രാഷ്ട്രീയ സ്ഥിതിഗതികള്‍
കേരളത്തിലെ യു.ഡി.എഫ് സര്‍ക്കാരിന്റെ ഭരണം നാലുവര്‍ഷം പൂര്‍ത്തിയാവുകയാണ്. യു.ഡി.എഫിനകത്തുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ തന്നെ ഏറെ സമയം നീക്കിവെക്കേണ്ട സ്ഥിതിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. അതിനാല്‍ തന്നെ കേരളത്തിലെ ഭരണസംവിധാനം ഫലപ്രദമായി ചലിപ്പിക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. ഇത്തരം തര്‍ക്കങ്ങള്‍ ഉപയോഗിച്ച് പരമാവധി വിലപേശി കൂടുതല്‍ സ്ഥാനമാനങ്ങള്‍ നേടുന്നതിനും കൈക്കൂലി കഴിയാവുന്നത്ര വാങ്ങി കൂട്ടുന്നതിനുമാണ് യു.ഡി.എഫിലെ പല കക്ഷികളും പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഈ അരാജകത്വരീതി സംസ്ഥാനത്തെ ഫലത്തില്‍ ഭരണമില്ലാത്ത അവസ്ഥയിലേക്ക് എത്തിച്ചിരിക്കുകയാണ്.
സര്‍ക്കാരിന്റെ ഇത്തരം തെറ്റായ സമീപനങ്ങള്‍ക്കെതിരെ വലിയ പ്രതിഷേധം ജനങ്ങള്‍ക്കിടയില്‍ രൂപപ്പെട്ട് വന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അരുവിക്കര നിയമസഭാ മണ്ഡലത്തിലേക്കുള്ള തെരഞ്ഞെടുപ്പും തുടര്‍ന്ന് തദ്ദേശസ്വയംഭരണ സ്ഥാപനത്തിലേക്കും തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നു. കേരളത്തിന്റെ രാഷ്‌ട്രീയരംഗത്തെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമായവ കൂടിയായിരിക്കും ഈ തെരഞ്ഞെടുപ്പുകള്‍. എല്‍.ഡി.എഫിന്റെ ബഹുജന അടിത്തറ ശക്തിപ്പെടുത്തികൊണ്ട് ഈ പോരാട്ടങ്ങളില്‍ സജീവമായി പങ്കെടുക്കാന്‍ പാര്‍ടി ഘടകങ്ങളും വര്‍ഗ-ബഹുജന സംഘടനകളും സജ്ജമാണ്.
കേന്ദ്രത്തില്‍ മോഡി സര്‍ക്കാര്‍ അധികാരത്തിലെത്തി 11 മാസം തികയുകയാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ ബി.ജെ.പിക്ക് അനുകൂലമായി ഉണ്ടായിരുന്ന സ്ഥിതിവിശേഷം അതേപോലെ ഇന്ന് നിലനില്‍ക്കുന്നില്ല. എന്നാല്‍ കേന്ദ്രത്തിലുള്ള അധികാരം ഉപയോഗിച്ചും ആര്‍.എസ്.എസിന്റെ സംഘടനാ ശേഷി ഉപയോഗിച്ചും തങ്ങളുടെ സ്വാധീനം വിപുലീകരിക്കുന്നതിനുള്ള ശ്രമങ്ങള്‍ ബി.ജെ.പി നടത്തുന്നുണ്ട്. ജാതി സംഘടനകളില്‍ ഇടപെട്ടും ന്യൂനപക്ഷത്തിനെതിരായ പ്രചരണങ്ങള്‍ സംഘടിപ്പിച്ചും വര്‍ഗീയ ധ്രുവീകരണം സൃഷ്‌ടിക്കുന്നതിനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ കേരളത്തിന്റെ നവോത്ഥാനപരമായ പാരമ്പര്യത്തിന് പോറലേല്‍പിക്കുന്നുണ്ട് എന്നതും നാം ജാഗ്രതയോടെ കാണേണ്ടതാണ്. ഇന്നേവരെ നിയമസഭയിലോ പാര്‍ലമെന്റിലോ കേരളത്തില്‍നിന്ന് സീറ്റ് ബി.ജെ.പിക്ക് ലഭിച്ചിട്ടില്ല. ഇത് നേടുക എന്ന ലക്ഷ്യത്തോടെയുള്ള പ്രചരണങ്ങളില്‍ അവര്‍ കേന്ദ്രീകരിച്ചിരിക്കുകയാണ്.
