യമനില്‍ കുടുങ്ങിയ മലയാളി നേഴ്‌സുമാര്‍ അടക്കമുള്ള ഇന്ത്യക്കാരുടെ ജീവനും സ്വത്തും രക്ഷിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം. യമനിലെ ആഭ്യന്തര കലാപം രൂക്ഷമാവുകയും യുദ്ധസ്ഥിതി സംജാതമായിരിക്കുകയുമാണ്. പ്രസിഡന്റ് അബ്‌ദുള്‍ റബ്ബ് മന്‍സൂര്‍ ഹാബിയുടെ ഭരണത്തെ രക്ഷിക്കാന്‍ സൗദി അറേബ്യയുടെ നേതൃത്വത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലെ സൈന്യം വ്യോമാക്രമണം അടക്കം നടത്തുകയാണ്. ഇതിന് അമേരിക്കയുടെ പിന്തുണയുമുണ്ട്. തലസ്ഥാനമായ സനയിലെ ഇന്ത്യന്‍ എംബസിയില്‍ ഹെല്‍പ്പ്‌ലൈന്‍ തുടങ്ങിയതുകൊണ്ടുമാത്രം കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവാദിത്വം അവസാനിക്കുന്നില്ല. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ അപകടമേഖലയില്‍ കഴിയുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരുടെ ജീവന്‍ രക്ഷിക്കാന്‍ അടിയന്തരമായി ഇടപെടണം. ഇവരെ സുരക്ഷിതകേന്ദ്രങ്ങളില്‍ എത്തിക്കണം. സമ്പാദ്യവും ശമ്പളവും നഷ്‌ടപ്പെടാതിരിക്കണം. നാട്ടില്‍ തിരിച്ചെത്തിക്കാന്‍ സാധ്യമായ കാര്യങ്ങള്‍ ചെയ്യാന്‍ സര്‍ക്കാരുകള്‍ മുന്‍കൈയെടുക്കണം. പ്രവര്‍ത്തിക്കുന്ന വിമാനത്താവളങ്ങള്‍ വഴി നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കണം. യമനുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിക്കുന്നതിന് ഉന്നതതല സംഘത്തെ അയയ്‌ക്കണം. ഇന്ത്യയുമായി ബന്ധമുള്ള സൗദി അടക്കമുള്ള രാജ്യങ്ങളുമായുള്ള നയതന്ത്രബന്ധം ഇതിനായി പ്രയോജനപ്പെടുത്തണമെന്നും കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകളോട് ആവശ്യപ്പെടുന്നു.
തിരുവനന്തപുരം
26.03.2015