മികച്ച ജനകീയ ഡോക്‌ടറും സര്‍വ്വീസ് സംഘടനാരംഗത്തെ കരുത്തുറ്റ സംഘടനാ നേതാവുമായിരുന്ന ഡോ. എന്‍.എം. മുഹമ്മദാലിയുടെ നിര്യാണത്തില്‍ അനുശോചിക്കുന്നു.
മെഡിക്കല്‍ വിദ്യാഭ്യാസം കച്ചവടവല്‍ക്കരണത്തിനും ചൂഷണത്തിനുമുള്ള ഉപാധിയായി ഒരു വലിയ വിഭാഗം കാണുന്നതിനു മദ്ധ്യേ മെഡിക്കല്‍ മേഖലയെ സാമൂഹ്യ പ്രതിബദ്ധതയോടെ സമീപിച്ച മനോരോഗ ചികിത്സാവിദഗ്‌ദ്ധനായിരുന്നു മുഹമ്മദലി. തികഞ്ഞ ഉല്‍പ്പതിഷ്‌ണുവായിരുന്ന അദ്ദേഹം നിര്‍ണ്ണായക സന്ദര്‍ഭങ്ങളിലെല്ലാം തികഞ്ഞ മതനിരപേക്ഷ ബോധത്തോടെ സംവാദങ്ങളില്‍ ഏര്‍പ്പെട്ടു. ആരോഗ്യരംഗത്തെ പ്രശ്‌നങ്ങളില്‍ മാത്രമല്ല, ന്യൂനപക്ഷ വിഭാഗങ്ങളിലെ സാമൂഹ്യ പരിഷ്‌കരണവുമായി ബന്ധപ്പെട്ട വിഷയങ്ങളിലും പുരോഗമനപരമായ നിലപാട് സ്ഥായിയായി അദ്ദേഹം പ്രകടിപ്പിച്ചു. കെ.ജി.ഒ.എയുടെ സംസ്ഥാന പ്രസിഡന്റ് എന്ന നിലയില്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും ഉദ്യോഗസ്ഥരുടെയും അവകാശങ്ങള്‍ നേടിയെടുക്കാനുള്ള പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിനോടൊപ്പം സര്‍ക്കാര്‍ സര്‍വ്വീസ് സാമൂഹ്യ സേവനത്തിനുള്ളതാണെന്ന ബോധം വളര്‍ത്താനുള്ള പ്രവര്‍ത്തനങ്ങളിലും അദ്ദേഹം വ്യാപൃതനായി. എഴുത്തുകാരന്‍, പ്രഭാഷകന്‍ എന്നീ നിലകളിലും പുരോഗമന ചിന്ത പ്രചരിപ്പിച്ച ഇടതുപക്ഷ ധിഷണാശാലിയായിരുന്നു മുഹമ്മദാലി.
തിരുവനന്തപുരം
06.06.2015
***