കൊച്ചിന്‍ കപ്പല്‍ നിര്‍മ്മാണ ശാലയുടെ നിര്‍മ്മാണ കേന്ദ്രം ഗുജറാത്തിലേക്ക് മാറ്റാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം അടിയന്തരമായി അവസാനിപ്പിക്കണം.
കൊച്ചിന്‍ കപ്പല്‍ നിര്‍മ്മാണശാലയെ സ്വകാര്യവല്‍ക്കരിക്കുന്നതിനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഇവിടെ ഉയര്‍ന്ന് വന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്‌കരിയുടെ പ്രത്യേക താല്‍പര്യപ്രകാരമാണ് കൊച്ചിന്‍ കപ്പല്‍ നിര്‍മ്മാണ ശാലയുടെ അടുത്ത നിര്‍മ്മാണ കേന്ദ്രം ഗുജറാത്തിലെ കണ്ടേല തുറമുഖത്തിന് അനുബന്ധമായി സ്ഥാപിക്കാന്‍ നീക്കം തുടങ്ങിയത്.
കൊച്ചിന്‍ കപ്പല്‍ നിര്‍മ്മാണ ശാലയുടെ ഓര്‍ഡറുകള്‍ക്കുമായി പ്രത്യേക പദ്ധതി പ്രകാരം പുതിയ ഡോക്ക് നിര്‍മ്മിക്കാന്‍ 1200 കോടി രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അതിന്റെ വിശദാംശങ്ങള്‍ വന്നപ്പോള്‍ കപ്പല്‍ ശാലയുടെ ഓഹരി വില്‍പനയിലൂടെയും ബോണ്ടിലൂടെയും സ്ഥാപനത്തിന്റെ നീക്കിയിരിപ്പ് തുകയില്‍ കണ്ടെത്തണമെന്ന നിര്‍ദ്ദേശമായിരുന്നു ഉണ്ടായിരുന്നത്. ഇതിനെതിരെ ശക്തമായ എതിര്‍പ്പ് ഉയര്‍ന്നുവന്നു. ഈ പശ്ചാത്തലത്തിലാണ് മേല്‍പറഞ്ഞ നീക്കം ശക്തിപ്പെട്ടിട്ടുള്ളത്. നാവികസേനയുടെ ഓര്‍ഡറുകള്‍ നല്‍കാതെ കൊച്ചിന്‍ കപ്പല്‍നിര്‍മ്മാണശാലയെ നേരത്തെ തന്നെ തകര്‍ക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. വിവിധ കേന്ദ്രസ്ഥാപനങ്ങള്‍ക്കായുള്ള നിര്‍മ്മാണ പ്രവര്‍ത്തിയില്‍നിന്ന് കപ്പല്‍നിര്‍മ്മാണ ശാലയെ പുറന്തള്ളാനുള്ള പദ്ധതിയും ആരംഭിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരാവട്ടെ ഇത്തരം നീക്കങ്ങളെ പ്രതിരോധിക്കാന്‍ തയ്യാറായതുമില്ല.
കഴിഞ്ഞ വര്‍ഷം മാത്രം കപ്പല്‍ ശാലയ്‌ക്ക് 195 കോടി രൂപ ലാഭമുണ്ടാക്കി മുന്നോട്ട് പോകുന്ന സ്ഥിതിയാണ് ഉണ്ടായത്. നല്ല നിലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഈ കപ്പല്‍ ശാലയ്‌ക്കെതിരെ കപ്പല്‍ നിര്‍മ്മാണശാല സന്ദര്‍ശിക്കുക പോലും ചെയ്യാതെ പാര്‍ലമെന്ററി കമ്മിറ്റി സാങ്കേതിക വിദഗ്‌ദ്ധരുടെ കുറവുണ്ടെന്ന കാര്യം എഴുതി വെയ്‌ക്കുന്ന സ്ഥിതി പോലും ഉണ്ടാവുകയും ചെയ്‌തു. എ.കെ.ജി ഉള്‍പ്പെടെയുള്ള നേതാക്കളുടെ നേതൃത്വത്തില്‍ നടന്ന ഉജ്ജ്വലമായ നിരവധി പോരാട്ടങ്ങളുടെ ഫലമായി കേരളത്തിലേക്ക് വന്ന ഈ സ്ഥാപനത്തെ തകര്‍ക്കുവാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്ട്.
തിരുവനന്തപുരം
11.05.2015
***