ലോട്ടറി മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപെട്ട് സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പുറപ്പെടുവിക്കുന്ന പ്രസ്‌താവന-29.03.2015

ലോട്ടറി മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിര നടപടി സ്വീകരിക്കണം. ലോട്ടറിക്ക്‌ സേവനനികുതി ബാധകമാക്കിയ കേന്ദ്രസര്‍ക്കാര്‍ സമ്മാനഘടന പരിഷ്‌ക്കരിക്കാതെയും ക്ഷേമനിധി ആനുകൂല്യങ്ങള്‍ കുടിശ്ശിക വരുത്തിയും ലോട്ടറിയെ തകര്‍ത്തു. സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികളാണ്‌ ഗുരുതരമായ പ്രതിസന്ധി ലോട്ടറി മേഖലയില്‍ സൃഷ്‌ടിച്ചത്‌. വികലാംഗരടക്കമുള്ള രണ്ടുലക്ഷത്തോളം ജീവനക്കാരും 35,000 ഏജന്റുമാരും തൊഴിലും വരുമാനവും നഷ്‌ടപ്പെടുമെന്ന ഭീതിയിലാണ്‌. സര്‍ക്കാര്‍ നേരിട്ട്‌ നടത്തുന്ന ലോട്ടറിയാണ്‌ 1967 മുതല്‍ ആരംഭിച്ച കേരള ലോട്ടറി. പ്രമോട്ടറോ ഡിസ്‌ട്രിബ്യൂട്ടറോ കേരള ഭാഗ്യക്കുറിക്കില്ല. രജിസ്റ്റര്‍ ചെയ്‌ത ഏജന്റുമാരും ക്ഷേമനിധി അംഗങ്ങളായ വില്‌പനക്കാരും മാത്രമേ കേരള ഭാഗ്യക്കുറിക്കുള്ളൂ. ലോട്ടറിയില്‍ നിന്നുള്ള വരുമാനം ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക്‌ വിനിയോഗിക്കാനും ഉപജീവനത്തിനായി പ്രയാസപ്പെടുന്നവര്‍ക്ക്‌ തൊഴില്‍ നല്‍കാനുമാണ്‌ 1967ല്‍ ഇ.എം.എസ്‌. സര്‍ക്കാര്‍ ലോട്ടറി ആരംഭിച്ചത്‌. സര്‍ക്കാറിനുവേണ്ടി ലോട്ടറി ടിക്കറ്റുകള്‍ വില്‌ക്കുന്ന വികലാംഗരും വൃദ്ധരും രോഗികളുമായ ലോട്ടറി തൊഴിലാളികള്‍ സേവനനികുതിയിനത്തില്‍ 1.09 രൂപ മുതല്‍ 2.10 വരെ ഒരു ടിക്കറ്റിന്‌ നികുതി നല്‍കേണ്ടിവരും. ലോട്ടറി തൊഴിലാളികളുടെ പിച്ചച്ചട്ടിയില്‍ നിന്നും കൈയ്യിട്ടുവാരുന്ന കേന്ദ്രസര്‍ക്കാര്‍ നടപടി അംഗീകരിക്കാനാവില്ല. സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന പേപ്പര്‍ ലോട്ടറി നികുതി നിയമമനുസരിച്ച്‌ സംസ്ഥാനത്ത്‌ ലോട്ടറിക്ക്‌ ഒരു നികുതി നിലവിലുണ്ട്‌. കേന്ദ്രനികുതി കൂടിയായാല്‍ ഇരട്ട നികുതിയാവും. സര്‍ക്കാര്‍ നേരിട്ട്‌ നടത്തുന്ന ലോട്ടറികളെ സേവനനികുതിയില്‍ നിന്ന്‌ ഒഴിവാക്കണം.

ടിക്കറ്റ്‌ വില്‌പന ഗണ്യമായി വര്‍ദ്ധിച്ചിട്ടും സമ്മാനഘടന പരിഷ്‌ക്കരിച്ചിട്ടില്ല. ക്ഷേമനിധി ആനുകൂല്യങ്ങള്‍ കാലോചിതമായി വര്‍ദ്ധിപ്പിക്കുന്നില്ല. ഇക്കാര്യങ്ങള്‍ സംബന്ധിച്ച്‌ ബന്ധപ്പെട്ട സംഘടനകളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന്‌ കൈക്കൊണ്ട്‌ തീരുമാനങ്ങളും വാഗ്‌ദാനങ്ങളും നടപ്പാക്കുന്നില്ല. ക്ഷേമനിധി ബോര്‍ഡിന്‌ 63 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ നല്‍കാനുണ്ട്‌. ലോട്ടറി മേഖലയിലെ എല്ലാ ട്രേഡ്‌ യൂണിയനുകളും ചേര്‍ന്ന്‌ ഈ നയങ്ങള്‍ക്കെതിരായ പോരാട്ടത്തിന്റെ പാതയിലാണ്‌. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നടപടികളാണ്‌ സംയുക്തപ്രക്ഷോഭത്തിന്‌ ഇടയാക്കുന്നത്‌. ലോട്ടറി മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന്‌ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട്‌ ആവശ്യപ്പെടുന്നു.


തിരുവനന്തപുരം
29.03.2015

***