തിരുവനന്തപുരം
03.12.2012
ജില്ലാ സഹകരണ ബാങ്കുകളുടെ ഭരണം ജനാധിപത്യവിരുദ്ധമായി പിടിച്ചെടുക്കാനുള്ള യു.ഡി.എഫ് സര്‍ക്കാരിന്റെ നീക്കത്തിനെതിരായി നടക്കുന്ന പ്രക്ഷോഭം വിജയിപ്പിക്കണമെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ് അഭ്യര്‍ത്ഥിച്ചു.
കേരളത്തിന്റെ വികസനത്തിന് വലിയ സംഭാവന ചെയ്‌ത മേഖലയാണ് സഹകരണമേഖല. ഗ്രാമീണ മേഖലയെ ഹുണ്ടികക്കാരുടെ കഴുത്തറുപ്പന്‍ പലിശയില്‍നിന്ന് മോചിപ്പിച്ച് സാധാരണക്കാര്‍ക്ക് അത്താണിയായി മാറിയത് ഈ മേഖലയാണ്. ഇന്ന് ജീവിതത്തിന്റെ സമസ്‌ത മേഖലകളിലും ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സഹകരണ പ്രസ്ഥാനത്തെ ആഗോളവല്‍ക്കരണനയങ്ങളുടെ ഭാഗമായി തകര്‍ക്കുന്നതിനാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകുന്നത്. ഇതിന്റെ ഭാഗമായി ഭരണഘടനാ ഭേദഗതി ഉള്‍പ്പെടെയുള്ള പദ്ധതികള്‍ ധനമൂലധന ശക്തികളുടെ താല്‍പര്യത്തിനുവേണ്ടി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പിലാക്കുകയാണ്. ഇത്തരം പദ്ധതികളുടെ തുടര്‍ച്ചയായാണ് ഈ ജനാധിപത്യ കശാപ്പ് കേരളത്തിലെ സഹകരണമേഖലയിലും കൊണ്ടുവരുന്നത്.
ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉദാഹരണമാണ് ജില്ലാ സഹകരണബാങ്കുകളുടെ ജനറല്‍ബോഡി വിളിച്ചുചേര്‍ത്ത് ബൈലോ ഭേദഗതി ചെയ്യാനുള്ള യു.ഡി.എഫ് സര്‍ക്കാരിന്റെ നീക്കം. ഇതിന്റെ ഭാഗമായി ഡിസംബര്‍ 7-ന് മുമ്പായി എല്ലാ ജില്ലാ ബാങ്കുകളുടെയും ജനറല്‍ബോഡി യോഗങ്ങള്‍ ചേരുവാനും ബൈലോ ഭേദഗതി അംഗീകരിക്കുവാനും തീരുമാനിച്ച് ജോയിന്റ് രജിസ്‌ട്രാര്‍മാര്‍ അറിയിപ്പ് കൊടുത്തിരിക്കുകയാണ്. യു.ഡി.എഫിന്റെ കടലാസ് സംഘങ്ങള്‍ക്കും മറ്റു സംഘങ്ങള്‍ക്കും അംഗത്വം നല്‍കി ജനറല്‍ബോഡിയില്‍ ബൈലോ ഭേദഗതി പാസ്സാക്കി ജില്ലാ ബാങ്കുകള്‍ പിടിച്ചെടുക്കാനാണ് യു.ഡി.എഫിന്റെ ശ്രമം. കഴിഞ്ഞ ദിവസം തൃശൂരില്‍ വച്ചുചേര്‍ന്ന ജോയിന്റ് രജിസ്‌ട്രാര്‍മാരുടെ യോഗത്തില്‍, പോലീസിനെ ഉപയോഗിച്ചുകൊണ്ടും മറ്റ് എല്ലാ നടപടികള്‍ സ്വീകരിച്ചുകൊണ്ടും ജനറല്‍ബോഡി വിളിച്ചുചേര്‍ത്ത് ബൈലോ ഭേദഗതി പാസ്സാക്കണമെന്നും, അതിന് ഏതറ്റംവരെയും പോകാനുമുള്ള നിര്‍ദ്ദേശവും നല്‍കിയിരിക്കുകയാണ്.
കേരളത്തിന്റെ സഹകരണമേഖലയെ തകര്‍ക്കുന്ന ഈ ജനാധിപത്യ കശാപ്പിനെതിരായി ഡിസംബര്‍ 5-ന് തിരുവനന്തപുരത്ത് സഹകരണ രജിസ്‌ട്രാര്‍ ഓഫീസിനു മുന്നിലും മറ്റു ജില്ലകളില്‍ ജോയിന്റ് രജിസ്‌ട്രാര്‍ ഓഫീസുകള്‍ക്കു മുന്നിലും സഹകാരികളുടെ സത്യാഗ്രഹസമരം നടക്കുകയാണ്. ജനങ്ങളുടെ പ്രസ്ഥാനമായി മുന്നോട്ട് പോകുന്ന സഹകരണമേഖലയെ സംരക്ഷിക്കാനുള്ള ഈ സമരവുമായി നാടിനെ സ്‌നേഹിക്കുന്ന മുഴുവന്‍ ബഹുജനങ്ങളും ഐക്യപ്പെടണമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് അഭ്യര്‍ത്ഥിച്ചു.
* * *