ധനമന്ത്രി കെ.എം. മാണിക്കെതിരായി വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിക്കുന്നത് തടയാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ നടത്തിയ ഇടപെടല്‍ നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്.
ധനമന്ത്രി കെ.എം. മാണിക്കെതിരായി കേസ് എടുക്കുന്നതിന് ശക്തമായ തെളിവില്ലെന്ന വാദമാണ് വിജിലന്‍സ് കോടതിയിലെ ലീഗല്‍ അഡൈ്വസര്‍ നല്‍കിയിട്ടുള്ളത് എന്നാണ് പത്ര റിപ്പോര്‍ട്ടുകളില്‍നിന്ന് വ്യക്തമാകുന്നത്. ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍ തയ്യാറാക്കിയ കുറ്റപത്രം നിയമപരമായി നിലനില്‍ക്കില്ലെന്ന വാദം ഉയര്‍ത്തുന്നത് അസാധാരണമായ നടപടിയാണ്. അഡ്വക്കേറ്റ് ജനറലില്‍ നിന്നുള്ള നിയമോപദേശം കൂടി പരിഗണിച്ചുകൊണ്ടാണ് ഈ അഭിപ്രായത്തില്‍ വിജിലന്‍സ് ലീഗല്‍ അഡൈ്വസര്‍ എത്തിച്ചേര്‍ന്നിട്ടുള്ളത് എന്നാണ് മനസിലാക്കാന്‍ കഴിയുന്നത്. അഡ്വക്കേറ്റ് ജനറലിനോട് ഇത്തരം ഉപദേശം നല്‍കുന്നതിന് മുഖ്യമന്ത്രി ഇടപെട്ടിട്ടുണ്ട് എന്ന കാര്യവും വ്യക്തമാണ്.
പാമോലിന്‍ കേസില്‍ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം തന്നെ പിന്‍വലിച്ച് കേസ് തേയ്‌ച്ചുമായ്‌ച്ച് കളയാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ നടത്തിയ ഇടപെടല്‍ വിവാദമായതാണ്. പിന്നീട് വന്ന എല്‍.ഡി.എഫ് സര്‍ക്കാരാണ് ഈ കേസ് തുടരാന്‍ തീരുമാനിച്ചത്. മന്ത്രിമാരായ എം.കെ. മുനീറും അടൂര്‍ പ്രകാശും പ്രതിയായ വിജിലന്‍സ് കേസുകള്‍ പിന്‍വലിക്കാനും സര്‍ക്കാര്‍ നടത്തിയ ശ്രമം കോടതി ഇടപെട്ടു തന്നെയാണ് തടഞ്ഞത്. ഇതെല്ലാം കാണിക്കുന്നത് നിലനില്‍ക്കുന്ന നിയമസംവിധാനങ്ങളേയും കീഴ്‌വഴക്കങ്ങളേയും അട്ടിമറിച്ചുകൊണ്ടാണ് യു.ഡി.എഫ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത് എന്നാണ്. അഴിമതി കേസില്‍ പെട്ടവരെ സംരക്ഷിക്കുന്നതിന് നിയമവ്യവസ്ഥയെ തന്നെ അട്ടിമറിക്കുന്നതിന് മുഖ്യമന്ത്രി നേതൃത്വം നല്‍കുകയാണ്. സ്വതന്ത്രമായ നിയമവാഴ്‌ച നിലനില്‍ക്കാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുന്ന സ്ഥിതിവിശേഷമാണ് ഇത് സൃഷ്‌ടിച്ചിരിക്കുന്നത്.
നിയമം നടപ്പിലാക്കുന്നതിന് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ ഈ കേസിന്റെ തുടര്‍ നടപടികള്‍ മുന്നോട്ട് പോവേണ്ടതുണ്ട്. കൈക്കൂലി ചോദിച്ചതിനും അത് വാങ്ങി എന്നതിനും വ്യക്തമായ തെളിവുകളുണ്ട്. നുണപരിശോധന നടത്തിയപ്പോഴും ഈ കാര്യം വ്യക്തമായിട്ടുള്ളതാണ്. ഈ കേസിന്റെ വസ്‌തുതകള്‍ ഇത്തരത്തില്‍ പുറത്തുവന്നിട്ടും വഴിവിട്ട് കെ.എം.മാണിയെ സഹായിക്കുന്ന നടപടിയാണ് സര്‍ക്കാര്‍ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ളത്. കുറ്റപത്രം സമര്‍പ്പിച്ചുകഴിഞ്ഞാല്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന മാണിയുടെ നിലപാടുകൂടിയാണ് ഇത്തരം അവസ്ഥ സൃഷ്‌ടിച്ചിരിക്കുന്നത്.
രാഷ്‌ട്രീയ താല്‍പ്പര്യത്തിനുവേണ്ടി വിജിലന്‍സിനെ സര്‍ക്കാര്‍ കൂട്ടിലടച്ച തത്തയാക്കി മാറ്റിയിരിക്കുകയാണ്. സര്‍ക്കാരിന്റെ ഇത്തരം നടപടിക്കെതിരായി ശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്ട്. ഇക്കാര്യത്തില്‍ നിയമപരമായ നടപടികള്‍ ഉള്‍പ്പെടെ സ്വീകരിക്കുന്നതു സംബന്ധിച്ച് ആലോചിക്കും.
തിരുവനന്തപുരം
05.06.2015
***