II
മോഡി സര്‍ക്കാരിന്റെ പ്രവര്‍ത്തനം
കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ പാര്‍ടി മുന്നോട്ട് വെച്ച കാര്യം കോണ്‍ഗ്രസിന്റെ അതേ സാമ്പത്തികനയങ്ങള്‍ തീവ്രമായി തന്നെ ബി.ജെ.പി പിന്തുടരും എന്നാണ്. ഇത് അടിവരയിടുന്ന വിധത്തിലാണ് മോഡി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. ഉദാരവല്‍ക്കരണനയങ്ങള്‍ ശക്തമായി നടപ്പിലാക്കുന്നതിനാണ് പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ ഓരോ നയങ്ങളും ഈ വസ്‌തുത പുറത്ത് കൊണ്ടുവരുന്നുണ്ട്. പെട്രോളിയം ഉല്‍പന്നങ്ങളുടെ വില നിയന്ത്രണമാണ് രണ്ടാം യു.പി.എ സര്‍ക്കാര്‍ എടുത്ത് മാറ്റിയതെങ്കില്‍ ഡീസലിന്റെ വില നിയന്ത്രണവും ബി.ജെ.പി സര്‍ക്കാര്‍ ഉപേക്ഷിച്ചു. അന്താരാഷ്‌ട്ര മാര്‍ക്കറ്റിലെ വില നിലവാരം നോക്കിയാല്‍ 35 രൂപയോളം വിലയ്‌ക്ക് പെട്രോള്‍ ഇവിടെ നല്‍കാന്‍ കഴിയുമായിരുന്നിട്ടും ഒരു ലിറ്ററിന് 70 രൂപ വരെ വില നിശ്ചയിച്ച് റിലയന്‍സ് ഉള്‍പ്പെടെയുള്ള പെട്രോളിയം കമ്പനികളുടെ താല്‍പര്യങ്ങള്‍ക്കായി ജനങ്ങളെ കൊള്ളയടിക്കുന്നതിന് കൂട്ടുനില്‍ക്കുകയാണ് ബി.ജെ.പി സര്‍ക്കാര്‍.
കോര്‍പ്പറേറ്റ്‌വല്‍ക്കരണവും ഹിന്ദുത്വ അജണ്ടയുമാണ് അവര്‍ മുന്നോട്ട് വെക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ ഓരോ നയങ്ങളും ഇത് വ്യക്തമാക്കുന്നു. കഴിഞ്ഞ കേന്ദ്രബജറ്റില്‍ കോര്‍പ്പറേറ്റ് നികുതി അഞ്ചുശതമാനം കുറച്ചിരിക്കുകയാണ്. ഭൂമിയില്‍ നിന്ന് കര്‍ഷകരെ ആട്ടിയോടിച്ച് കോര്‍പ്പറേറ്റുകളെ പ്രതിഷ്‌ഠിക്കുന്നതിനാണ് ഭൂമി ഏറ്റെടുക്കല്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്. പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റുതുലയ്‌ക്കുന്ന നടപടികളും ഊര്‍ജ്ജിതപ്പെടുത്തിയിരിക്കുന്നു. കഴിഞ്ഞ ബജറ്റില്‍ പൊതുമേഖലാ ഓഹരി വില്‍പനയിലൂടെ 70,000 കോടി രൂപ സമാഹരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. ഇക്കാര്യത്തിലുള്ള സര്‍വകാല റിക്കോര്‍ഡായി ഇത് മാറിയിരിക്കുന്നു. റെയില്‍വെ, പ്രതിരോധം തുടങ്ങിയ മേഖലകളേയും സ്വകാര്യവല്‍ക്കരിക്കുന്നതിനുള്ള തീവ്രപരിപാടികള്‍ ആരംഭിച്ചിരിക്കുകയാണ്. ധനകാര്യമേഖലയില്‍ ധനമൂലധന ശക്തികള്‍ കടുന്നുവരുന്നതിനുള്ള തടസങ്ങളെല്ലാം നീക്കി എടുക്കാനുള്ള തിരക്കിലാണ് മോഡി സര്‍ക്കാര്‍. ബാങ്ക്, ഇന്‍ഷുറന്‍സ് മേഖലകളിലെ പ്രത്യക്ഷ വിദേശ നിക്ഷേപ പരിധി തുടര്‍ച്ചയായി വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ ഈ യാഥാര്‍ത്ഥ്യം വ്യക്തമാക്കുന്നു. നവമാധ്യമരംഗത്ത് പിടിമുറുക്കുന്നതിനും കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും ഉതകുന്ന നിയമനിര്‍മ്മാണങ്ങളിലേക്ക് കേന്ദ്രസര്‍ക്കാര്‍ നീങ്ങുകയാണ്.
