സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിക്കുന്ന പ്രസ്‌താവന-18.03.2015
മാര്‍ച്ച് 13 ന് നിയമസഭയില്‍ പ്രതിപക്ഷം വനിതാ എം.എല്‍.എമാരെ ചാവേറാക്കി എന്ന മുഖ്യമന്ത്രിയുടെ പ്രസ്‌താവന സ്‌ത്രീത്വത്തെ അപമാനിക്കുന്നതും, മുഖ്യമന്ത്രി പദവിക്ക് നിരക്കാത്തതുമാണ്. സഭയില്‍വെച്ച് തങ്ങള്‍ അതിക്രൂരമായി കയ്യേറ്റത്തിന് വിധേയരായി എന്ന വനിത എം.എല്‍.എമാരുടെ പരാതിയിന്മേല്‍ ഒരു നടപടിയും ഇതുവരെ സ്വീകരിക്കാത്ത സ്‌പീക്കറുടെ പക്ഷപാതപരമായ നിലപാടിനെതിരെ ഉയര്‍ന്നുവന്ന ജനരോഷത്തില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടുകയാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം.
മുഖ്യമന്ത്രിയുടെ കണ്‍മുമ്പില്‍ വെച്ചാണ് ജമീലാ പ്രകാശം, ബിജിമോള്‍, ഗീത ഗോപി, കെ.കെ. ലതിക, സലീഖ എന്നീ എം.എല്‍.എമാര്‍, യു.ഡി.എഫിലെ പുരുഷ എം.എല്‍.എമാരുടെ കയ്യേറ്റത്തിന് വിധേയരായത്. തന്റെ സാന്നിധ്യത്തില്‍ നടന്ന നികൃഷ്‌ടമായ അതിക്രമത്തെ കുറിച്ച് നടപടി എടുപ്പിക്കുവാന്‍ മുഖ്യമന്ത്രിക്കും ഉത്തരവാദിത്തമുണ്ട്. സ്‌പീക്കറുടെ ഡയസിലെ ഉപകരണങ്ങള്‍ തകര്‍പ്പെട്ടു എന്ന പരാതിയിന്മേല്‍ പ്രതിപക്ഷ എം.എല്‍.എമാരുടെ പേരില്‍ കേസെടുക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയ സ്‌പീക്കര്‍, വനിതാ എം.എല്‍.എമാരുടെ പരാതി കണ്ടഭാവം നടിച്ചില്ല. മാര്‍ച്ച് 13-ന് സഭയില്‍ നടന്ന കാര്യങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കുന്ന ആര്‍ക്കും, വനിതാ എം.എല്‍.എമാരുടെ പരാതി സത്യമാണെന്ന് ബോധ്യമാവും. സ്വമേധയാ തന്നെ നടപടി സ്വീകരിക്കാന്‍ ബാധ്യസ്ഥനായ സ്‌പീക്കര്‍, ഭരണ കക്ഷിയുടെ ചട്ടുകമായി തരംതാഴുകയാണ് ചെയ്‌തത്.
നിഷ്‌പക്ഷമായി പ്രവര്‍ത്തിക്കേണ്ട സ്‌പീക്കറുടെ നിലപാടില്‍ നിയമവിദഗ്‌ദ്ധന്മാര്‍ക്കിടയിലും പൊതുസമൂഹത്തിലും വ്യാപകമായ പ്രതിഷേധം ഉയര്‍ന്നു വന്നിരിക്കുകയാണ്. അഞ്ച് പ്രതിപക്ഷ എം.എല്‍.എമാരെ സസ്‌പെന്റ് ചെയ്യാന്‍ പ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രിയുടെ അതേവാദം തന്നെ ആവര്‍ത്തിക്കുന്ന സ്‌പീക്കര്‍, കേരള നിയമസഭയുടെ അന്തസ്സ് കളഞ്ഞ് കുളിച്ചു. യു.ഡി.എഫിന് വേണ്ടി ചട്ടവിരുദ്ധമായ നിലപാട് സ്വീകരിച്ച സ്‌പീക്കറുടെ നിലപാടിനെതിരായി ഉയര്‍ന്നുവന്ന ജനരോഷത്തില്‍നിന്ന് ശ്രദ്ധ തിരിക്കാനുള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ശ്രമം വിലപ്പോവില്ല.
കെ.എം.മാണിയുടെ അഴിമതിക്കെതിരായും, സഭയില്‍വെച്ച് വനിതാ എം.എല്‍.എമാര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരായും വ്യാപകമായ പ്രതിഷേധം ഉയര്‍ത്താന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.
തിരുവനന്തപുരം
18.03.2015
***