അഴിമതിയില്‍ ആറാടിയ യു.ഡി.എഫ് ഗവണ്‍മെന്റിന് എതിരായി ശക്തമായ പൊതുവികാരമാണ് കേരളീയ സമൂഹത്തില്‍ രൂപംകൊള്ളുന്നത്. അക്ഷരാര്‍ത്ഥത്തില്‍ യു.ഡി.എഫ് ഗവണ്‍മെന്റ് ആടി ഉലയുകയാണ്. കക്ഷിരാഷ്‌ട്രീയത്തിന് അതീതമായി രൂപംകൊള്ളുന്ന ഈ പ്രതിഷേധങ്ങളില്‍നിന്ന് താല്‍ക്കാലികമായി രക്ഷപ്പെടുന്നതിനാണ് സ: എളമരം കരീമിനെതിരായി അഴിമതിയുടെ കല്ലുവച്ച നുണ പ്രചരണങ്ങള്‍ അഴിച്ചുവിടുന്നത്. സ: കരീമിനെതിരായ ഈ ഹീനമായ നീക്കം രാഷ്‌ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ്.
എല്ലാവരും അഴിമതിക്കാര്‍ എന്ന് സാമാന്യവല്‍ക്കരിക്കാന്‍ വര്‍ഗശത്രുക്കള്‍ നടത്തുന്ന ശ്രമം തിരിച്ചറിയണം. എല്‍.ഡി.എഫ് ഭരണത്തിന്‍കീഴില്‍ അഭിനന്ദനാര്‍ഹമായ നേട്ടങ്ങളാണ് വ്യവസായ വകുപ്പില്‍ കേരളം കണ്ടത്. അന്നത്തെ കേന്ദ്രമന്ത്രി ശ്രീ. എ.കെ. ആന്റണി പോലും അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകളാണ് സ: കരീമിന് നല്‍കിയത്. വിവാദമായ മലബാര്‍ സിമന്റില്‍ യു.ഡി.എഫ് ഭരണത്തില്‍ 2001-06 ഘട്ടത്തില്‍ 2.4 കോടി ലാഭം ഉണ്ടാക്കിയ സ്ഥാനത്ത് എല്‍.ഡി.എഫ് ഘട്ടത്തില്‍ 2006-11ല്‍ കമ്പനി ഉണ്ടാക്കിയ ലാഭം 245 കോടിയാണ്. അക്ഷരാര്‍ത്ഥത്തില്‍ തൊഴിലാളികള്‍ക്ക് ഡിമാന്റ് വയ്‌ക്കാന്‍ പോലും കഴിയാത്ത സ്ഥിതി ഉണ്ടായി. കേരളത്തിലെ പൊതുമേഖലയുടെ സുവര്‍ണ്ണഘട്ടമായിരുന്നു എല്‍.ഡി.എഫ് ഭരണകാലം.
മലബാര്‍ സിമന്റില്‍ അഴിഞ്ഞാടിയ അഴിമതിയുമായി ബന്ധപ്പെട്ട് യു.ഡി.എഫ് ഗവണ്‍മെന്റ് അഴിമതിക്കാതെ രക്ഷിക്കുന്നതിനുവേണ്ടി നടത്തിയ ഗൂഢശ്രമം എല്ലാവര്‍ക്കും അറിയാം. ഇക്കാര്യം നിയമസഭയില്‍ 2005-ല്‍ പ്രതിപക്ഷം കൊണ്ടുവന്നു. അഴിമതിക്കാരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ എളമരം കരീം വിജിലന്‍സ് കേസുകള്‍ എടുത്തു. ഇപ്പോള്‍ അത് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ വിചാരണയിലാണ്. കമ്പനിയിലെ ഇത്തിക്കണ്ണികളെ എണ്ണി എണ്ണി നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവന്നു. എന്നാല്‍, പ്രതികളെ എല്ലാം രക്ഷിക്കുന്നതിനുവേണ്ടിയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശ്രമിച്ചത്. ഇതിന്റെ ഭാഗമായിട്ടാണ് മലബാര്‍ സിമന്റ്‌സ് മുന്‍ ചെയര്‍മാന്‍ ജോണ്‍ മത്തായി ഐ.എ.എസ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് എതിരായ കേസ് പിന്‍വലിക്കാന്‍ വിജിലന്‍സ് ഡയറക്‌ടര്‍ക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍ദ്ദേശം നല്‍കി. ഈ നിര്‍ദ്ദേശം ബഹു. ഹൈക്കോടതി തള്ളി. ആരാണ് അഴിമതിക്കാരെ രക്ഷിക്കുന്നത് എന്നതിന്റെ ഏറ്റവും നല്ല തെളിവാണിത്.
കമ്പനി സെക്രട്ടറി ശശീന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട് രണ്ടാം പ്രതി സുന്ദരമൂര്‍ത്തി മാപ്പുസാക്ഷിയാക്കിയതിന്റെ ഉപകാരസ്‌മരണയായാണ് സ: കരീമിനെതിരായി മജിസ്‌ട്രേറ്റിന്റെ മുമ്പില്‍ നല്‍കിയ സി.ആര്‍.പി.സി 164 സ്റ്റേറ്റ്‌മെന്റ്. കൃത്രിമമായി കൊടുത്ത ഈ സ്റ്റേറ്റ്‌മെന്റിന്റെ അടിസ്ഥാനത്തില്‍ സി.ബി.ഐ തന്നെ കൊടുത്ത കുറ്റപത്രത്തില്‍ പോലും എളമരം കരീം കുറ്റക്കാരനാണ് എന്ന് പറഞ്ഞിട്ടില്ല.
മൂന്നുവര്‍ഷം മുമ്പ് സുന്ദരമൂര്‍ത്തി കൊടുത്ത ഈ കൃത്രിമ സ്റ്റേറ്റ്‌മെന്റില്‍ എന്തെങ്കിലും കഴമ്പുണ്ടായിരുന്നു എങ്കില്‍ എളമരം കരീമിനെ പ്രതിയാക്കുമായിരുന്നു, ചോദ്യം ചെയ്യുമായിരുന്നു. ഇതൊന്നും ചെയ്യാതെ ഇപ്പോള്‍ ഈ കൃത്രിമ സ്റ്റേറ്റ്‌മെന്റ് പൊതുസമൂഹത്തിന്റെ മുമ്പില്‍ സജീവമാക്കുകയാണ്. മലയാള മനോരമ പൊക്കിപ്പിടിക്കുന്ന മറ്റൊരു സാക്ഷി സൂര്യനാരായണനാണ്. ഇദ്ദേഹം കമ്പനിയുടെ സിമന്റ് കയറ്റിയ ലോറിയില്‍ സ്‌പിരിറ്റ് കടത്തിയ കേസില്‍ പ്രതിയായി സസ്‌പെന്‍ഷന് വിധേയനായി. പിന്നീട് കമ്പനിയില്‍ നിന്ന് പിരിച്ചുവിട്ടു. സുന്ദരമൂര്‍ത്തി ഒരു വിജിലന്‍സ് കേസിലും പ്രതിയാണ്. ഇത്തരക്കാരുടെ മൊഴി പൊക്കിപ്പിടിച്ചാണ് മലയാള മനോരമ യു.ഡി.എഫിന്റെ ജാഥയ്‌ക്ക് മോഡി പിടിപ്പിക്കാന്‍ പൊതുപ്രവര്‍ത്തകരെ അവഹേളിക്കുന്നതിനുവേണ്ടി രംഗത്ത് വരുന്നത്. ഇത് കേരള ജനത തിരിച്ചറിയണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
തിരുവനന്തപുരം
21.05.2015
* * *