സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവന-26.03.2015

കളര്‍ ഫോട്ടോ പതിച്ച പുതിയ ഇലക്‌ഷന്‍ ഐ.ഡി കാര്‍ഡ്‌ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട്‌ ചീഫ്‌ ഇലക്‌ടറല്‍ ഓഫീസര്‍ പുറപ്പെടുവിച്ച നിര്‍ദ്ദേശം ജനാധിപത്യവിരുദ്ധമായ നടപടിയായിപ്പോയി.

ജനാധിപത്യ സംവിധാനം നിലനില്‍ക്കുന്ന നമ്മുടെ രാജ്യത്ത്‌ രാഷ്‌ട്രീയ പാര്‍ടികളുമായി ആലോചിച്ചശേഷമാണ്‌ പുതിയ നിര്‍ദ്ദേശങ്ങള്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ പുറപ്പെടുവിക്കാറുള്ളത്‌. ഈ കീഴ്‌വഴക്കം പൂര്‍ണ്ണമായും കൈയൊഴിഞ്ഞുകൊണ്ട്‌ ഏകപക്ഷീയമായി പ്രസ്‌താവന പുറപ്പെടുവിച്ചിരിക്കുകയാണ്‌. പ്രസ്‌താവനയിലൂടെ ഇക്കാര്യം മനസ്സിലാക്കേണ്ട സ്ഥിതിയാണ്‌ രാഷ്‌ട്രീയ പാര്‍ടികള്‍ക്ക്‌ ഉണ്ടായിട്ടുള്ളത്‌. ഇത്തരത്തിലുള്ള ഏകപക്ഷീയമായ നടപടികള്‍ ജനാധിപത്യ സംവിധാനത്തെ ശക്തിപ്പെടുത്താന്‍ സഹായിക്കില്ല.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഏതൊരു പരിഷ്‌കാരവും നടത്തുന്നതിനു മുമ്പ്‌ രാഷ്‌ട്രീയ പാര്‍ടികളുമായി ആലോചിക്കുന്നത്‌ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കുന്നതിന്‌ സഹായിക്കും. എന്നാല്‍, അത്തരമൊരു ആലോചനയ്‌ക്ക്‌ ഇവിടെ തയ്യാറായില്ല എന്നത്‌ പ്രതിഷേധാര്‍ഹമാണ്‌. മുഴുവന്‍ ജനങ്ങളും ഭാഗഭാക്കാവേണ്ട ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തുക എന്നതും അത്യന്താപേക്ഷിതമാണ്‌. ഇക്കാര്യത്തിലും രാഷ്‌ട്രീയ പാര്‍ടികളുടെ ഇടപെടല്‍ സുപ്രധാനമായ ഒന്നാണ്‌. അല്ലാതെ ഉദ്യോഗസ്ഥതലത്തില്‍ മാത്രം നടത്തുന്ന ഇടപെടല്‍ ഫലപ്രദമാവില്ല.

പുതിയ കളര്‍ ഫോട്ടോ പതിച്ച കാര്‍ഡിനായി അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ആധാര്‍ കാര്‍ഡ്‌ നമ്പറും കൂടി കമ്മീഷന്‍ ആവശ്യപ്പെടുന്നുണ്ട്‌. പൗരന്മാരുടെ ആവശ്യങ്ങള്‍ക്ക്‌ ആധാര്‍ കാര്‍ഡ്‌ നിര്‍ബന്ധമാക്കേണ്ടതില്ലെന്ന സുപ്രീംകോടതി വിധി അടുത്ത ദിവസം വീണ്ടും പുറത്തുവന്നിട്ടേയുള്ളൂ. ഇതുപോലും പരിഗണിക്കാതെ ആധാര്‍ കാര്‍ഡ്‌ നമ്പര്‍ നല്‍കണമെന്ന നിര്‍ദ്ദേശവും കമ്മീഷന്‍ മുന്നോട്ടുവയ്‌ക്കുന്നുണ്ട്‌. ആധാര്‍ കാര്‍ഡ്‌ വോട്ടര്‍മാരെല്ലാം വാങ്ങിയിട്ടില്ലെന്നിരിക്കെ ഇത്തരമൊരു നിര്‍ദ്ദേശം പൗരന്മാരുടെ ജനാധിപത്യപരമായ അവകാശങ്ങള്‍ക്കുമേലുള്ള കടന്നുകയറ്റവും സുപ്രീംകോടതി വിധിയുടെ ലംഘനവുമാണ്‌. ഓരോ കാര്‍ഡിനും 10 രൂപ വീതം ചുമത്തി അവ അക്ഷയ കേന്ദ്രങ്ങളിലൂടെ ഈടാക്കാനുമുള്ള തീരുമാനം വോട്ടര്‍മാര്‍ക്ക്‌ പിഴ ഇടുന്നതിനു തുല്യമാണ്‌. ഈ തീരുമാനം പുനഃപരിശോധിക്കണം.


തിരുവനന്തപുരം
26.03.2015

****