കരിപ്പൂര്‍ വിമാനത്താവള സംഭവം കേരളത്തിന് അപമാനവും നിയമവാഴ്‌ചയുടെ പരാജയവുമാണ്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കുറ്റകരമായ അനാസ്ഥയും പിടിപ്പുകേടുമാണ് തെളിഞ്ഞത്. ആഭ്യന്തരയുദ്ധം നടക്കുന്ന ചില വിദേശരാജ്യങ്ങളില്‍ മാത്രം കാണുന്ന സംഭവമാണ് കരിപ്പൂരില്‍ അരങ്ങേറിയത്. ഇതിന് സമാനമായ ഒരു സംഭവം ഇന്ത്യയില്‍ മറ്റൊരിടത്തും ഇതിനുമുമ്പ് ഉണ്ടായിട്ടില്ല. വിമാനത്താവളം സംരക്ഷിക്കേണ്ട സുരക്ഷാസേനയും ദൈനംദിന കൃത്യനിര്‍വ്വഹണം നടത്തേണ്ട സ്റ്റാഫും ചേരിതിരിഞ്ഞ് അക്രമവും വെടിവെപ്പും നടത്തുകയും ഒരു ജവാന്‍ കൊല്ലപ്പെടുകയും ചെയ്‌തത് ഞെട്ടിക്കുന്ന സംഭവമാണ്. തൊട്ടു മുകളില്‍ കറങ്ങി ഇറങ്ങാനെത്തിയ വിമാനങ്ങള്‍ക്ക് വിമാനത്താവളം കലാപഭൂമിയായതിനെത്തുടര്‍ന്ന് രക്ഷാര്‍ത്ഥം നെടുമ്പാശ്ശേരിയില്‍ ഇറങ്ങേണ്ടിവന്നു. പത്തുമണിക്കൂര്‍ വിമാനത്താവളം അടച്ചുപൂട്ടാനുമിടയായി.
ഇത്രയധികം സംഭവങ്ങള്‍ക്ക് വഴിതെളിച്ചിട്ടും പ്രശ്‌നപരിഹാരത്തിന് അടിയന്തരമായി ഇടപെടാന്‍ സംസ്ഥാന ഭരണത്തിന് കഴിഞ്ഞില്ല എന്നത് ഗുരുതരമായ വീഴ്‌ചയും പിടിപ്പുകേടുമാണ്. ഒരു ക്രൈസിസ് മാനേജ്‌മെന്റ് സര്‍ക്കാരിനില്ല. ക്രിമിനല്‍ നടപടി ചട്ടം അനുസരിച്ച് പ്രശ്‌നത്തില്‍ ഇടപെടാനും ജില്ലാ കളക്‌ടര്‍ക്ക് വിമാനത്താവളത്തിന്റെ ക്രമസമാധാനച്ചുമതല ഏറ്റെടുക്കാനും നിയമപരമായി കഴിയുമായിരുന്നു. അത് ചെയ്‌തില്ല. വന്‍ നാശനഷ്‌ടമാണ് വിമാനത്താവളത്തില്‍ ഉണ്ടായിരിക്കുന്നത്. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ യൂണിറ്റിലെ ചില്ലുവാതിലുകള്‍ മാത്രമല്ല, ഉപകരണങ്ങളും തകര്‍ക്കപ്പെട്ടു. വിമാനത്താവള വെടിവെപ്പിനെപ്പറ്റി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് പ്രതികരിച്ചെങ്കിലും സംഭവത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ടതായി കാണുന്നില്ല. ഗുരുതരമായ സുരക്ഷാ വീഴ്‌ച മാത്രമല്ല, സംഭവിക്കാന്‍ പാടില്ലാത്ത ക്രമസമാധാനലംഘനവും ഉണ്ടായിരിക്കുന്നു. കുറെക്കാലമായി അര്‍ദ്ധ സൈനിക വിഭാഗവും എയര്‍പോര്‍ട്ട് ജീവനക്കാരും തമ്മില്‍ നിലനിന്നിരുന്ന തര്‍ക്കത്തിന്റെയും സ്‌പര്‍ദ്ധയുടെയും സംഘര്‍ഷത്തിന്റെയും അനന്തരഫലമാണ് ഒരു ജവാന്‍ കൊല്ലപ്പെടുന്നതടക്കമുള്ള വന്‍ അനിഷ്‌ടസംഭവങ്ങള്‍ക്ക് കാരണമായത്. മാസങ്ങളായി നിലനിന്നിരുന്ന ഈ പ്രശ്‌നത്തില്‍ ഇടപെടാന്‍ സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞില്ല. കരിപ്പൂര്‍ വിമാനത്താവള വെടിവെപ്പിനെയും അനുബന്ധ സംഭവങ്ങളെയും പറ്റി ഉന്നതല സമഗ്രാന്വേഷണം വേണം. എത്രയും വേഗം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ല എന്ന് ഉറപ്പുവരുത്താനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തര നടപടി സ്വീകരിക്കണം. ളോട് കോടിയേരി ബാലകൃഷ്‌ണന്‍ പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.
തിരുവനന്തപുരം
11.06.2015
***