സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവന-09.04.2015

 സോളാര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പങ്ക്‌ വ്യക്തമാക്കുന്നതാണ്‌ മാധ്യമങ്ങള്‍ പുറത്തുവിട്ട സരിതാ നായരുടെ കത്തുകളിലെ പരാമര്‍ശങ്ങള്‍. സോളാര്‍ പദ്ധതി നടപ്പാക്കാന്‍ സഹായം വാഗ്‌ദാനം ചെയ്‌ത മന്ത്രിമാരും, യു.ഡി.എഫ്‌ എം.പിമാര്‍, എം.എല്‍.എമാര്‍ എന്നിവരും തനിക്ക്‌ നേരെ നടത്തിയ പീഡനങ്ങളെ കുറിച്ച്‌ സരിതയുടെ കത്തിലൂടെ വെളിപ്പെട്ട കാര്യങ്ങള്‍ ആരെയും ഞെട്ടിപ്പിക്കുന്നതും ലജ്ജിപ്പിക്കുന്നതുമാണ്‌.

 
സോളാര്‍ പദ്ധതിയുടെ മറവില്‍ നിരവധി വ്യക്തികളില്‍ നിന്നായി കോടിക്കണക്കിന്‌ രൂപയാണ്‌ സരിതയും സംഘവും തട്ടിയെടുത്തതായി പരാതി ഉയര്‍ന്നിരുന്നത്‌. മുഖ്യമന്ത്രിയുമായി സരിതക്കുള്ള അടുത്ത ബന്ധം ബോധ്യപ്പെടുത്തിയാണ്‌ ഈ തട്ടിപ്പുകളെല്ലാം നടത്തിയത്‌. കോന്നി സ്വദേശി മല്ലേല്‍ ശ്രീധരന്‍നായര്‍ പത്തനംതിട്ട മജിസ്‌ട്രേറ്റ്‌ കോടതിയില്‍ നല്‍കിയ പരാതിയില്‍ താന്‍ സരിതയോടൊപ്പം മുഖ്യമന്ത്രിയെ അദ്ദേഹത്തിന്റെ ഓഫീസില്‍ വെച്ച്‌ കണ്ടുവെന്നും, ടീം സോളാര്‍ എന്ന കമ്പനിയെക്കുറിച്ച്‌ മുഖ്യമന്ത്രി, ``നല്ല കമ്പനിയാണെന്ന്‌'' സംസാരിച്ചതായും പറയുന്നു. മുഖ്യമന്ത്രിയുടെ വാക്കുകള്‍ കൂടി വിശ്വസിച്ചാണ്‌ താന്‍ സരിതക്ക്‌ പണം നല്‍കിയതെന്നായിരുന്നു ശ്രീധരന്‍നായരുടെ പരാതി. തട്ടിപ്പിനിരയായ മറ്റുള്ളവരും ഇതേ രീതിയില്‍ പോലീസില്‍ പരാതികള്‍ നല്‍കുകയുണ്ടായി.
 
മുഖ്യമന്ത്രിക്ക്‌ തട്ടിപ്പില്‍ പങ്കുണ്ടെന്ന്‌ വ്യക്തമായ സാഹചര്യത്തിലായിരുന്നു, എല്‍.ഡി.എഫ്‌ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട്‌ വിവിധ പ്രക്ഷോഭങ്ങള്‍ നടത്തിയത്‌. സെക്രട്ടേറിയറ്റ്‌ ഉപരോധസമരത്തെ തുടര്‍ന്ന്‌ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. പ്രസ്‌തുത അന്വേഷണം ഇപ്പോള്‍ നടന്നുവരികയാണ്‌. മുഖ്യമന്ത്രിയെ പ്രതി ചേര്‍ത്ത്‌ കൊണ്ടുള്ള അന്വേഷണമാണ്‌ നടക്കുന്നത്‌. താനും തന്റെ ഓഫീസും അന്വേഷണ പരിധിയില്‍വരില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട്‌ പൊളിഞ്ഞു.
 
സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട്‌ പ്രതിപക്ഷം നിയമസഭയിലും, പുറത്തും ഉന്നയിച്ച ആക്ഷേപങ്ങളെല്ലാം ശരിവെക്കുന്നതാണ്‌ പുതിയ വെളിപ്പെടുത്തലുകള്‍. തുടക്കംമുതലേ കേസന്വേഷണം അട്ടിമറിക്കാനാണ്‌ സര്‍ക്കാര്‍ ശ്രമിച്ചത്‌. ജയിലില്‍ വെച്ച്‌ സരിത എഴുതിയ കത്ത്‌, പുറത്ത്‌ വരാതിരിക്കാന്‍ കോണ്‍ഗ്രസ്‌ നേതാക്കള്‍ ഇടപെട്ടതായി ആരോപണം ഉയര്‍ന്നിരുന്നു. പരാതിക്കാര്‍ക്ക്‌ പണം തിരികെ നല്‍കി കേസുകളില്‍ നിന്ന്‌ രക്ഷപ്പെടാന്‍, സരിതയ്‌ക്ക്‌ വന്‍തുക ലഭിച്ചത്‌, ഈ ഒത്തുതീര്‍പ്പിന്റെ അടിസ്ഥാനത്തിലായിരുന്നു എന്നായിരുന്നു ആരോപണം. ഇതെല്ലാം മുഖ്യമന്ത്രിയുടെ അറിവോടെ ആയിരുന്നു എന്ന്‌ വ്യക്തം. നേരത്തെ പുറത്ത്‌ വന്ന എല്ലാ ആരോപണങ്ങളും ശരിവെക്കുന്നതാണ്‌ സരിതയുടെ കത്ത്‌.
 
ഇത്രയും കാര്യങ്ങള്‍ പുറത്തുവന്നിട്ടും അഴിമതിയുടെ രേഖകള്‍ പിടിച്ചെടുക്കാനും, കേസെടുത്ത്‌ അന്വേഷിക്കാനും പോലീസ്‌ തയ്യാറാവാത്തത്‌ ദുരൂഹമാണ്‌. ഒരു പൊതുയോഗത്തിലെ പ്രസംഗത്തിന്റെ പേരില്‍ എം.എം.മണിയുടെ പേരില്‍ കേസെടുക്കാന്‍ തിടുക്കം കാണിച്ച പോലീസ്‌ ഇപ്പോള്‍ നിഷ്‌ക്രിയമായതും, മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം കാരണമായിരിക്കാം.
 
നിയമം നിയമത്തിന്റെ വഴിക്ക്‌ പോകുമെന്ന്‌ എപ്പോഴും പറയാറുള്ള ഉമ്മന്‍ചാണ്ടിയുടെ ഭരണത്തില്‍ നിയമവാഴ്‌ച പൂര്‍ണ്ണമായും തകര്‍ന്നിരിക്കുകയാണ്‌. നിയമാനുസൃതം പ്രവര്‍ത്തിക്കേണ്ട പോലീസിനെയും നിഷ്‌ക്രിയമാക്കി. യു.ഡി.എഫ്‌ നേതാക്കന്മാരുടെയും മന്ത്രിമാര്‍-മറ്റ്‌ ജനപ്രതിനിധികള്‍ എന്നിവരുടേയും ജീര്‍ണ്ണിച്ച മുഖമാണ്‌ പുറത്ത്‌ വരുന്നത്‌. ഏതൊരു കേരളീയനും തലതാഴ്‌ത്തി നില്‍ക്കേണ്ട നാണക്കേടില്‍ സംസ്ഥാനത്തെ ആഴ്‌ത്തി.
 
ഈ കൊടിയ അഴിമതിക്കും, ലൈംഗിക വൈകൃതങ്ങള്‍ക്കുമെല്ലാം നേതൃത്വം നല്‍കുന്നത്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ്‌. ഉമ്മന്‍ചാണ്ടിക്ക്‌ തല്‍സ്ഥാനത്ത്‌ തുടരാന്‍ അര്‍ഹതയില്ല. അഴിമതി പരമ്പരകളില്‍ കുടുങ്ങി കടുത്ത പ്രതിസന്ധിയിലായ യു.ഡി.എഫ്‌ സര്‍ക്കാരിന്റെ പ്രവര്‍ത്തനം സ്‌തംഭിച്ചിരിക്കുകയാണ്‌. സംസ്ഥാനത്തെ ഭരണം നിശ്ചലമാണ്‌. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉടന്‍ രാജിവെക്കണമെന്ന്‌ സി.പി.ഐ (എം) ആവശ്യപ്പെടുന്നു. ഈ ആവശ്യമുയര്‍ത്തി ശബ്‌ദമുയര്‍ത്താന്‍ എല്ലാവരോടും പാര്‍ടി അഭ്യര്‍ത്ഥിക്കുന്നു. 



തിരുവനന്തപുരം
09.04.2015
 
***