യു.എ.ഇയില്‍ പ്രഖ്യാപിച്ച പൊതു മാപ്പിന്റെ ഫലമായി നാട്ടിലേക്ക്‌ വരുന്നവരില്‍ നിന്ന്‌ സേവനത്തിന്‌ വന്‍ തുക ഈടാക്കുന്ന നടപടിക്കെതിരെ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പുറപ്പെടുവിക്കുന്ന പ്രസ്‌താവന

തിരുവനന്തപുരം
30.11.2012

യു.എ.ഇയില്‍ പ്രഖ്യാപിച്ച പൊതു മാപ്പിന്റെ ഫലമായി നാട്ടിലേക്ക്‌ വരുന്ന ആളുകള്‍ക്ക്‌ ലഭിക്കുന്ന സേവനത്തിന്‌ വന്‍ തുക ഈടാക്കുന്ന നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രസ്‌താവനയില്‍ പറഞ്ഞു.

വിസയും മറ്റു താമസ രേഖകളുമില്ലാതെ ദീര്‍ഘകാലമായി യു.എ.ഇയില്‍ കഴിയുന്നവര്‍ക്കാണ്‌ പൊതു മാപ്പ്‌ പ്രഖ്യാപിച്ചതിന്റെ ഫലമായി നാട്ടിലേക്ക്‌ വരാന്‍ അവസരമൊരുങ്ങിയിരിക്കുന്നത്‌. 2007-ല്‍ പൊതു മാപ്പ്‌ പ്രഖ്യാപിച്ച കാലത്ത്‌ ഔട്ട്‌ പാസ്‌ സേവനങ്ങള്‍ തികച്ചും സൗജന്യമായി എംബസി മുഖാന്തരവും കോണ്‍സുലേറ്റ്‌ മുഖാന്തരവും നല്‍കിയിരുന്നു. കഴിഞ്ഞതവണയാകട്ടെ 20 ദിര്‍ഹമാണ്‌ ഇത്തരം സേവനങ്ങള്‍ക്ക്‌ ഈടാക്കിയിരുന്നതെങ്കില്‍ ഇപ്പോള്‍ അത്‌ മൂന്നിരട്ടിയായി വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്‌. പുതിയ തീരുമാനപ്രകാരം ബി.എല്‍.എസ്‌ കേന്ദ്രങ്ങളിലൂടെയുള്ള അപേക്ഷയ്‌ക്ക്‌ 60 ദിര്‍ഹവും സര്‍വ്വീസ്‌ ചാര്‍ജ്ജായി 9 ദിര്‍ഹവും അടയ്‌ക്കേണ്ട സ്ഥിതിയാണുള്ളത്‌. സേവനത്തിന്‌ ഫീസ്‌ ചുമത്തിയതിലൂടെ ആയിരക്കണക്കിന്‌ നിരാലംബരായ ഇന്ത്യക്കാരാണ്‌ കഷ്‌ടത്തിലായിരിക്കുന്നത്‌. ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടില്‍ ലക്ഷക്കണക്കിന്‌ ദിര്‍ഹം ചെലവഴിക്കാതെ കിടക്കുന്ന ഘട്ടത്തിലാണ്‌ ഇത്തരം ചാര്‍ജ്ജ്‌ ചുമത്തപ്പെട്ടിരിക്കുന്നത്‌.

ഗള്‍ഫില്‍ പോയി പലരാലും വഞ്ചിക്കപ്പെട്ട്‌ ജീവനും കൊണ്ട്‌ നാട്ടിലേക്ക്‌ തിരിച്ചുവരുന്നവര്‍ക്കുമേല്‍ ചാര്‍ജ്ജ്‌ ഏര്‍പ്പെടുത്തുന്ന രീതി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്‌. പ്രവാസി ഇന്ത്യക്കാരോട്‌ കേന്ദ്രഗവണ്‍മെന്റ്‌ തുടര്‍ച്ചയായി കാണിച്ചുകൊണ്ടിരിക്കുന്ന അവഗണനയുടെ മറ്റൊരു മുഖമാണിത്‌. ഈ തെറ്റായ നയത്തിനെതിരെ കടുത്ത പ്രതിഷേധമുയരണമെന്നും പിണറായി വിജയന്‍ പറഞ്ഞു.

* * *