സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പുറപ്പെടുവിക്കുന്ന പ്രസ്‌താവന-16.06.2015

പാഠപുസ്‌തകത്തിന്റെ അച്ചടി സ്വകാര്യപ്രസിന്‌ നല്‍കിയതുമായി ബന്ധപ്പെട്ട്‌ ഉയര്‍ന്നുവന്നിട്ടുള്ള അഴിമതിയെ സംബന്ധിച്ച്‌ സമഗ്രമായ അന്വേഷണം നടത്തണം. കുട്ടികള്‍ക്ക്‌ പാഠപുസ്‌തകം എത്തിക്കാനുള്ള അടിയന്തരനടപടി സ്വീകരിക്കണം.

60 ലക്ഷം പാഠപുസ്‌തകങ്ങളുടെ അച്ചടിയാണ്‌ മൂന്ന്‌ സര്‍ക്കാര്‍ പ്രസുകളെ നേരത്തെ ഏല്‍പിച്ചത്‌. എന്നാല്‍ അച്ചടിക്ക്‌ ആവശ്യമായ സാമഗ്രികള്‍ എത്തിക്കുന്നതിനുള്ള അടിയന്തര നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്ത്‌ നിന്നും സ്വീകരിച്ചതുമില്ല. സ്വകാര്യപ്രസുകള്‍ക്ക്‌ ഈ ടെന്‍ഡര്‍ നല്‍കുന്നതിനായി അച്ചടി നിര്‍ത്തിവെപ്പിക്കുന്ന സ്ഥിതിയും ഉണ്ടായി. എന്നിട്ടും 11 ലക്ഷം പുസ്‌തകങ്ങള്‍ സര്‍ക്കാര്‍ പ്രസുകളില്‍ നിന്ന്‌ അച്ചടിക്കുകയുണ്ടായി. സര്‍ക്കാര്‍ തലത്തില്‍ ഇത്തരമൊരു സാഹചര്യം സൃഷ്‌ടിച്ചത്‌ സ്വകാര്യ പ്രസുകാര്‍ക്ക്‌ കമ്മീഷന്‍ വാങ്ങി ടെന്‍ഡര്‍ നല്‍കുന്നതിന്‌ വേണ്ടിയാണെന്ന്‌ സര്‍ക്കാരിന്റെ ഇപ്പോഴത്തെ നടപടികളിലൂടെ വ്യക്തമായിരിക്കുകയാണ്‌.

സംസ്ഥാനത്ത്‌ പാഠപുസ്‌തക അച്ചടി ഏറ്റെടുത്തിരുന്ന കെ.ബി.പി.എസില്‍ അച്ചടിക്കാന്‍ ചെലവാകുന്നതിനേക്കാള്‍ ആറിരട്ടി ഉയര്‍ന്ന തുകയ്‌ക്കാണ്‌ കര്‍ണ്ണാടകത്തിലെ മണിപ്പാല്‍ പ്രസിന്‌ ഇപ്പോള്‍ അച്ചടി കരാര്‍ നല്‍കിയിരിക്കുന്നത്‌. നേരത്തെ നല്‍കിയ കരാര്‍ പ്രകാരം ഒരു പുസ്‌തകം അച്ചടിക്കാന്‍ രണ്ടര രൂപ മുതല്‍ മൂന്ന്‌ രൂപവരെയാണ്‌ കെ.ബി.പി.എസിന്‌ നല്‍കിയിരുന്നത്‌. എന്നാല്‍ പുതിയ നിരക്ക്‌ പ്രകാരം ഒന്‍പതര രൂപ മുതല്‍ 17.50 രൂപവരെയാണ്‌ സ്വകാര്യപ്രസിന്‌ നല്‍കേണ്ടി വരുന്നത്‌. ഇതിലൂടെ ഏകദേശം നാലര കോടി രൂപയാണ്‌ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന്‌ അധികമായി ചെലവഴിക്കേണ്ടി വരിക.

സ്വകാര്യപ്രസുകള്‍ക്കായുള്ള ടെന്‍ഡര്‍ നടപടികളും സുതാര്യതമല്ലെന്ന ആരോപണവും ഉയര്‍ന്നുവന്നിട്ടുണ്ട്‌. അതിന്റെ ഫലമായി ഈ ടെന്‍ഡറില്‍ കുറഞ്ഞ തുക രേഖപ്പെടുത്തിയിട്ടും തഴയപ്പെട്ട അച്ചടി സ്ഥാപനം ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്‌. ഹൈക്കോടതി സര്‍ക്കാരിനോട്‌ വിശദീകരണവും ആവശ്യപ്പെട്ട്‌ കഴിഞ്ഞു. അഴിമതി കാണിക്കാന്‍ വേണ്ടി സര്‍ക്കാര്‍ നടത്തിയ ഇടപെടല്‍ പാഠപുസ്‌തകങ്ങളുടെ അച്ചടി തന്നെ നടക്കാത്ത സാഹചര്യം കേരളത്തില്‍ സൃഷ്‌ടിക്കുകയാണ്‌. ഇന്നത്തെ സ്ഥിതിയില്‍ അടുത്ത കാലത്തൊന്നും പാഠപുസ്‌തകം ലഭിക്കുന്ന നില ഉണ്ടാകാന്‍ പോകുന്നില്ല. നേരത്തെ പ്ലസ്‌ വണ്‍, പ്ലസ്‌ടു പാഠപുസ്‌തക അച്ചടി 20 കോടി രൂപയ്‌ക്ക്‌ നല്‍കിയതിലും അഴിമതി ഉണ്ടെന്ന ആക്ഷേപവും ഉയര്‍ന്ന്‌ വന്നിട്ടുണ്ട്‌.

പാഠപുസ്‌തകമില്ലാതെ വിദ്യാര്‍ത്ഥികള്‍ പാഠങ്ങളുടെ ഫോട്ടോസ്റ്റാറ്റ്‌ എടുത്ത്‌ പഠിക്കേണ്ട അവസ്ഥയാണ്‌ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഈ വര്‍ഷം നിലനില്‍ക്കുന്നത്‌. എസ്‌.എസ്‌.എല്‍.സി പരീക്ഷാഫലം അട്ടിമറിച്ചുകൊണ്ട്‌ പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കുന്നതിന്‌ സാഹചര്യം സൃഷ്‌ടിച്ച സര്‍ക്കാര്‍ പാഠപുസ്‌തക കാര്യത്തിലും ഇത്‌ ആവര്‍ത്തിക്കുകയാണ്‌. പൊതുവിദ്യാഭ്യാസരംഗത്ത്‌ സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവത്തിന്റെ മറ്റൊരു ഉദാഹരണമാണ്‌ ഈ നടപടികള്‍.


തിരുവനന്തപുരം
16.06.2015
* * *