ഇന്ത്യയുടെ സമ്പന്നമായ കടല്‍ സമ്പത്ത് വിദേശ കുത്തകകള്‍ക്ക് തീറെഴുതുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയാണ്. ആദിവാസികളുടെ സംരക്ഷണത്തിനായി നിര്‍മ്മിക്കപ്പെട്ട വനാവകാശനിയമം കോര്‍പ്പറേറ്റുകള്‍ക്കായി പൊളിച്ചെഴുതാന്‍ ശ്രമിക്കുകയാണ്. തൊഴില്‍ നിയമങ്ങള്‍ തൊഴിലാളി വിരുദ്ധമായി ഭേദഗതി ചെയ്യുന്നതിനുള്ള നടപടികളും ആരംഭിച്ചു കഴിഞ്ഞു. രാജ്യത്തിന്റെ മോട്ടോര്‍ മേഖലയും കോര്‍പ്പറേറ്റുകള്‍ക്കായി തുറന്ന് കൊടുക്കുന്നതിനുള്ള നിയമനിര്‍മ്മാണങ്ങളും തുടങ്ങി കഴിഞ്ഞു. ഗ്രാമീണ ജനതയെ ജീവിതം മെച്ചപ്പെടുത്താന്‍ കൊണ്ടുവന്നിട്ടുള്ള തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ആരംഭിച്ച് കഴിഞ്ഞിരിക്കുന്നു. ആസൂത്രണ കമ്മീഷനെ തന്നെ ഇല്ലാതാക്കി ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്നതിനുള്ള സംഘപരിവാര്‍ അജണ്ട നടപ്പാക്കുകയാണ്.
കേന്ദ്ര നയങ്ങള്‍ക്കെതിരായി പ്രക്ഷോഭം ശക്തിപ്പെടുന്നു
ജനദ്രോഹനയങ്ങള്‍ രാജ്യത്ത് നടപ്പിലാക്കുമ്പോള്‍ അതിനെതിരായി പ്രതിഷേധം ഉയര്‍ന്ന് വരിക സ്വാഭാവികമാണ്. അത്തരം പ്രതിഷേധങ്ങള്‍ രാജ്യത്താകമാനം വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഭൂമി ഏറ്റെടുക്കല്‍ നിയമത്തിനെതിരായി കര്‍ഷകര്‍ രാജ്യത്താകമാനം പ്രക്ഷോഭ രംഗത്ത് ഇറങ്ങിയത് ഇതിന്റെ ഉദാഹരണമാണ്. കടലോരമേഖലയിലെ ജനത നിലനില്‍പിനായി വലിയ സമരങ്ങളിലേക്ക് നീങ്ങിയിരിക്കുകയാണ്. മോട്ടോര്‍മേഖലയിലെ കോര്‍പ്പറേറ്റ്‌വല്‍ക്കരണത്തിനെതിരായി അഖിലേന്ത്യാതലത്തില്‍ തന്നെ വിജയകരമായ പണിമുടക്കും നടന്നു കഴിഞ്ഞു. വനാവകാശനിയമം പൊളിച്ചെഴുതുന്നതിനെതിരെ ആദിവാസി വിഭാഗങ്ങളുടെ പ്രക്ഷോഭങ്ങളും രംഗത്ത് എത്തിയിരിക്കുന്നു. തൊഴില്‍ നിയമങ്ങള്‍ തിരുത്തി എഴുതുന്നതിനെതിരായി തൊഴിലാളികളുടെ ചെറുത്തുനില്‍പും രാജ്യത്ത് വളര്‍ന്നുവന്നുകൊണ്ടിരിക്കുകയാണ്. നവമാധ്യമരംഗം കുത്തകകള്‍ക്ക് ലാഭത്തിന്റെ കേന്ദ്രമാക്കി മാറ്റാനുള്ള നീക്കത്തിനെതിരെയും ആ രംഗത്ത് പ്രതിഷേധം വ്യാപകമായി കഴിഞ്ഞു. രാഷ്ട്രീയ ഭിന്നതകളെ മറന്നുകൊണ്ടാണ് ഇത്തരം പ്രക്ഷോഭങ്ങള്‍ രൂപപ്പെട്ട് വരുന്നത് എന്നത് രാജ്യത്തെ ജനത അനുഭവിക്കുന്ന പ്രയാസങ്ങളുടെ സൂചന കൂടിയാണ്.
