സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പുറപ്പെടുവിക്കുന്ന പ്രസ്‌താവന-01.06.2015

എറണാകുളം മഹാരാജാസ്‌ കോളേജിന്റെ സ്വയംഭരണ പദവി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്‌ പ്രക്ഷോഭം നടത്തിയ അധ്യാപകരെ കൂട്ടായ സ്ഥലംമാറ്റിയ ജനാധിപത്യവിരുദ്ധ നടപടി സര്‍ക്കാര്‍ അടിയന്തരമായി പിന്‍വലിക്കണം.

മഹാരാജാസ്‌ കോളേജിന്‌ ഓട്ടോണമസ്‌ പദവി നല്‍കുന്നതിനെതിരായി അക്കാദമിക്‌ സമൂഹവും ബഹുജനങ്ങളും ചേര്‍ന്ന്‌ ശക്തമായ പ്രക്ഷോഭമാണ്‌ അവിടെ ഉയര്‍ത്തിക്കൊണ്ടുവന്നിട്ടുള്ളത്‌. പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക്‌ പഠിക്കുന്നതിനുള്ള സംവിധാനമില്ലാതാക്കി സ്വാശ്രയ കോളേജാക്കി മാറ്റുന്നതിനെതിരായിട്ടാണ്‌ ഈ പ്രക്ഷോഭം. ജനകീയ താല്‍പ്പര്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്‌ നടത്തുന്ന ഈ പ്രക്ഷോഭത്തെ തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണ്‌ 15 അധ്യാപകരെ സ്ഥലം മാറ്റുന്ന അത്യപൂര്‍വ്വമായ പ്രതികാര നടപടി സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്‌. വിദ്യാഭ്യാസ അവകാശത്തിനുവേണ്ടിയുള്ള പ്രക്ഷോഭത്തെ തകര്‍ക്കാനാണ്‌ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌. അതിനാല്‍, ഇതിനെതിരെ ജനാധിപത്യവിശ്വാസികളെല്ലാം രംഗത്തിറങ്ങേണ്ടതുണ്ട്‌.

കേരളത്തിന്റെ വിവിധ രംഗങ്ങളില്‍ പ്രതിഭാസമ്പന്നരായ നിരവധിപേരെ സംഭാവന ചെയ്‌ത സ്ഥാപനമാണ്‌ എറണാകുളം മഹാരാജാസ്‌ കോളേജ്‌. ഈ കോളേജില്‍ പാവപ്പെട്ടവര്‍ക്ക്‌ പഠിക്കുന്നതിനുള്ള അവസരം തുടര്‍ന്നും ഉണ്ടാവേണ്ടതുണ്ട്‌. അതിനാല്‍ തന്നെ, എറണാകുളം മഹാരാജാസ്‌ കോളേജിന്‌ സ്വയംഭരണ പദവി നല്‍കി സ്ഥാപനത്തെ തകര്‍ക്കുന്നതിനുള്ള സര്‍ക്കാര്‍ തീരുമാനം അടിയന്തരമായി പിന്‍വലിക്കണം.

തിരുവനന്തപുരം
01.06.2015


***