കേരളത്തെ അനുദിനം ഞെട്ടിക്കുന്ന 30 കോടി രൂപയുടെ ബാര്‍ അഴിമതിയുടെ ഉള്ളുകള്ളികള്‍ അറിയാനും കോഴ പറ്റിയ മന്ത്രിമാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനും സമഗ്രമായ അന്വേഷണം വേണം.
എക്‌സൈസ് വകുപ്പ് മന്ത്രി കെ. ബാബു കോഴ വാങ്ങിയതായി ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശ് മജിസ്‌ട്രേറ്റ് കോടതിയില്‍ മൊഴി നല്‍കിയിരിക്കുന്നതിനാല്‍ മന്ത്രിസ്ഥാനം രാജിവച്ച് അടിയന്തരമായി അന്വേഷണം നേരിടാന്‍ ബാബു തയ്യാറാകണം. 10 കോടി രൂപയുടെ കോഴ ഇടപാടാണ് എക്‌സൈസ് മന്ത്രിയുമായി ബന്ധപ്പെടുത്തി ഉന്നയിച്ചിരിക്കുന്നത്. കോഴ കൊടുത്തവര്‍ കോടതിയില്‍ നല്‍കിയ മൊഴി ഒരു കേട്ടുകേള്‍വിയല്ല. സംഭവവുമായി നേരിട്ട് ബന്ധമുള്ളതിന്റെ അടിസ്ഥാനത്തില്‍ ഉന്നയിച്ചിരിക്കുന്ന വന്‍ കുംഭകോണമാണ്. ഈ ആക്ഷേപത്തിന് നിയമസാംഗത്യമുണ്ട്. അതുകൊണ്ടുതന്നെ, സി.ആര്‍.പി.സി. 164-ാം വകുപ്പ് പ്രകാരം മജിസ്‌ട്രേറ്റ് കോടതിക്ക് ലഭിച്ചിരിക്കുന്ന മൊഴിയിന്മേല്‍ അനന്തരനടപടി പോലീസ് അടിയന്തരമായി സ്വീകരിക്കണം. കെ.എം. മാണിക്കെതിരായ കോഴക്കേസ് വിജിലന്‍സ് അന്വേഷിക്കുന്നുണ്ടെങ്കിലും അദ്ദേഹം മന്ത്രിയായി തുടരുന്നതിനാല്‍ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. അതു കൂടി കണക്കിലെടുത്ത് 10 കോടി രൂപയുടെ അഴിമതി നേരിട്ട് നടത്തിയ എക്‌സൈസ് മന്ത്രിയെ മാറ്റിനിര്‍ത്തി അന്വേഷണം നടത്തണം.
ആരോപണങ്ങള്‍ തെളിഞ്ഞാല്‍ സാങ്കേതികത്വം പറഞ്ഞ് അധികാരത്തില്‍ തുടരില്ലെന്ന ബാബുവിന്റെ അഭിപ്രായപ്രകടനം അധികാരത്തില്‍ കടിച്ചുതൂങ്ങാനുള്ള ഭംഗിവാക്ക് മാത്രമാണ്. ആരോപണം തെളിഞ്ഞാല്‍ കോടതി തന്നെ കോഴ വാങ്ങിയ ആളിന് പാര്‍ക്കാനുള്ള സ്ഥലം നല്‍കും. മാണി ബഡ്‌ജറ്റ് വിറ്റ് കാശാക്കിയതുപോലെ കഴിഞ്ഞ നാലു കൊല്ലവും മദ്യനയം വിറ്റ് കാശാക്കുകയായിരുന്നു എക്‌സൈസ് മന്ത്രി. വിലപേശി ബാര്‍ ഉടമകളില്‍നിന്നും കോഴ വാങ്ങി എന്നാണ് വ്യക്തമായിരിക്കുന്നത്. ബാര്‍ കോഴയില്‍ മറ്റ് രണ്ട് കോണ്‍ഗ്രസ് മന്ത്രിമാര്‍ക്ക് പങ്കുണ്ടെന്ന വസ്‌തുതയും പുറത്തുവന്നിട്ടുണ്ട്. ഇവരുടെ പേരുകള്‍ നിയമപരിശോധനയ്‌ക്ക് വിധേയമാക്കി ഇവര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്‌ത് അന്വേഷണം നടത്തണം. അന്വേഷണ കാലയളവില്‍ അവരും മന്ത്രിമാരായി തുടരാന്‍ പാടില്ല.
30 കോടി രൂപയുടെ ബാര്‍ അഴിമതിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവരുടെ പങ്ക് പുറത്തുവരേണ്ടതുണ്ട്. അഴിമതി വിഷയത്തില്‍ ലോകത്തിനു മുന്നില്‍ മുഖം ഇത്രമേല്‍ വികൃതമായ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ പോലെ ഒരു ഭരണം കേരളത്തില്‍ ഉണ്ടായിട്ടില്ല. ബാറുടമാസംഘം നേതാവ് മന്ത്രിമാര്‍ക്ക് കൊടുത്ത കോഴയെപ്പറ്റി സഹികെട്ട് വിളിച്ചുപറഞ്ഞതിന് പ്രതിപക്ഷത്തെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. പ്രതിപക്ഷവുമായി ഗൂഢാലോചന നടത്തി ഉന്നയിക്കുന്ന ആക്ഷേപമാണെന്ന എക്‌സൈസ് മന്ത്രിയുടെ വാദം സ്വയം രക്ഷപ്പെടാനുള്ള വിദ്യയാണ്.
തിരുവനന്തപുരം
31.03.2015
***