കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റണ്‍വെ ദീര്‍ഘകാലത്തേക്ക് അടച്ചിടാനുള്ള തീരുമാനം പ്രവാസികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരെ വലയ്‌ക്കുന്നതാണ്. അറ്റകുറ്റപ്പണികളുടെ പേരിലാണ് റണ്‍വേ അടച്ചിടാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി തീരുമാനിച്ചിരിക്കുന്നത്. പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ ഒരു വര്‍ഷത്തിലേറെ സമയം വേണ്ടിവരുമെന്നാണ് അധികൃതര്‍ പറയുന്നത്. അത്രയുംകാലം വലിയ വിമാനങ്ങള്‍ക്കൊന്നും കരിപ്പൂരില്‍ ഇറങ്ങാന്‍ പറ്റില്ല. അന്താരാഷ്‌ട്ര സര്‍വ്വീസുകളെല്ലാം തിരിച്ചുവിടേണ്ടിവരും. ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിനു പോകുന്നവര്‍ നെടുമ്പാശ്ശേരിയില്‍ നിന്നാണ് പോകുന്നത്. വടക്കന്‍ കേരളത്തില്‍നിന്നുള്ള യാത്രക്കാര്‍ക്ക് വളരെ പ്രയാസമുണ്ടാക്കുന്നതാണ് ഈ സാഹചര്യം.
റണ്‍വേയിലുണ്ടായ വിള്ളലുകളാണ് അടച്ചിട്ട് റിപ്പയര്‍ ചെയ്യാന്‍ ഇടയാക്കിയതെന്നാണ് അധികൃതര്‍ പറയുന്നത്. റണ്‍വേ യഥാസമയം റിപ്പയര്‍ ചെയ്യാതിരുന്നതാണ് സ്ഥിതി വഷളാക്കിയത്. മറ്റൊരു വുമാനത്താവളത്തിനും ഇത്തരമൊരു അവസ്ഥ നേരിടേണ്ടിവന്നിട്ടില്ല. കോഴിക്കോട് വിമാനത്താവളത്തോട് എയര്‍പോര്‍ട്ട് അതോറിറ്റി കാണിക്കുന്ന ഗുരുതരമായ അനാസ്ഥയാണ് റണ്‍വെ ദീര്‍ഘകാലത്തേക്ക് അടച്ചിട്ട് പ്രവൃത്തി നടത്തേണ്ട സാഹചര്യം സൃഷ്‌ടിച്ചത്.
കോഴിക്കോട് വിമാനത്താവളത്തിന്റെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാരും എയര്‍പോര്‍ട്ട് അതോറിറ്റിയും കാണിക്കുന്ന ചിറ്റമ്മനയത്തില്‍ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ് പ്രതിഷേധിക്കുന്നു. എത്രയുംവേഗം അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിച്ച്, വിമാനത്താവളം സാധാരണ നിലയിലാക്കാന്‍ സത്വരനടപടികള്‍ കൈക്കൊള്ളണമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റിയോട് ആവശ്യപ്പെടുന്നു.
തിരുവനന്തപുരം
15.06.2015
***