സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിക്കുന്ന പ്രസ്‌താവന-03.05.2015
പെട്രോള്‍-ഡീസല്‍ എന്നിവയ്‌ക്ക് വില വര്‍ദ്ധിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നിരവധി തവണ പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് വില വര്‍ദ്ധിപ്പിക്കുകയുണ്ടായി. കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ മാത്രം രണ്ടുതവണ വില വര്‍ദ്ധിപ്പിക്കുന്ന സ്ഥിതി ഉണ്ടായി. അന്താരാഷ്‌ട്ര മാര്‍ക്കറ്റില്‍ ക്രൂഡോയിലിന്റെ വില ചരിത്രത്തില്‍ ഏറ്റവും താഴ്‌ന്ന നിലവാരത്തിലെത്തിയിട്ടും അതിന്റെ നേട്ടം ജനങ്ങള്‍ക്ക് ലഭിക്കുന്നതിനുള്ള യാതൊരു നടപടിയും സര്‍ക്കാര്‍ സ്വീകരിക്കുകയുണ്ടായില്ല. മാത്രമല്ല നിരവധി തവണ എക്‌സൈസ് തീരുവ വര്‍ദ്ധിപ്പിച്ചുകൊണ്ട് ജനങ്ങള്‍ക്ക് മുകളില്‍ അമിതഭാരം കയറ്റി വെക്കാനാണ് സര്‍ക്കാര്‍ പരിശ്രമിച്ചിട്ടുള്ളത്. ഇപ്പോള്‍ പെട്രോളിന് 3.96 രൂപയും ഡീസലിന് 2.37 രൂപയുമാണ് കേന്ദ്രസര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. പെട്രോളിയം ഉല്‍പന്നങ്ങളുടെ വില വര്‍ദ്ധനവ് കേരളം പോലുള്ള ഉപഭോഗ സംസ്ഥാനത്ത് വിലക്കയറ്റം കൂടുതല്‍ രൂക്ഷമാക്കുന്നതിന് സാഹചര്യമൊരുക്കുകയാണ് ചെയ്യുക.
ആഗോളവല്‍ക്കരണനയങ്ങള്‍ ശക്തമായി നടപ്പിലാക്കിയ രണ്ടാം യു.പി.എ സര്‍ക്കാര്‍ പെട്രോളിന്റെ വില നിയന്ത്രണം എടുത്ത് മാറ്റുകയാണ് ചെയ്‌തത്. അതേനയം നടപ്പിലാക്കി കൊണ്ടിരിക്കുന്ന മോഡി സര്‍ക്കാരാവട്ടെ ഡീസലിന്റെ വില നിയന്ത്രണവും എടുത്ത് കളഞ്ഞ് ജനങ്ങളെ കണ്ണീര് കുടിപ്പിച്ചിരിക്കുന്നു. രണ്ടാം യു.പി.എ സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ കൂടുതല്‍ ശക്തമായി നടപ്പിലാക്കുകയാണ് ബി.ജെ.പിയും ചെയ്യുക എന്ന് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ സി.പി.ഐ (എം) മുന്നോട്ട് വെച്ച നിലപാട് ശരിയായിരുന്നുവെന്ന് ഇതിലൂടെ ആര്‍ക്കും ബോധ്യപ്പെടുന്ന സ്ഥിതിയും ഉണ്ടായിരിക്കുകയാണ്.
ബി.ജെ.പി സര്‍ക്കാരിന്റെ നയങ്ങള്‍ ജനങ്ങളെ കൊള്ളയടിക്കുന്ന സാഹചര്യത്തില്‍ ഇതിനെതിരായി ലോക്കലുകളിലെ പ്രധാന കേന്ദ്രങ്ങളില്‍ പ്രകടനങ്ങള്‍ നടത്തിയും മറ്റു പ്രതിഷേധപരിപാടികള്‍ സംഘടിപ്പിച്ചും ജനങ്ങള്‍ സമരരംഗത്ത് ഇറങ്ങണമെന്ന് സെക്രട്ടേറിയറ്റ് അഭ്യര്‍ത്ഥിക്കുന്നു.
തിരുവനന്തപുരം
03.05.2015
***