നിയമസഭയിലെ വനിതാ സാമാജികരെ അപമാനിച്ച ഭരണപക്ഷത്തെ കുറ്റവാളികളെ സംരക്ഷിക്കുകയും അഴിമതിക്കെതിരെ പോരാടിയ പ്രതിപക്ഷത്തെ അഞ്ച് എം.എല്‍.എമാരെ സസ്‌പെന്റ് ചെയ്യുകയും ചെയ്‌ത യു.ഡി.എഫ് സര്‍ക്കാരിന്റെ ഇരട്ടത്താപ്പിനും നെറികേടിനുമെതിരെ ശക്തിയായി പ്രതിഷേധിക്കാന്‍ എല്ലാ ജനാധിപത്യസ്‌നേഹികളോടും അഭ്യര്‍ത്ഥിക്കുന്നു.
അഞ്ച് എം.എല്‍.എമാരെ സഭാസമ്മേളനം തീരുംവരെ സസ്‌പെന്റ് ചെയ്യാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഏകപക്ഷീയമായി തീരുമാനമെടുത്തത് ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണ്. ധാര്‍മ്മികബോധത്തിന്റെ രക്ഷാധികാരിയായി ചമഞ്ഞ് പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഭരണപക്ഷം കൈക്കൊണ്ട ഏകപക്ഷീയമായ സസ്‌പെന്‍ഷന്‍ നടപടി പാര്‍ലമെന്ററി ജനാധിപത്യത്തെ അപമാനിക്കലാണ്. അധികാരം ഉപയോഗിച്ച് ഭൗതിക നേട്ടങ്ങള്‍ വാരിക്കൂട്ടാനുള്ള ഒടുങ്ങാത്ത ആര്‍ത്തിയാണ് ബഡ്‌ജറ്റ് പോലും വില്‍ക്കുന്നതില്‍ ധനമന്ത്രി കെ.എം. മാണിയെ എത്തിച്ചത്. ഇത്തരത്തില്‍ കോഴ വാങ്ങുന്ന ഒരാള്‍ ബഡ്‌ജറ്റ് അവതരണം നടത്താന്‍ പാടില്ല എന്നത് ഭൂരിപക്ഷം കേരളീയരുടെയും പൊതു വികാരമാണ്. അത് നടപ്പാക്കാനുള്ള അഴിമതിവിരുദ്ധ സമരമാണ് നിയമസഭയില്‍ മാര്‍ച്ച് 13-ന് പ്രതിപക്ഷം നടത്തിയത്. മാണി ബഡ്‌ജറ്റ് അവതരിപ്പിച്ചു എന്ന അവകാശവാദം നിയമസഭയില്‍ നിയമം ലംഘിച്ച് വട്ടംകൂടി നിന്ന് വാച്ച് & വാര്‍ഡിന്റെ പിന്തുണയോടെ ഭരണപക്ഷത്തെ ഒരു സംഘത്തിന്റെ നടുവില്‍ നിന്ന് നടത്തിയ അപഹാസ്യമായ നാടകം മാത്രമായിരുന്നു. ചന്തയില്‍ ലേലം വിളിക്കുന്നതുപോലെ ഒരു ധനമന്ത്രി ബഡ്‌ജറ്റ് അവതരണം നടത്തിയതാണ് കേരള ചരിത്രത്തിലെ ഏറ്റവും വലിയ കറുത്ത പാട്. അഴിമതിക്കാരനായ ധനമന്ത്രിയുടെ ബഡ്‌ജറ്റ് അവതരണം മുടക്കിയ എല്‍.ഡി.എഫിന്റെ നിയമസഭയ്‌ക്കകത്തും പുറത്തുമുള്ള പ്രവര്‍ത്തനത്തെ അഴിമതിവിരുദ്ധരായ ജനകോടികള്‍ പിന്തുണയ്‌ക്കുകയാണ്. കേരളത്തിന്റെ വികാരം അഴിമതി സര്‍ക്കാരിനൊപ്പമല്ല, പ്രതിപക്ഷത്തിനൊപ്പമാണെന്ന് മുഖ്യമന്ത്രി മനസ്സിലാക്കണം.
യു.ഡി.എഫ് എം.എല്‍.എമാര്‍ സഭയില്‍ തെറ്റു ചെയ്‌തില്ല എന്നതുകൊണ്ടാണ് അവര്‍ക്കെതിരെ നടപടി ഉണ്ടാകാതിരുന്നത് എന്ന ഉമ്മന്‍ചാണ്ടിയുടെ വാദം സഭാനടപടികള്‍ കാണുകയും കേള്‍ക്കുകയും ചെയ്‌ത ജനങ്ങളെ അപഹസിക്കലാണ്. തെറ്റു ചെയ്യാത്തവരെ ബലിയാടാക്കണമെന്നല്ല, തെറ്റു ചെയ്‌തവരെ ശിക്ഷിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. വനിതാ എം.എല്‍.എമാരെ ദുരുദ്ദേശപരമായി സ്‌പര്‍ശിക്കുകയും അപമാനിക്കുകയും ചെയ്‌ത ഭരണപക്ഷ സാമാജികര്‍ക്കെതിരെ നടപടി എടുത്തേ മതിയാവൂ. സഭയില്‍ നടന്ന സംഭവങ്ങളുടെ പേരില്‍ ഏകപക്ഷീയമായി പോലീസിനെ ഇടപെടുവിച്ച സ്‌പീക്കറുടെ നടപടി നിഷ്‌പക്ഷമല്ല. യു.ഡി.എഫ് സര്‍ക്കാര്‍ നിയമസഭയ്‌ക്കകത്തും പുറത്തും അധികാരദണ്ഡ് ഉപയോഗിച്ച് പ്രതിപക്ഷത്തെ ഏകാധിപത്യപരമായി അടിച്ചമര്‍ത്താനുള്ള ശ്രമമാണ് നടത്തുന്നത്. ഇതുകൊണ്ടൊന്നും കോഴ വാങ്ങിയ മന്ത്രിയെ രാജിവയ്‌പ്പിക്കാനുള്ള പ്രക്ഷോഭത്തെ അവസാനിപ്പിക്കാനാവില്ല. ധനമന്ത്രി കെ.എം. മാണിയെ പുറത്താക്കുന്നതുവരെ ഈ പ്രക്ഷോഭം തുടരുക തന്നെ ചെയ്യും. ഈ അഴിമതിവിരുദ്ധ പോരാട്ടത്തിന് കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും പിന്തുണ ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
തിരുവനന്തപുരം
16.03.2015
***