വര്‍ഗീയ അജണ്ടകള്‍ അടിച്ചേല്‍പിക്കുന്നു
ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ഉയര്‍ന്നുവരുന്ന പ്രക്ഷോഭത്തെ ദുര്‍ബലപ്പെടുത്തുന്നതിന് കൂടിയാണ് വര്‍ഗീയ അജണ്ടകള്‍ മുന്നോട്ട് വയ്‌ക്കുന്നത്. ആര്‍.എസ്.എസിന്റെ വര്‍ഗീയവല്‍ക്കരണ അജണ്ട ജനങ്ങളെ തമ്മിലടിപ്പിക്കുന്നതിനും അതുവഴി തങ്ങളുടെ രാഷ്‌ട്രീയ അജണ്ട നടപ്പിലാക്കുന്നതിനും വേണ്ടിയുള്ളതാണ്. ഇന്ത്യയില്‍ നിലനില്‍ക്കുന്ന മതേതര മൂല്യങ്ങളെ ഇല്ലാതാക്കുന്ന ഘര്‍വാപസി, ഗോവധ നിരോധനം, ലൗജിഹാദ് തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഇതിന്റെ ഭാഗമാണ്. മുസ്ലീങ്ങള്‍ക്ക് വോട്ടവകാശം നല്‍കാന്‍ പാടില്ലെന്നും അവരില്‍ പലരേയും ബംഗ്ലാദേശിലേക്കും മറ്റും ഓടിക്കണമെന്നുമുള്ള വാദങ്ങളും ഉയര്‍ത്തിക്കൊണ്ട് രാജ്യത്തിന്റെ മതേതരപാരമ്പര്യങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ക്രിസ്‌ത്യന്‍ ദേവാലയങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങളും ഇത്തരം നീക്കത്തിന്റെ ഭാഗമാണ്. ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ അവകാശങ്ങളെ ഇല്ലാതാക്കുന്ന വിവിധ തരത്തിലുള്ള നടപടികളും സ്വീകരിച്ചുവരികയാണ്.
വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാനാണ് ബി.ജെ.പി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇന്ത്യന്‍ ചരിത്രഗവേഷണ കൗണ്‍സിലിന്റെ ചെയര്‍മാനായി പ്രൊഫ. സുദര്‍ശന്‍ റാവുവിനെ നിയമിച്ചത് ഇതിന്റെ ഭാഗമായിട്ടായിരുന്നു. ദീനാനാഥ് ബത്രയുടെ നേതൃത്വത്തിലുള്ള `ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍ ന്യാസ്' എന്ന ആര്‍.എസ്.എസ് സംഘടന പാഠപുസ്‌തകങ്ങള്‍ പൊളിച്ചെഴുതുന്നതിന് ഒരു കമ്മീഷനെ നിയോഗിച്ചിരിക്കുന്നതും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ്.
III
യു.ഡി.എഫ് സര്‍ക്കാര്‍ സമസ്‌തമേഖലയും തകര്‍ക്കുന്നു
രാജ്യം നേടിയ നേട്ടങ്ങളെയെല്ലാം തകര്‍ക്കുന്ന വിധം ബി.ജെ.പി സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോള്‍ അതിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് മുന്നോട്ട് പോവാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല. യു.ഡി.എഫ് സര്‍ക്കാരാവട്ടെ കേന്ദ്രസര്‍ക്കാരിന്റെ ഇത്തരം നയങ്ങളെ കൂടുതല്‍ തീവ്രമായി നടപ്പിലാക്കുന്നതിന് മുന്നിട്ടിറങ്ങുകയാണ്. കേരള വികസനത്തിന് അടിസ്ഥാനമിട്ട ഭൂപരിഷ്‌കരണ നിയമങ്ങളെ പോലും അട്ടിമറിക്കുന്നതിനുള്ള ഇടപെടലും ഇതിന്റെ ഭാഗമാണ്. വിവിധ മേഖലകളില്‍ കോര്‍പ്പറേറ്റുവല്‍ക്കരണമാണ് യു.ഡി.എഫ് ലക്ഷ്യമിടുന്നത്.
