സിപിഐ(എം) സംസ്ഥാന സെക്രട്ടറിയറ്റ് പുറപ്പെടുവിക്കുന്ന പ്രസ്താവന-11.04.2015
റേഷനരി വെട്ടിക്കുറയ്ക്കുകയും റേഷന്‍ സമ്പ്രദായം അട്ടിമറിക്കുകയും ചെയ്യുന്ന കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ നടപടി അടിയന്തരമായി തിരുത്തണം. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നടപടിക്കെതിരെ സംസ്ഥാനത്തെ റേഷന്‍ കടകള്‍ കേന്ദ്രീകരിച്ച് ശക്തമായ പ്രതിഷേധപ്രകടനം സംഘടിപ്പിക്കാന്‍ സെക്രട്ടറിയറ്റ് എല്ലാ പാര്‍ടി ഘടകങ്ങളോടും ആഹ്വാനം ചെയ്യുന്നു.
കമ്പോളത്തിലെ സര്‍ക്കാര്‍ ഇടപെടല്‍ ശക്തമല്ലാത്തതിനാല്‍ വിഷുക്കാലത്ത് നിത്യോപയോഗ സാധനങ്ങള്‍ക്കെല്ലാം വില വലിയതോതില്‍ വര്‍ധിച്ചിരിക്കുകയാണ്്. ഈ ദുരവസ്ഥ നേരിടുന്നതിനിടയിലാണ് എപിഎല്‍ വിഭാഗക്കാര്‍ക്കുള്ള റേഷനരി പകുതിയായി വെട്ടിക്കുറച്ചിരിക്കുന്നത്. കഴിഞ്ഞമാസംവരെ പത്തുകിലോവരെ അരി ലഭിച്ചിരുന്നത് ഈ മാസം അഞ്ചോ ആറോ കിലോ ആക്കി. ഗോതമ്പ് വിതരണത്തിലും നിയന്ത്രണം ഏര്‍പ്പെടുത്തി. പതിനാറ് മെട്രിക് ടണ്‍ അരി സംസ്ഥാനത്ത് ലഭിച്ചിരുന്നത് 12.26 മെട്രിക് ടണ്ണാക്കി കേന്ദ്രം ചുരുക്കി. ഇതോടെയാണ് എപിഎല്‍ വിഭാഗക്കാരുടെ അരി പരിമിതപ്പെടുത്തിയതെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം.
വിഷു ഉള്‍പ്പെടെയുള്ള ഉത്സവകാലങ്ങളില്‍ ഒരു കിലോ സ്പെഷ്യല്‍ പഞ്ചസാര എല്ലാ കാര്‍ഡ് ഉടമകള്‍ക്കും നല്‍കിവന്നത് ഇത്തവണ ബിപിഎല്ലുകാര്‍ക്കുമാത്രമായി പരിമിതപ്പെടുത്തി. സംസ്ഥാനത്തെ 63 ലക്ഷം എപിഎല്‍ കുടുംബങ്ങളെ പൂര്‍ണമായി അവഗണിച്ചിരിക്കുകയാണ്. റേഷന്‍വിതരണ സമ്പ്രദായംതന്നെ അട്ടിമറിക്കുന്ന നടപടിയാണ് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ചുവരുന്നത്.
തിരുവനന്തപുരം
11.04.2015
***