തിരുവനന്തപുരം
29.11.2012
കൊച്ചിയിലെ പുതുവൈപ്പിനില്‍ സ്ഥാപിക്കുന്ന എല്‍.എന്‍.ജി ടെര്‍മിനലിന്റെ നാലുകിലോമീറ്റര്‍ ചുറ്റളവില്‍ കടലിലും കായലിലും മല്‍സ്യബന്ധനം നിരോധിക്കാനുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
രാജ്യരക്ഷയുടെ പേരുപറഞ്ഞ് മീന്‍പിടിത്തം നിരോധിക്കാന്‍ കൊച്ചിയിലെ ദക്ഷിണമേഖലാ നാവികസേനാമേധാവിയാണ് നിര്‍ദേശമുന്നയിച്ചിരിക്കുന്നത്. ഇതിനുള്ള കത്ത് ആറുമാസം മുമ്പ് മുഖ്യമന്ത്രിക്ക് നല്‍കിയെങ്കിലും സര്‍ക്കാര്‍ മൗനത്തിലാണ്. കേന്ദ്രപ്രതിരോധമന്ത്രി എ.കെ. ആന്റണിയുടെ നിയന്ത്രണത്തിലുള്ള നാവിക സേനയുടെ നിര്‍ദേശം ദേശസ്‌നേഹപരമല്ല. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ അടിയന്തിരമായി ഇടപെടാന്‍ കേന്ദ്ര പ്രതിരോധമന്ത്രി തയ്യാറാകണം. ഉപജീവനവും പാര്‍പ്പിടവും നഷ്‌ടപ്പെടുന്ന കെടുതിക്കെതിരെ മല്‍സ്യത്തൊഴിലാളികള്‍ ഈ മേഖലയില്‍ വ്യത്യസ്‌ത രൂപത്തിലുള്ള സമരമാര്‍ഗങ്ങള്‍ ഇതിനകം സ്വീകരിച്ചുകഴിഞ്ഞു. എന്നിട്ടും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മല്‍സ്യത്തൊഴിലാളികളുടെ ആശങ്കയകറ്റാന്‍ മുന്നോട്ടുവരാത്തത് തികച്ചും പ്രതിഷേധാര്‍ഹമാണ്.
നിരോധനം പ്രാബല്യത്തില്‍ വന്നാല്‍ വൈപ്പിന്‍ ദ്വീപ് മുതല്‍ കണ്ണമ്മാലിവരെയുള്ള തീരപ്രദേശത്ത് 50 ചതുരശ്രകിലോമീറ്ററോളം വിസ്‌തൃതിയില്‍ മല്‍സ്യബന്ധനം അസാധ്യമാകും. കൊച്ചി, മുനമ്പം മല്‍സ്യബന്ധന തുറമുഖങ്ങളെയും അനുബന്ധ വ്യവസായങ്ങളെയും ഇത് തകര്‍ച്ചയിലാക്കും. ആയിരക്കണക്കിന് മല്‍സ്യത്തൊഴിലാളികളുടെ ഉപജീവനം മുട്ടും. കേരളത്തിലെ മല്‍സ്യസമ്പത്തിന്റെ കലവറയായ കൊച്ചി പ്രദേശത്ത് വിവിധതരം മല്‍സ്യങ്ങള്‍ എല്ലാ സീസണിലും ലഭിക്കുന്നുണ്ടെന്നത് സര്‍ക്കാര്‍ കാണണം. മണ്‍സൂണ്‍കാലത്ത് മല്‍സ്യപ്രജനനം ഏറ്റവും തീവ്രമായി നടക്കുന്നത് അറബിക്കടലിലെയും കൊച്ചി കായലിലെയും ചില സവിശേഷ പ്രദേശങ്ങളിലാണ്. കയറ്റുമതിക്ക് ഉപയുക്തമായ ചെമ്മീന്‍, കണവ, ചെമ്പല്ലിക്കോര, അഴുക എന്നിവയ്‌ക്കൊപ്പം അയില, മത്തി എന്നിവയും വൈപ്പിന്‍ പ്രദേശത്ത് സമൃദ്ധമാണ്. വിദേശ ട്രോളറുകളുടെ ആഴക്കടല്‍ മല്‍സ്യബന്ധനംമൂലം മല്‍സ്യബന്ധനവ്യവസായവും ആ മേഖലയിലെ തൊഴിലാളികളും ഭീകരമായ തകര്‍ച്ചയെ നേരിട്ടുകൊണ്ടിരിക്കുന്നതിന് മധ്യേയാണ് മീന്‍പിടുത്തംതന്നെ നിരോധിക്കാനുള്ള സര്‍ക്കാരിന്റെ നീക്കം. മല്‍സ്യബന്ധനത്തെ മാത്രം ആശ്രയിച്ചുകഴിയുന്ന പരമ്പരാഗത മല്‍സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണ് നിര്‍ദ്ദിഷ്‌ട നിരോധിതമേഖല. നിരോധനം വന്നാല്‍ ആയിരക്കണക്കിന് മല്‍സ്യത്തൊഴിലാളി കുടുംബങ്ങള്‍ നിരാലംബരാവും എന്നത് മനസ്സിലാക്കി വിവേകപൂര്‍ണ്ണമായ തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. മത്സ്യത്തൊഴിലാളികളുടെ മത്സ്യബന്ധനാവകാശം തടസ്സപ്പെടുത്തുന്നതിനെതിരെ മത്സ്യത്തൊഴിലാളി സംഘടനകളുടെ യോജിച്ച പോരാട്ടം ഉയര്‍ന്നുവരണമെന്നും സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.
* * *