ഇന്ന് കേരള നിയമസഭ ചേരുകയോ ബഡ്‌ജറ്റ് അവതരണം നടക്കുകയോ ഉണ്ടായിട്ടില്ല. ഇതില്‍നിന്നും വ്യത്യസ്‌തമായ പ്രചരണങ്ങള്‍ ജാള്യത മറച്ചുവയ്‌ക്കാനുള്ള ഭരണപക്ഷത്തിന്റെ തന്ത്രങ്ങള്‍ മാത്രമാണ്.
നിയമസഭയ്‌ക്കകത്തും പുറത്തും ഇന്നുണ്ടായ എല്ലാ അനിഷ്‌ടസംഭവങ്ങള്‍ക്കും ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനാണ്. അഞ്ഞൂറോളം പോലീസുകാരുടെ അകമ്പടിയോടെ ധനകാര്യമന്ത്രി മാണിയെ ബഡ്‌ജറ്റ് അവതരിപ്പിക്കാന്‍ കൊണ്ടുവരാനുള്ള സര്‍ക്കാരിന്റെ ശ്രമമാണ് ഇത്തരമൊരു സാഹചര്യം നിയമസഭയില്‍ സൃഷ്‌ടിച്ചത്. അതുകൊണ്ടുതന്നെ, അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം മുഖ്യമന്ത്രി ഏറ്റെടുക്കേണ്ടതാണ്.
പോലീസുകാരുടെ അകമ്പടിയോടെ മാണിയെക്കൊണ്ട് ബഡ്‌ജറ്റ് അവതരിപ്പിക്കാം എന്ന മുഖ്യമന്ത്രിയുടെ സ്വപ്‌നം തകര്‍ന്നുപോയതിന്റെ ജാള്യതയിലാണ് നിയമസഭ ചേര്‍ന്നു എന്നും ബഡ്‌ജറ്റ് അവതരിപ്പിച്ചു എന്നും ഉള്ള പ്രചാരവേലകള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ബഡ്‌ജറ്റ് അവതരിപ്പിക്കണമെങ്കില്‍ നിയമസഭയില്‍ സ്‌പീക്കര്‍ തന്റെ ഇരിപ്പിടത്തില്‍ എത്തി ഓര്‍ഡര്‍, ഓര്‍ഡര്‍ പറഞ്ഞ് സഭ നിയന്ത്രിക്കണം. അതിനുശേഷം ബഡ്‌ജറ്റ് അവതരിപ്പിക്കുന്നതിന് ധനകാര്യമന്ത്രിയെ ക്ഷണിക്കണം. ഇത്തരം നടപടിക്രമങ്ങള്‍ ഒന്നും നിയമസഭയില്‍ ഉണ്ടായിട്ടില്ല.
മാണി ബഡ്‌ജറ്റെന്ന് അവകാശപ്പെട്ട് പത്രസമ്മേളനത്തിലൂടെ അറിയിക്കുകയാണുണ്ടായത്. ബഡ്‌ജറ്റ് കോപ്പി ഉച്ചവരെ ഒരംഗങ്ങള്‍ക്കും ലഭിച്ചിട്ടില്ല. വസ്‌തുത ഇതായിരിക്കെ, മാണി ബഡ്‌ജറ്റ് അവതരിപ്പിച്ചു എന്ന വാദം ജനങ്ങള്‍ പുച്ഛിച്ചുതള്ളുകതന്നെ ചെയ്യും.
താന്‍ അംഗമായിരിക്കുന്ന മന്ത്രിസഭയുടെ കീഴിലുള്ള വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് ധനമന്ത്രി കുറ്റക്കാരനാണെന്ന് തെളിഞ്ഞിട്ടുള്ളത്. എന്നിട്ടും ഭരണഘടനയുടെ എല്ലാ കീഴ്‌വഴക്കങ്ങളേയും ലംഘിച്ചുകൊണ്ട് ബഡ്‌ജറ്റ് അവതരിപ്പിക്കാന്‍ പുറപ്പെട്ട മന്ത്രി മാണിയും പോലീസിനെ ഉപയോഗിച്ച് അത് അവതരിപ്പിക്കാന്‍ ശ്രമിച്ച ഉമ്മന്‍ചാണ്ടിയുമാണ് ഇപ്പോള്‍ ഭരണഘടനയെക്കുറിച്ച് ആണയിടുന്നത് എന്നത് വിസ്‌മയകരമാണ്.
നിയമസഭയില്‍ വാച്ച് & വാര്‍ഡിനെ ഉപയോഗിക്കുകയില്ല എന്ന നയമായിരുന്നു നിലനിന്നിരുന്നത്. അത് കാറ്റില്‍പറത്തുകയാണ് ഇന്ന് സംഭവിച്ചത്. എം.എല്‍.എമാരുടെ സംരക്ഷണത്തിനാണ് വാച്ച് & വാര്‍ഡിനെ ഉപയോഗിക്കേണ്ടത്. എന്നാല്‍, അതില്‍ നിന്ന് വ്യത്യസ്‌തമായി പ്രതിപക്ഷ എം.എല്‍.എമാരെ കൈയേറ്റം ചെയ്യുന്നതിന് ഇവരെ ഉപയോഗിച്ച നടപടി പാര്‍ലമെന്ററി ചരിത്രത്തിനു തന്നെ അപമാനം സൃഷ്‌ടിക്കുന്നതാണ്. പോലീസിന്റെ പിന്തുണയോടെ ഭരണകക്ഷി എം.എല്‍.എമാരും പ്രതിപക്ഷ എം.എല്‍.എമാരെ ആക്രമിക്കുന്ന സ്ഥിതിയാണ് സഭയില്‍ ഉണ്ടായത്. നിരവധി എം.എല്‍.എമാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുമുണ്ട്. സി. ദിവാകരന്‍, വി. ശിവന്‍കുട്ടി, ടി.വി. രാജേഷ്, കെ. അജിത്, വി.എസ്. സുനില്‍കുമാര്‍, കെ.കെ. ലതിക, കെ.എസ്. സലീഖ, ഗീതാ ഗോപി, ബിജിമോള്‍ എന്നിവര്‍ ആശുപത്രിയിലാണ്.
സഭാചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത വിധം ഭരണകക്ഷി എം.എല്‍.എമാരും പോലീസും പ്രതിപക്ഷത്തെ വനിതാ എം.എല്‍.എമാരെ കൈയേറ്റം ചെയ്യുന്ന അത്യന്തം ഹീനമായ നടപടിയും ഉണ്ടായിരിക്കുകയാണ്. കെ.കെ. ലതിക, ഗീതാ ഗോപി, ബിജിമോള്‍, ജമീലാ പ്രകാശം, കെ.എസ്. സലീഖ എന്നീ വനിതാ അംഗങ്ങള്‍ ഇത്തരം ആക്രമണങ്ങള്‍ക്ക് ഇരയായി എന്നത് ഗൗരവമുള്ളതാണ്. ജമീലാ പ്രകാശത്തെ ജാതിപ്പേരുവിളിച്ച് അധിക്ഷേപിക്കുന്ന ഹീനകൃത്യത്തിനും സഭയ്‌ക്ക് സാക്ഷ്യം വഹിക്കേണ്ടിവന്നു. ഗീതാ ഗോപിയെ വസ്‌ത്രാക്ഷേപം ചെയ്‌തു. എം.എ. ബേബി, എളമരം കരീം, തോമസ് ഐസക്ക്, മുന്‍ സ്‌പീക്കര്‍ രാധാകൃഷ്‌ണന്‍ തുടങ്ങിയവരെ പോലീസുകാര്‍ മര്‍ദ്ദിച്ചു.
നിയമസഭയ്‌ക്കു പുറത്ത് പ്രക്ഷോഭമുയര്‍ത്തിയ എല്‍.ഡി.എഫ് സമരവളണ്ടിയര്‍മാരെയും വഴിയാത്രക്കാരെയും പോലീസ് ആക്രമിച്ച രീതി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. സി.പി.ഐ (എം) പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ സംസാരിക്കാന്‍ തുടങ്ങുമ്പോഴാണ് പോലീസ് ജലപീരങ്കിയും ടിയര്‍ ഗ്യാസും ഗ്രനേഡുകളും ജനങ്ങള്‍ക്കു നേരെ പ്രയോഗിച്ചത്. എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പോലീസ് കല്ലേറിന് വിധേയനായി. യാതൊരു പ്രകോപനവും ഇല്ലാതെ മുന്‍കൂട്ടി ആസൂത്രണം ചെയ്‌ത പ്രകാരമാണ് പോലീസ് ആക്രമണം അഴിച്ചുവിട്ടത്. പോലീസുകാര്‍ കല്ലുമായാണ് ജനക്കൂട്ടത്തിനിടയില്‍ നിലയുറപ്പിച്ചത്. ചില പോലീസുകാര്‍ നെയിം ബോര്‍ഡ് മാറ്റിവച്ചു. ചില പോലീസുകാര്‍ തുണി ഉപയോഗിച്ച് മുഖം മറച്ചുവച്ചു. പോലീസ് അസോസിയേഷന്‍ വഴി കോണ്‍ഗ്രസ്സുകാരായ പോലീസുകാരെ തിരഞ്ഞുപിടിച്ചാണ് നിയമസഭയിലും പുറത്ത് സമരകേന്ദ്രങ്ങളിലും ഡ്യൂട്ടിക്ക് നിയോഗിച്ചത്. ജനാധിപത്യപരമായി പ്രതിഷേധിച്ച ജനങ്ങള്‍ക്കു നേരെ നടന്ന ഈ അക്രമങ്ങള്‍ക്ക് നേതൃത്വം കൊടുത്ത പോലീസ് ഉദ്യോഗസ്ഥന്മാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.
കേരളത്തിന്റെ ഉന്നതമായ രാഷ്‌ട്രീയ സംസ്‌കാരം സംരക്ഷിക്കുവാനുള്ള മഹത്തായ പോരാട്ടമാണ് ഇന്ന് വിജയത്തിലെത്തിയത്. ഇത് ഇനിയും തുടരേണ്ടതുണ്ട്. സര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധമായ ചെയ്‌തികള്‍ക്കെതിരെ കൂടുതല്‍ ജനവിഭാഗങ്ങളെ അണിനിരത്തിക്കൊണ്ടുള്ള സമാധാനപരമായ പ്രതിഷേധങ്ങള്‍ വിവിധ രീതിയില്‍ സംഘടിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
തിരുവനന്തപുരം
13.03.2015
***