സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പുറപ്പെടുവിക്കുന്ന പ്രസ്‌താവന-22.04.2015
കേരളത്തില്‍ ഏറ്റവും ഫലപ്രദമായും കൃത്യമായും പുറത്തുവന്നുകൊണ്ടിരുന്ന എസ്.എസ്.എല്‍.സി പരീക്ഷാഫലം അട്ടിമറിച്ചതിന്റെ ഉത്തരവാദിത്വം വിദ്യാഭ്യാസമന്ത്രി ഏറ്റെടുക്കണം.
വിദ്യാഭ്യാസരംഗത്ത് ലോകശ്രദ്ധ തന്നെ ആകര്‍ഷിച്ച സംസ്ഥാനമാണ് കേരളം. കേരളത്തിന്റെ ആ മഹത്തായ പാരമ്പര്യത്തെ അട്ടിമറിക്കുന്ന സംഭവമായി എസ്.എസ്.എല്‍.സി പരീക്ഷാഫലത്തിന്റെ ക്രമക്കേട് മാറിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഇതു സംബന്ധിച്ച് ഫലപ്രദമായ അന്വേഷണം നടത്തി നാടിന് അപമാനം സൃഷ്‌ടിച്ചവരെ വെളിച്ചത്ത് കൊണ്ടുവരേണ്ടതുണ്ട്. അതിനായി വിദഗ്‌ദ്ധന്മാര്‍ ഉള്‍പ്പെടുന്ന ഒരു സമിതി രൂപീകരിച്ച് അന്വേഷണം നടത്തുന്നതിന് സര്‍ക്കാര്‍ അടിയന്തരമായും തയ്യാറാവണം.
സോഫ്‌ട്‌വെയറിനെ പഴിച്ച് തടിയൂരാനാണ് വിദ്യാഭ്യാസമന്ത്രി ഇപ്പോള്‍ ശ്രമിക്കുന്നത്. എന്നാല്‍, സോഫ്‌ട്‌വെയറിന് ഒരു കുഴപ്പവുമില്ലെന്ന് ഇത് തയ്യാറാക്കിയ നാഷണല്‍ ഇന്‍ഫര്‍മേറ്റിക് സെന്റര്‍ വ്യക്തമാക്കിയിട്ടുമുണ്ട്. ഇത് കാണിക്കുന്നത് എന്തുകൊണ്ട് ഇത്തരമൊരു ഗുരുതരമായ സ്ഥിതിവിശേഷമുണ്ടായി എന്നത് സംബന്ധിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തുന്ന തരത്തിലുള്ള ഉത്തരം സര്‍ക്കാരിന് നല്‍കാനാവുന്നില്ല എന്നതാണ്. ഇത് ജനാധിപത്യ സര്‍ക്കാരിന് ഒട്ടും ഭൂഷണമായിട്ടുള്ളതല്ല. കുട്ടികളുടെ പഠനത്തിന്റെ കാര്യത്തില്‍ രക്ഷിതാക്കള്‍ ഏറെ ശ്രദ്ധിക്കുന്ന കേരളത്തില്‍ അവരോടുള്ള വെല്ലുവിളിയായും ഈ സംഭവം മാറുകയാണ്.
ഉന്നതപഠനത്തിന് യോഗ്യത നേടിയ വിദ്യാര്‍ത്ഥി പുനഃപ്രസിദ്ധീകരണത്തിലൂടെ അതിന് അര്‍ഹരല്ല എന്ന സ്ഥിതി ഉണ്ടാകുമ്പോള്‍ അത് വിദ്യാര്‍ത്ഥികളില്‍ ഏല്‍പ്പിക്കുന്ന മാനസികാഘാതം വളരെ വലുതായിരിക്കും. അതിനാല്‍, വിദ്യാര്‍ത്ഥികളുടെ ജീവിതം കൊണ്ടുള്ള പന്താടലായി ഈ സംഭവം മാറിയിരിക്കുകയാണ്. ഒരു തലമുറയോട് ചെയ്യുന്ന ഈ കൊടും പാതകത്തിന്റെ ഉത്തരവാദികള്‍ക്ക് മാപ്പ് നല്‍കാനാവില്ല. വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടാകാനിടയുള്ള മാനസിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ഗൗരവമായ ഇടപെടല്‍ ഉണ്ടാവേണ്ടതുണ്ട്.
എസ്.എസ്.എല്‍.സി പരീക്ഷാഫലം വീണ്ടും പ്രസിദ്ധീകരിക്കേണ്ട സാഹചര്യം രൂപപ്പെട്ട ഘട്ടത്തില്‍ അഴിമതിവീരന്മാരും രംഗത്തിറങ്ങിക്കഴിഞ്ഞിരിക്കുകയാണ്. പരീക്ഷാഫലം വീണ്ടും പ്രസിദ്ധീകരിക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്കുകള്‍ കൂടുതല്‍ നല്‍കാമെന്ന് പറഞ്ഞുകൊണ്ട് പല ലോബികളും രംഗത്തിറങ്ങിയതായി വാര്‍ത്തയുണ്ട്. ഗ്രേസ് മാര്‍ക്കും മറ്റും അനര്‍ഹര്‍ക്ക് നല്‍കി അതിലൂടെ പണം കൊയ്യുന്നതിനുള്ള ലേലംവിളികളും ആരംഭിച്ചുകഴിഞ്ഞിരിക്കുകയാണ്. ഇത്തരം പ്രവണതകളേയും ഇല്ലാതാക്കുന്നതിന് ശക്തമായ ജാഗ്രത ഉണ്ടാവേണ്ടതുണ്ട്.
കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ മുഖം വികൃതമാക്കിയതിലുള്ള ഉത്തരവാദിത്വം വിദ്യാഭ്യാസമന്ത്രിക്കാണ്. കേരളത്തിന്റെ വിദ്യാഭ്യാസരംഗത്തെ പാരമ്പര്യങ്ങളെ കളഞ്ഞുകുളിച്ചുകൊണ്ട് നാടിന് അപമാനമുണ്ടാക്കിയ സംഭവത്തില്‍ ശക്തമായ പ്രതിഷേധം ഉയരണം.
തിരുവനന്തപുരം
22.04.2015
***