സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവന-07.05.2015

ശുചിത്വകേരള പ്രസ്ഥാനത്തിന്റെ ഭാഗമായി മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനത്തില്‍ പാര്‍ടി പ്രവര്‍ത്തകര്‍ ശക്തമായി ഇടപെടണം

മഴക്കാലപൂര്‍വ്വ ശുചീകരണം ഫലപ്രദമായി നടത്തിയെങ്കില്‍ മാത്രമേ മഴക്കാലത്ത്‌ പടര്‍ന്ന്‌ പിടിക്കുന്ന രോഗങ്ങളില്‍ നിന്ന്‌ കേരളത്തെ രക്ഷപ്പെടുത്തി എടുക്കാനാവൂ. അതിനായുള്ള ഇടപെടല്‍ എന്ന നിലയില്‍ കൂടിയാണ്‌ ഈ പ്രവര്‍ത്തനത്തെ പാര്‍ടി കാണുന്നത്‌. ശുചീകരണ പ്രവര്‍ത്തനത്തില്‍ പ്ലാസ്റ്റിക്‌ നിര്‍മ്മാര്‍ജ്ജനത്തിന്‌ പ്രത്യേക ഊന്നല്‍ നല്‍കാന്‍ കഴിയേണ്ടതുണ്ട്‌. മെയ്‌ 24-ന്‌ കേരളം മുഴുവന്‍ ഇതിനായുള്ള പ്രവര്‍ത്തനത്തിന്‌ പാര്‍ടി മെമ്പര്‍മാരും പാര്‍ടി ബന്ധുക്കളും വര്‍ഗ-ബഹുജനസംഘടനാ പ്രവര്‍ത്തകരും പങ്കാളിയാവണം. ശുചീകരണ പ്രവര്‍ത്തനത്തില്‍ സഹകരിക്കാന്‍ തയ്യാറുള്ള എല്ലാ സംഘടനകളേയും വ്യക്തികളേയും സഹകരിപ്പിക്കുന്നതിനും പാര്‍ടിയുടെ എല്ലാ ഘടകങ്ങളും മുന്‍കൈ എടുക്കണം. വീടുകളില്‍ നിന്ന്‌ പ്ലാസ്റ്റിക്‌ സംഭരിക്കാനും പൊതു സ്ഥലങ്ങളെ പ്ലാസ്റ്റിക്‌ വിമുക്തമാക്കാനും കഴിയണം.

അതോടൊപ്പം തന്നെ പൊതുസ്ഥലങ്ങളിലും പറമ്പുകളിലും മറ്റും വെള്ളം കെട്ടിനിന്ന്‌ കൊതുക്‌ വളരാന്‍ ഇടയാകുന്ന സാഹചര്യങ്ങളെ ഒഴിവാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലും ശ്രദ്ധ ഉണ്ടാവേണ്ടതാണ്‌.

കേരളത്തെ മാലിന്യ വിമുക്തമാക്കാനും അതുവഴി മഴക്കാല രോഗങ്ങളില്‍ നിന്ന്‌ കേരളത്തെ രക്ഷപ്പെടുത്തുന്നതിനുമുള്ള ഈ പ്രവര്‍ത്തനത്തിനായി മെയ്‌ 24-ാം തീയതി മാറ്റിവെക്കാന്‍ എല്ലാ പാര്‍ടി ഘടകങ്ങളോടും സെക്രട്ടേറിയറ്റ്‌ ആവശ്യപ്പെടുന്നു.

തിരുവനന്തപുരം
07.05.2015
 

***