സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിക്കുന്ന പ്രസ്‌താവന-04.06.2015
പാമോലിന്‍ കേസുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി ജിജി തോംസണ്‍ നടത്തിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയെ പ്രതിചേര്‍ത്ത് കേസ് വിചാരണ ചെയ്യണം.
1991-ല്‍ കെ. കരുണാകരന്‍ മുഖ്യമന്ത്രിയും ഉമ്മന്‍ചാണ്ടി ധനകാര്യമന്ത്രിയുമായിരിക്കെയാണ് പാമോലിന്‍ ഇറക്കുമതി നടന്നത്. ഇക്കാലത്ത് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ എം.ഡിയായിരുന്നു ജിജി തോംസണ്‍. ടെണ്ടര്‍ ചെയ്യാതെ പാമോലിന്‍ ഇറക്കുമതി ചെയ്യാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം തെറ്റായിരുന്നു എന്നാണ് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്. ഇറക്കുമതി ചെയ്യാന്‍ മന്ത്രിസഭ തീരുമാനിക്കുന്നതിനു മുമ്പുതന്നെ താന്‍ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയ കാര്യവും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. സര്‍ക്കാര്‍ ഖജനാവിന് പാമോലിന്‍ ഇറക്കുമതിയിലൂടെ നഷ്‌ടം വന്നിട്ടില്ലെന്നുള്ള ഉമ്മന്‍ചാണ്ടിയുടെ അവകാശവാദം തെറ്റാണെന്നാണ് ഈ വെളിപ്പെടുത്തല്‍ അടിവരയിടുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ കേസ് എടുക്കാന്‍ കോടതി തയ്യാറാവേണ്ടതുണ്ട്. ഇക്കാര്യത്തില്‍ അക്കാലത്ത് സംഭവിച്ച വസ്‌തുതകള്‍ സത്യസന്ധമായി കോടതിയില്‍ വെളിപ്പെടുത്താന്‍ ജിജി തോംസണ്‍ തയ്യാറാവുകയും വേണം.
പാമോയില്‍ കേസുമായി ബന്ധപ്പെട്ട് വസ്‌തുത വെളിപ്പെടുത്തിയതിന്റെ പേരില്‍ ചീഫ് സെക്രട്ടറി ജിജി തോംസണെ ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള നിലപാടാണ് മന്ത്രിസഭയിലെ അംഗങ്ങള്‍ ഉള്‍പ്പെടെ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. ചീഫ് സെക്രട്ടറിയെ അധിക്ഷേപിച്ച ടി.എച്ച്. മുസ്‌തഫയെ ന്യായീകരിക്കുകയാണ് മുഖ്യമന്ത്രി ചെയ്‌തിരിക്കുന്നത്. സംസ്ഥാനത്ത് ചീഫ് സെക്രട്ടറിക്കുപോലും പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് ഇതിലൂടെ വ്യക്തമാവുന്നു. തങ്ങളുടെ ഇംഗിതത്തിനൊപ്പം നില്‍ക്കാന്‍ തയ്യാറാകാത്ത ഉദ്യോഗസ്ഥരെയെല്ലാം ക്രൂശിക്കുന്ന യു.ഡി.എഫ് സര്‍ക്കാരിന്റെ നയത്തിന്റെ തുടര്‍ച്ചയാണ് ഈ നടപടികള്‍. ഇതിനെതിരെയും ശക്തമായ പ്രതിഷേധം ഉയരണം.
തിരുവനന്തപുരം
04.06.2015
***