സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പുറപ്പെടുവിക്കുന്ന പ്രസ്‌താവന-14.06.2015




മുന്‍ ചീഫ്‌ സെക്രട്ടറി സി.പി. നായരെ വധിക്കാന്‍ ശ്രമിച്ച കേസ്‌ പിന്‍വലിച്ച യു.ഡി.എഫ്‌ സര്‍ക്കാരിന്റെ നടപടി അടിയന്തരമായി പിന്‍വലിക്കണം.

2002 മാര്‍ച്ച്‌ 14-ാം തീയതി പത്തനംതിട്ടയിലെ മലയാലപ്പുഴ ദേവീക്ഷേത്രത്തില്‍ സി.പി. നായരെ തടഞ്ഞുവച്ച്‌ വധിക്കുമെന്ന്‌ ഭീഷണിപ്പെടുത്തി ഒരു ഉത്തരവില്‍ ഒപ്പുവയ്‌ക്കാന്‍ നിര്‍ബന്ധിച്ചതുമായി ബന്ധപ്പെട്ടാണ്‌ കേസ്‌ ചാര്‍ജ്ജ്‌ ചെയ്‌തിരുന്നത്‌. കോണ്‍ഗ്രസ്‌ നേതാവ്‌ ഉള്‍പ്പെടെയുള്ള പ്രതികളുടെ അപേക്ഷയുടെ അടിസ്ഥാനത്തിലാണ്‌ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത നടപടിയിലേക്ക്‌ സംസ്ഥാന സര്‍ക്കാര്‍ നീങ്ങിയിരിക്കുന്നത്‌.

കഴിഞ്ഞ യു.ഡി.എഫ്‌ സര്‍ക്കാരിന്റെ കാലത്താണ്‌ ഈ സംഭവം നടന്നതെങ്കിലും അക്കാലത്ത്‌ കാര്യമായ അന്വേഷണമൊന്നും ഇക്കാര്യത്തില്‍ നടന്നിരുന്നില്ല. 2006-ല്‍ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സി.പി. നായരുടെ ആവശ്യപ്രകാരം അന്വേഷണം ക്രൈം ബ്രാഞ്ചിനെ ഏല്‍പ്പിക്കുകയായിരുന്നു. ക്രൈം ബ്രാഞ്ച്‌ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മാര്‍ച്ച്‌ മുതല്‍ പത്തനംതിട്ട സെഷന്‍സ്‌ കോടതിയില്‍ വിചാരണ നടന്നുകൊണ്ടിരിക്കുന്ന ഈ കേസ്‌ ശിക്ഷിക്കപ്പെടുമെന്ന്‌ ഉറപ്പായപ്പോഴാണ്‌ യു.ഡി.എഫ്‌ സര്‍ക്കാര്‍ പിന്‍വലിച്ചിരിക്കുന്നത്‌.

നിയമവാഴ്‌ചയെ അട്ടിമറിച്ച്‌ തങ്ങള്‍ക്ക്‌ താല്‍പ്പര്യമുള്ളവരുടെ കേസ്‌ മുഴുവന്‍ പിന്‍വലിച്ച്‌ മുന്നോട്ടുപോകുന്ന നടപടിയാണ്‌ യു.ഡി.എഫ്‌ സര്‍ക്കാരിന്റെ കീഴില്‍ കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്‌. സംഘപരിവാര്‍ നേതാവ്‌ പ്രവീണ്‍ തൊഗാഡിയ ഉള്‍പ്പെട്ട കേസും എം.ജി കോളേജില്‍ പോലീസ്‌ ഓഫീസറെ ആര്‍.എസ്‌.എസുകാര്‍ ബോംബെറിഞ്ഞ കേസും ഈ സര്‍ക്കാര്‍ തന്നെയാണ്‌ പിന്‍വലിച്ചത്‌. ന്യൂനപക്ഷ വര്‍ഗീയവാദികള്‍ നടത്തിയ നിരവധി അക്രമങ്ങളുടെ കേസുകളും സര്‍ക്കാര്‍ പിന്‍വലിച്ചിരിക്കുകയാണ്‌. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരുടെ അഴിമതിയുമായി ബന്ധപ്പെട്ട കേസുകളും അട്ടിമറിക്കുന്നതിനായി എല്ലാ നിയമവ്യവസ്ഥകളേയും ഉമ്മന്‍ചാണ്ടി മറികടക്കുകയാണ്‌.

നിയമവാഴ്‌ചയെ തന്നെ ഇല്ലാതാക്കുന്ന സംസ്ഥാനത്ത്‌ അരാജകത്വം സൃഷ്‌ടിക്കുന്ന ഇത്തരം നടപടികള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരേണ്ടതുണ്ട്.


തിരുവനന്തപുരം
14.06.2015


***