സാമ്പത്തിക നില തകര്‍ച്ചയില്‍
യു.ഡി.എഫ് ഭരണത്തിന്‍ കീഴില്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക നില ഗുരുതരാവസ്ഥയിലേക്ക് എത്തിയിരിക്കുന്നു. സര്‍ക്കാരിന്റെ കടബാധ്യത വന്‍തോതില്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ ആകെ കടം 78,673.24 കോടി രൂപയാണ്. നാല് വര്‍ഷം പിന്നിടുമ്പോഴേക്കും അത് 1,34,850 കോടിരൂപയായി ഉയര്‍ന്നിരിക്കുന്നു. ജനങ്ങള്‍ക്ക് മേല്‍ നാലു വര്‍ഷം കൊണ്ട് 8412.48 കോടി രൂപയുടെ പുതിയ നികുതികളും വൈദ്യുതി ചാര്‍ജ്ജിനത്തില്‍ 3500 കോടി രൂപയുടെ അധികഭാരവും അടിച്ചേല്‍പിച്ചിട്ടും ക്ഷേമപദ്ധതികള്‍ ഉള്‍പ്പെടെ ഇല്ലാതാക്കിയിട്ടുകൂടിയാണ് ഇത്തരം ഒരു സാഹചര്യം ഉണ്ടായത്. നിലനില്‍ക്കുന്ന നികുതി തന്നെ പിരിച്ചെടുക്കുന്ന കാര്യത്തിലും സര്‍ക്കാര്‍ പരാജയമാണ്. വന്‍കിട നികുതി ദായകര്‍ക്ക് സ്റ്റേ അനുവദിച്ചതുകൊണ്ടുള്ള സമീപനവും നികുതി വകുപ്പിനെ കാര്യക്ഷമമായി നയിക്കുന്നതിലുള്ള പരാജയവുമാണ് ഈ സ്ഥിതി വിശേഷം സൃഷ്‌ടിച്ചിരിക്കുന്നത്.
പദ്ധതി ചെലവുകള്‍ വെട്ടിച്ചുരുക്കുകയും അതേസമയം പദ്ധതിയിതര ചെലവുകള്‍ വര്‍ദ്ധിക്കുകയും ചെയ്യുക എന്ന ഗൗരവകരമായ അവസ്ഥയും ഉണ്ടായിട്ടുണ്ട്. ഇതിലൂടെ കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ മുരടിക്കുകയാണ്. ബജറ്റുകളില്‍ പദ്ധതികള്‍ പലതും പ്രഖ്യാപിക്കപ്പെടുന്നുണ്ടെങ്കിലും അവയെല്ലാം കടലാസില്‍ തന്നെ തുടരുന്നു എന്നതാണ് അനുഭവം. അടിസ്ഥാന മേഖലയിലെ വന്‍കിട പദ്ധതികള്‍ക്ക് നടപ്പ് സാമ്പത്തിക വര്‍ഷം(2014-15) 1222.99 കോടി ബജറ്റില്‍ വകയിരുത്തിയിരുന്നു. എന്നാലിതില്‍ ആകെ ചെലവഴിച്ചത് നിയമസഭയില്‍ തന്ന കണക്ക്‌പ്രകാരം 0% മാത്രം. പദ്ധതി ഇതര ചെലവുകളുടെ കാര്യത്തില്‍ ബജറ്റ് എസ്റ്റിമേറ്റിനേക്കാള്‍ 15-20 ശതമാനം കൂടുതലാണ് ഈ രംഗത്തെ ചെലവഴിക്കല്‍.
കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ ലാപ്‌സാക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ മുന്‍പന്തിയിലാണ് താനും. 2011-12 ല്‍ 32 ഇനങ്ങളിലായി 141 കോടി 86 ലക്ഷം രൂപ ലാപ്‌സാക്കിയിട്ടുണ്ട്. 2012-13 ല്‍ 96.75 കോടി ചെലവഴിക്കാതെ പോയിട്ടുണ്ട്. 2013-14 ല്‍ ലാപ്‌സാക്കിയത് 347.11 കോടിയാണ്. മറ്റ് കേന്ദ്ര പദ്ധതികളില്‍ 2013-14 ല്‍ മാത്രം 547 കോടി രൂപ ലാപ്‌സാക്കിയിട്ടുണ്ട്. ഈ ഇനത്തില്‍ 2013-14 ല്‍ 517 കോടി രൂപയാണ് സംസ്ഥാനത്തിന് നഷ്‌ടമായിട്ടുള്ളത്.
ബജറ്റില്‍ പ്രഖ്യാപനങ്ങള്‍ നടത്തുക, പരസ്യങ്ങളിലൂടെ വന്‍ പ്രചാരണം നല്‍കുക, സംസ്ഥാനതല ഉദ്‌ഘാടനങ്ങള്‍ നടത്തുക, തറക്കല്ല് ഇടുക, അസംബ്ലിയില്‍ ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ കൃത്യമായി മറുപടി നല്‍കാതിരിക്കുക ഇതാണ് ഈ സര്‍ക്കാരിന്റെ മുഖമുദ്ര. 4 വര്‍ഷം കൊണ്ട് പത്ര-ദൃശ്യമാധ്യമങ്ങളിലൂടെ 110 കോടി രൂപ നടക്കാത്ത പദ്ധതികളുടെ പരസ്യത്തിനായി ചെലവഴിച്ചവരാണിവര്‍. കൂടുതല്‍ വായിക്കാന്‍