തിരുവനന്തപുരം
27.11.2012
കേരളത്തിന്റെ അഭിമാനമായ കുടുംബശ്രീയെ തകര്‍ക്കാനുള്ള നീക്കത്തില്‍നിന്ന്, കേന്ദ്ര ഗ്രാമവികസനമന്ത്രി ജയറാം രമേശിന്റെ ഉപദേശം സ്വീകരിച്ചെങ്കിലും, ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പിന്‍വാങ്ങണമെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.
1998-ല്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് രൂപംകൊടുത്ത കേരളത്തിലെ ദാരിദ്ര്യനിര്‍മാര്‍ജനത്തിനുള്ള ഔദ്യോഗിക ഏജന്‍സിയായ കുടുംബശ്രീ 38 ലക്ഷം വനിതകള്‍ അംഗങ്ങളായ മഹാപ്രസ്ഥാനമാണ്. ഈ പ്രസ്ഥാനത്തെ അനാവശ്യമായി രാഷ്ട്രീയമുദ്രകുത്തി ഒറ്റപ്പെടുത്താനുള്ള യു.ഡി.എഫ് സര്‍ക്കാരിലെ ഒരുവിഭാഗം മന്ത്രിമാരുടെ ഉദ്യമം അങ്ങേയറ്റം പ്രതിഷേധാര്‍ഹവും വിവേകരഹിതവുമാണ്.
കാര്യങ്ങളുടെ നിജസ്ഥിതി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സ്‌ത്രീകളുടെ സ്വയംസഹായസംഘമെന്ന ഔദ്യോഗികപരിഗണന കുടുംബശ്രീക്ക് മാത്രമേ നല്‍കാനാകൂവെന്ന് കേന്ദ്രമന്ത്രി ജയറാം രമേശ് കഴിഞ്ഞ ദിവസം പ്രസ്‌താവിച്ചത്. ഇതിനെതിരെയാണ് കുടുംബശ്രീയെ സംരക്ഷിക്കുന്നതിന് ഉത്തരവാദപ്പെട്ട കേരളത്തിലെ ഗ്രാമവികസനമന്ത്രി കെ.സി. ജോസഫ് ഉറഞ്ഞുതുള്ളിയത്. കോണ്‍ഗ്രസ് നേതാവ് എം.എം. ഹസന്റെ ജനശ്രീക്ക് വഴിവിട്ട് കേന്ദ്രഫണ്ട് അനുവദിക്കുന്ന ക്രമവിരുദ്ധ നടപടിയെ ന്യായീകരിക്കാനാണ് കേന്ദ്രമന്ത്രിയെപ്പോലും തള്ളിപ്പറയുന്നതിന് കേരളത്തിലെ മന്ത്രി തയ്യാറായിരിക്കുന്നത്. പക്ഷപാതരഹിതമായും നീതിപൂര്‍വമായും ഭരണം നടത്തുമെന്ന് സത്യപ്രതിജ്ഞചെയ്‌ത മന്ത്രി ഭരണഘടനാ ലംഘനമാണ് ഇതിലൂടെ നടത്തിയിരിക്കുന്നത്.
കോണ്‍ഗ്രസിലെ ഉമ്മന്‍ചാണ്ടി ഗ്രൂപ്പുകാരനായ നേതാവിന്റെ സ്വകാര്യസംഘടനയ്‌ക്ക് ചട്ടവും മാനദണ്ഡവും കൂടാതെ ഖജനാവില്‍നിന്നും പണം അനുവദിച്ചതിനെ ന്യായീകരിക്കുന്നതിനായി നടത്തിയിട്ടുള്ള ഈ ഇടപെടല്‍ അങ്ങേയറ്റം പരിഹാസ്യവുമാണ്. തന്റെ മന്ത്രിസഭയിലെ ഒരംഗം കാണിക്കുന്ന ഇത്തരം ഗുരുതരമായ തെറ്റുകള്‍ ചൂണ്ടിക്കാണിക്കാനും തിരുത്തിക്കുവാനുമുള്ള ഉത്തരവാദിത്തം മുഖ്യമന്ത്രിക്കുണ്ട്.
കേന്ദ്രഫണ്ട് എങ്ങനെ ഉപയോഗിക്കണമെന്നതിനെപ്പറ്റി കേന്ദ്രമന്ത്രി ജയറാം രമേശ് ആവര്‍ത്തിച്ച് വ്യക്തമാക്കിയ സാഹചര്യത്തില്‍ ജനശ്രീയ്‌ക്ക് 14 കോടി രൂപ അനുവദിച്ച സര്‍ക്കാര്‍ നടപടി അടിയന്തരമായി റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്നും സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.
* * *