയും ഭരണാധികാരിയും രാഷ്‌ട്രീയനേതാവുമായിരുന്നു. പെട്ടെന്നുള്ള വേര്‍പാട് നിയമസഭയ്‌ക്കും കേരളത്തിലെ പൊതുജീവിതത്തിനും വലിയ നഷ്‌ടമാണ് വരുത്തി വെച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ വേര്‍പാടില്‍ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു.
തിരുവനന്തപുരം
07.03.2015
***