സി.പി.ഐ (എം) സംസ്ഥാന സെക്രേട്ടറിയറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവന-15.06.2015

റബ്ബര്‍ വിലയിടിവിനെതിരെയും റബ്ബര്‍ കൃഷിയുടെ സബ്‌സിഡിയില്‍ നിന്ന്‌ കേരളത്തിലെ കര്‍ഷകരെ ഒഴിവാക്കിയ നടപടിയിലും പ്രതിഷേധിച്ചുകൊണ്ട്‌ ജില്ലാകളക്‌ട്രേറ്റുകള്‍ക്ക്‌ മുമ്പില്‍ ജൂണ്‍ 18-ാം തീയതി ധര്‍ണ്ണ സംഘടിപ്പിക്കും.

യു.ഡി.എഫ്‌ സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ റബ്ബറിന്റെ വില കിലോവിന്‌ 250-ഓളം രൂപയായിരുന്നു. ഇന്ന്‌ 120 രൂപ മാത്രമാണ്‌ ലഭിക്കുന്നത്‌. ഇതിന്റെ അടിസ്ഥാനത്തില്‍ കൃഷി മുന്നോട്ട്‌ കൊണ്ടുപോവാന്‍ കര്‍ഷര്‍ക്ക്‌ കഴിയാത്ത സ്ഥിതിയാണ്‌ ഉള്ളത്‌. ടാപ്പിംഗ്‌ തൊഴിലാളികള്‍ പലരും തൊഴില്‍രഹിതരായി മാറിക്കഴിഞ്ഞിരിക്കുന്നു. റബ്ബര്‍ മേഖലയിലെ സാമ്പത്തിക ക്രയവിക്രയങ്ങള്‍ തടസപ്പെട്ടിരിക്കുകയാണ്‌.

ആസിയാന്‍ കരാര്‍ ഒപ്പിട്ട ഘട്ടത്തില്‍ തന്നെ റബ്ബര്‍ ഇറക്കുമതി യഥേഷ്‌ടം നടക്കുമെന്നും അത്‌ റബ്ബര്‍ മേഖലയെ പ്രതിസന്ധിയിലാക്കുമെന്നും സി.പി.ഐ (എം) വ്യക്തമാക്കിയിരുന്നു. അതിനാല്‍ തന്നെ കേരളത്തിലെ ആബാല വൃദ്ധം ജനങ്ങളെ സംഘടിപ്പിച്ചുകൊണ്ട്‌ തിരുവനന്തപുരത്ത്‌ നിന്നും കാസര്‍ഗോഡ്‌ വരെ മനുഷ്യചങ്ങല സൃഷ്‌ടിച്ചു കൊണ്ട്‌ വന്‍പ്രതിഷേധം ഉയര്‍ത്തിക്കൊണ്ട്‌ വന്നിരുന്നു. കേരളത്തെ ഇതൊന്നും ബാധിക്കില്ലെന്നായിരുന്നു അന്ന്‌ യു.ഡി.എഫിന്റെ ന്യായവാദങ്ങള്‍. അത്തരം ന്യായവാദങ്ങള്‍ നിരത്തിയവര്‍ക്ക്‌ ഇപ്പോള്‍ മിണ്ടാട്ടമില്ലാതായിരിക്കുന്നു. റബ്ബര്‍ വിലയിടിവ്‌ തടയുന്നതിന്‌ വിവിധ നടപടികള്‍ സ്വീകരിക്കുമെന്ന പ്രഖ്യാപനങ്ങള്‍ നടത്തുകയല്ലാതെ ക്രിയാത്മകമായ യാതൊരു നീക്കവും സംസ്സഥാന സര്‍ക്കാരിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടായിട്ടില്ല. റബ്ബര്‍ ഇറക്കുമതി അടിയന്തരമായി അവസാനിപ്പിക്കുന്നതിനും ന്യായവിലയ്‌ക്ക്‌ റബ്ബര്‍ സംഭരിക്കുന്നതിനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാവേണ്ടതുണ്ട്‌.

ഇന്ത്യയിലെ റബ്ബര്‍ ഉല്‍പാദനത്തിന്റെ 90 ശതമാനവും കേരളത്തിന്റെ വകയാണ്‌. എന്നിട്ടും റബ്ബര്‍ കൃഷിക്ക്‌ നല്‍കേണ്ട സബ്‌സിഡിയില്‍ നിന്ന്‌ കേരളത്തെ മാറ്റി നിര്‍ത്തുന്നതിനുള്ള തീരുമാനവും കേന്ദ്രസര്‍ക്കാര്‍ എടുത്തിരിക്കുകയാണ്‌. ഇത്‌ ഭാവിയിലെ റബ്ബര്‍ ഉല്‍പാദനത്തെ തന്നെ ബാധിക്കാന്‍ പോവുകയാണ്‌. പ്രായമായ റബ്ബര്‍ മരം വെട്ടിമാറ്റി പുതിയ ഇനങ്ങള്‍ കൃഷി ചെയ്യണമെന്ന്‌ റബ്ബര്‍ ബോര്‍ഡ്‌ പ്രചരണം നടത്തിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ്‌ ഇത്തരമൊരു നയം സ്വീകരിച്ചിട്ടുള്ളത്‌. കേരളത്തിന്റെ റബ്ബര്‍ ഉല്‍പാദനത്തെ തന്നെ ദുര്‍ബലപ്പെടുത്തുന്ന ഇത്തരം നടപടി അടിയന്തരമായും തിരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവേണ്ടതുണ്ട്‌.

തിരുവനന്തപുരം ജില്ല ഒഴിച്ചുള്ള മറ്റ്‌ ജില്ലകളിലാണ്‌ ഈ പ്രക്ഷോഭം നടക്കുക. പ്രക്ഷോഭത്തില്‍ നാടിനെ സ്‌നേഹിക്കുന്ന മുഴുവന്‍ ജനവിഭാഗങ്ങളും അണിചേരണമെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌ അഭ്യര്‍ത്ഥിക്കുന്നു.


തിരുവനന്തപുരം
15.06.2015

* * *