സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പുറപ്പെടുവിക്കുന്ന പ്രസ്‌താവന-03.05.2015

 സംസ്ഥാനത്ത്‌ അഴിമതിക്കാരായ രാഷ്‌ട്രീയക്കാരും ഉദ്യോഗസ്ഥരും ക്രിമിനലുകളും ചേര്‍ന്ന കൂട്ടുകെട്ടാണെന്നും സര്‍ക്കാര്‍ സമ്മര്‍ദംമൂലം സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ലെന്നും വിജിലന്‍സ്‌ ഡയറക്ടര്‍ തുറന്നുപറഞ്ഞത്‌ അതീവ ഗുരുതരമായ വിഷയമാണ്‌. ഔദ്യോഗിക സ്ഥാനം വഹിക്കുന്ന ഉദ്യോഗസ്ഥമേധാവിക്ക്‌ ഇങ്ങനെ തുറന്നുപറയേണ്ടിവരുന്നത്‌ ചരിത്രത്തില്‍ ആദ്യമാണ്‌. ഇത്‌ ഭരണരംഗത്തെ സമ്പൂര്‍ണ അരാജകത്വത്തിന്റെ തെളിവാണ്‌.

 
കേസുകള്‍ അന്വേഷിക്കാന്‍ വിജിലന്‍സിനെയോ പൊലീസിനെയോ ഗവണ്‍മെന്റ്‌ അനുവദിക്കുന്നില്ല. വിജിലന്‍സ്‌ ഡയറക്ടര്‍ വിന്‍സെന്റ്‌ എം പോള്‍ സൂചിപ്പിച്ച അവിശുദ്ധ കൂട്ടുകെട്ട്‌ യുഡിഎഫ്‌ ഭരണം കേരളത്തെ എത്തിച്ച ദുരന്തമാണ്‌. ബാര്‍ കോഴ കേസ്‌ ധനമന്ത്രിയും എക്‌സൈസ്‌ മന്ത്രിയും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ വിജിലന്‍സ്‌ അന്വേഷണം അട്ടിമറിക്കപ്പെടുന്നു, അതിന്‌ ആഭ്യന്തരവകുപ്പും മുഖ്യമന്ത്രിയുടെ ഓഫീസും ഇടപെടുന്നു എന്നതിന്റെ സ്ഥിരീകരണമാണിത്‌. കേരളത്തില്‍ അഴിമതി പടര്‍ന്നുപിടിക്കുകയാണെന്നും വിജിലന്‍സ്‌ ഡയറക്ടര്‍ തുറന്നുപറഞ്ഞിട്ടുണ്ട്‌.
 
അഴിമതിക്കാര്‍ അധികാരം കൈയ്യാളുമ്പോള്‍ അന്വേഷണ സംവിധാനങ്ങള്‍ അഴിമതിയുടെ സംരക്ഷകരാകുന്നു. രാഷ്‌ട്രീയ അപചയത്തിന്റെയും അധികാര ദുര്‍വിനിയോഗത്തിന്റെയും അഴിമതിയുടെയും കുത്തരങ്ങായി കേരളത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മാറ്റിയിരിക്കുന്നു. അത്‌ അന്വേഷണ സംവിധാനത്തെ നയിക്കേണ്ട വ്യക്തിതന്നെ പരസ്യമായി തുറന്നുപറയേണ്ടിവരുമ്പോള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‌ അധികാരത്തില്‍ തുടരാനുള്ള ധാര്‍മിക അവകാശം പാടേ ഇല്ലാതായിരിക്കുന്നു. കേരളത്തിലെ ചിന്താശേഷിയുള്ള ജനങ്ങളാകെയും യുഡിഎഫിനോടൊപ്പം അണിനിരക്കുന്നവരും ഇത്‌ തിരിച്ചറിഞ്ഞ്‌ പ്രതികരിക്കാന്‍ തയ്യാറാകണം.

തിരുവനന്തപുരം
03.05.2015

***