സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പുറപ്പെടുവിക്കുന്ന പ്രസ്‌താവന- 18.03.2015
കുറ്റപത്രം ഉണ്ടായാലും രാജിവയ്‌ക്കില്ല എന്ന ധനകാര്യമന്ത്രിയുടെ പ്രഖ്യാപനം നിയമവാഴ്‌ചയോടുള്ള വെല്ലുവിളിയാണ്. ബാര്‍ കോഴക്കേസില്‍ വിജിലന്‍സിന് മാണി കോഴ വാങ്ങിയത് സംബന്ധിച്ച് വ്യക്തമായ തെളിവുകള്‍ ലഭിച്ചു എന്ന് ഉറപ്പായപ്പോഴാണ് മാണി ഇത്തരമൊരു നിലപാട് സ്വീകരിച്ചിരിക്കുന്നത്.
മൂന്നുമാസം മുമ്പ് കേസ് രജിസ്റ്റര്‍ ചെയ്‌ത സന്ദര്‍ഭത്തില്‍ തന്നെ കോടതിയില്‍ സമര്‍പ്പിച്ച എഫ്.ഐ.ആറില്‍ മാണിക്കെതിരായ തെളിവുകള്‍ അക്കമിട്ട് നിരത്തിയിട്ടുണ്ട്. മന്ത്രിക്ക് കൈക്കൂലി കൊടുക്കാനായി അവരുടെ വിഹിതം അസോസിയേഷന്‍ ഭാരവാഹികള്‍ നല്‍കിയിട്ടുണ്ട് എന്ന് ബാര്‍ ഉടമകളായ സാക്ഷികളും, കോഴപ്പണം മാണിക്ക് കൈമാറുന്നത് കണ്ടിട്ടുണ്ട് എന്ന് മറ്റു ചില സാക്ഷികളും, പണം കൈമാറുമ്പോള്‍ മാണിയുടെ വസതിയില്‍ ഉണ്ടായിരുന്ന ചില സാക്ഷികളും മൊഴി നല്‍കിയ കാര്യം എഫ്.ഐ.ആറില്‍ തന്നെ വ്യക്തമാക്കിയിരുന്നു. 42 ദിവസത്തെ അന്വേഷണത്തിനുശേഷമാണ് വിജിലന്‍സ് ഈ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മൂന്നുമാസത്തിലേറെയായി വിജിലന്‍സ് തുടര്‍ന്ന് നടത്തിവന്ന അന്വേഷണത്തിലൂടെ ഒട്ടേറെ പുതിയ തെളിവുകളും ലഭിച്ചു എന്ന് മന്ത്രിക്ക് മനസ്സിലായപ്പോഴാണ് താന്‍ പിടിക്കപ്പെടും എന്ന് വ്യക്തമായപ്പോള്‍ വിജിലന്‍സിനെ ഭയപ്പെടുത്താനും വെല്ലുവിളിക്കാനും മന്ത്രി ഇറങ്ങി പുറപ്പെട്ടിട്ടുള്ളത്. കുറ്റപത്രം നല്‍കിയാല്‍ ഒമ്പത് എം.എല്‍.എമാരുടെ പിന്തുണ ഇല്ലാതാകുമെന്നും ഭരണം തന്നെ പോകുമെന്നും മുഖ്യമന്ത്രിക്ക് മുന്നറിയിപ്പ് നല്‍കി ഭയപ്പെടുത്തി കേസ് അട്ടിമറിക്കാനാണ് മന്ത്രി മാണി ശ്രമിക്കുന്നത്.
കുറ്റപത്രം ലഭിച്ചാലും രാജിവയ്‌ക്കില്ല, തന്നെ പുറത്താക്കാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ എന്ന് മുഖ്യമന്ത്രിയേയും, കുറ്റപത്രം നല്‍കാന്‍ തന്റേടമുണ്ടോ എന്ന് ആഭ്യന്തരമന്ത്രിയേയും വെല്ലുവിളിക്കുകയാണ് മാണി ചെയ്യുന്നത്. എഫ്.ഐ.ആര്‍ എടുക്കേണ്ട കാര്യമില്ലായിരുന്നു എന്നും ആഭ്യന്തരമന്ത്രിയുടെ നടപടി ജനങ്ങള്‍ മനസ്സിലാക്കുമെന്നുമാണ് മാണി പ്രസ്‌താവിച്ചിരിക്കുന്നത്. തന്റെ സര്‍ക്കാരിന്റെ നടപടിയെ മന്ത്രി തന്നെ വിമര്‍ശിക്കുകയാണ്. ആരോപണത്തിനു പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന് വ്യക്തമാക്കിയ മാണി ആരാണ് തനിക്കെതിരെ ഗൂഢാലോചന നടത്തിയത് എന്ന് വ്യക്തമാക്കണം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ആണോ, ആഭ്യന്തരമന്ത്രി ചെന്നിത്തലയെ ആണോ ഉദ്ദേശിക്കുന്നത്. ബാര്‍ കോഴ പങ്ക് പറ്റിയ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും കോണ്‍ഗ്രസ് നേതാക്കളും ചേര്‍ന്ന് തന്നെ പ്രതിയാക്കി എന്നാണ് മാണി ഉദ്ദേശിക്കുന്നതെങ്കില്‍ അത് തുറന്നുപറയാനുള്ള ആര്‍ജ്ജവം മാണി കാണിക്കണം. തൊടുന്യായങ്ങള്‍ പറഞ്ഞ് അധികാരത്തില്‍ കടിച്ചുതൂങ്ങാതെ മന്ത്രിസ്ഥാനത്തുനിന്ന് ഇറങ്ങിപ്പോകാന്‍ മാണി തയ്യാറാകണം. കുറ്റപത്രം നല്‍കുന്നതുവരെ കാത്തിരുന്നാല്‍ മാണി കൂടുതല്‍ പരിഹാസ്യനാകും.
തിരുവനന്തപുരം
18.03.2015
****