ബീഡി വ്യവസായത്തിന്‌ ഏര്‍പ്പെടുത്തിയ വില്‍പ്പനനികുതി പിന്‍വലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ മുഖ്യമന്ത്രിക്ക്‌ നിവേദനം നല്‍കി

ബീഡി വ്യവസായത്തിന്‌ ഏര്‍പ്പെടുത്തിയ വില്‍പ്പനനികുതി പിന്‍വലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ മുഖ്യമന്ത്രിക്ക്‌ നിവേദനം നല്‍കി

 

സംസ്ഥാനത്തെ ബീഡി വ്യവസായത്തില്‍ ദിനേശ്‌ ബീഡി ഉള്‍പ്പെടെയുള്ള സഹകരണ മേഖലയിലും സ്വകാര്യ മേഖലയിലുമായി ഇപ്പോള്‍ 83,000-ത്തോളം തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്‌. നേരത്തെ ഈ വ്യവസായത്തില്‍ രണ്ടരലക്ഷത്തോളം പേര്‍ തൊഴിലെടുത്തിരുന്നതാണ്‌. ബീഡി വ്യവസായം ഇന്ന്‌ കടുത്ത പ്രതിസന്ധിയിലും തകര്‍ച്ചയുടെ വക്കിലുമാണ്‌. കുറഞ്ഞ കൂലിയാണ്‌ ഈ രംഗത്ത്‌ ഇപ്പോഴും നിലനില്‍ക്കുന്നത്‌.

 

പൊതുജനങ്ങളുടെ ഉയര്‍ന്ന ആരോഗ്യ അവബോധവും ഇതര പുകയില ഉല്‍പ്പന്നങ്ങളോടുള്ള ആഭിമുഖ്യവും ബീഡി ഉപഭോക്താക്കളുടെ എണ്ണത്തില്‍ വരുത്തിയ കുറവ്‌ വിപണന സാധ്യത കുറയ്‌ക്കുകയും ബീഡി വില്‍പ്പനയില്‍ പ്രതിവര്‍ഷം 15-?382;തമാനം വരെ കുറവ്‌ വരുത്തുകയുമാണ്‌. അസംസ്‌കൃത വസ്‌തുക്കളുടെ ലഭ്യതക്കുറവും അവയ്‌ക്ക്‌ കാലാകാലങ്ങളിലുണ്ടാകുന്ന വില വര്‍ദ്ധനവും ബീഡി മേഖലയില്‍ ഉല്‍പ്പാദന ചെലവ്‌ ഭീമമാക്കുന്നതിന്‌ ഇടയാക്കുന്നുണ്ട്‌. 

 

മാനദണ്ഡങ്ങളൊന്നും പാലിക്കാതെ അനധികൃതമായി അന്യസംസ്ഥാന സംരംഭകരുടെ ബീഡികള്‍ കേരളത്തിലെ വിപണി കയ്യടക്കുന്ന അവസ്ഥയുമുണ്ട്‌. നെഗറ്റീവ്‌ വ്യവസായമായി കേന്ദ്രസര്‍ക്കാര്‍ ഈ വ്യവസായത്തെ പരിഗണിക്കുന്നതിനാല്‍ വില്‍പ്പന പ്രോത്സാഹനത്തിനുള്ള കേന്ദ്ര പദ്ധതികളൊന്നും ലഭിക്കുന്നുമില്ല. കൂടാതെ ഈ വ്യവസായത്തെ സംരക്ഷിക്കാന്‍ സംസ്ഥാന ഗവണ്‍മെന്റില്‍ നിന്നും മതിയായ സഹകരണവും ഉണ്ടാകുന്നില്ല. 

 

ബീഡി വ്യവസായത്തിന്‌ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ 14.5 ശതമാനം വില്‍പ്പന നികുതി പ്രതിസന്ധിയുടെ ആക്കം കൂട്ടിയിരിക്കുകയാണ്‌. ഈ നികുതി പൂര്‍ണ്ണമായും പിന്‍വലിച്ച്‌ ബീഡി വ്യവസായം നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ മുഖ്യമന്ത്രി ഉമ്മന്‍ചണ്ടിക്ക്‌ നല്‍കിയ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.








 

തിരുവനന്തപുരം

27.03.2015

***