സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പുറപ്പെടുവിക്കുന്ന പ്രസ്‌താവന-19.06.2015

സോളാര്‍ തട്ടിപ്പുകേസ്‌ അട്ടിമറിക്കാന്‍ ഇടപെട്ട മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പ്രതിയാക്കി ക്രിമിനല്‍ കേസ്‌ എടുക്കണം.

കുറ്റവാളികളുമായുള്ള കേവല ചങ്ങാത്തമല്ല, അതിനപ്പുറമുള്ള ബന്ധം മുഖ്യമന്ത്രിക്ക്‌ സോളാര്‍ തട്ടിപ്പുകേസില്‍ ഉണ്ടെന്നാണ്‌ പുതിയ വെളിപ്പെടുത്തലുകള്‍ ബോധ്യപ്പെടുത്തുന്നത്‌. ഒരു മന്ത്രിസഭ കാരണം കേരളത്തിന്റെ ശിരസ്സ്‌ അപമാനം കൊണ്ട്‌ താഴുന്ന ദുരവസ്ഥയാണ്‌ മുഖ്യമന്ത്രിയുടെ പങ്കാളിത്തത്തെപ്പറ്റിയുള്ള വെളിപ്പെടുത്തലുകളിലൂടെ സംജാതമായിരിക്കുന്നത്‌. സോളാര്‍ തട്ടിപ്പുകേസിലെ വാദികളെ പിന്മാറ്റാനും കേസ്‌ ഒത്തുതീര്‍ക്കാനും രഹസ്യങ്ങള്‍ പുറത്തുവിടാതിരിക്കാനും സരിതയ്‌ക്ക്‌ മുഖ്യമന്ത്രി പതിവായി വന്‍ തുക കൈമാറുന്നു എന്നാണ്‌ സരിതയുടെ മുന്‍ അഭിഭാഷകന്‍ ഫെനി ബാലകൃഷ്‌ണനെ ഒളിക്യാമറയില്‍ കുടുക്കി ടി.വി ചാനല്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന വിവരം. ഇതിലൂടെ മുഖ്യമന്ത്രിയുടെ തനിനിറം നാട്‌ അറിയുകയാണ്‌. കെ.പി.സി.സി വൈസ്‌ പ്രസിഡന്റ്‌ തമ്പാനൂര്‍ രവിയാണ്‌ മുഖ്യമന്ത്രിക്കുവേണ്ടി സരിതയ്‌ക്ക്‌ പണം എത്തിക്കുന്നതെന്നും, സരിത ജയിലില്‍ കിടന്നപ്പോള്‍ തനിക്കാണ്‌ പണം എത്തിച്ചതെന്നും ഫെനി വെളിപ്പെടുത്തിയിട്ടുണ്ട്‌. ഇതിന്റെ അടിസ്ഥാനത്തില്‍ തമ്പാനൂര്‍ രവിയെയും കേസില്‍ പ്രതിചേര്‍ത്ത്‌ അന്വേഷണം നടത്തണം. ക്രിമിനല്‍ നടപടി നിയമം, അഴിമതി നിരോധന നിയമം എന്നിവയുടെ അടിസ്ഥാനത്തിലാവണം മുഖ്യമന്ത്രിയെ പ്രതിചേര്‍ക്കേണ്ടത്‌. മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്‌, അടൂര്‍ പ്രകാശ്‌, മുന്‍ കേന്ദ്രമന്ത്രി കെ.സി. വേണുഗോപാല്‍, എം.എല്‍.എമാരായ ബെന്നി ബെഹന്നാന്‍, അബ്‌ദുള്ളക്കുട്ടി എന്നിവരും സരിതയ്‌ക്ക്‌ പണം നല്‍കി എന്നാണ്‌ പുറത്തായിരിക്കുന്ന വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെയും അന്വേഷണം വേണം.

പത്തനംതിട്ട മജിസ്‌ട്രേറ്റ്‌ കോടതി സോളാര്‍ തട്ടിപ്പുകേസില്‍ സരിതയെയും ബിജു രാധാകൃഷ്‌ണനെയും ശിക്ഷിച്ചത്‌ സര്‍ക്കാര്‍ നിലപാടുകൊണ്ടാണെന്ന മുഖ്യമന്ത്രിയുടെ പ്രതികരണം അപഹാസ്യമാണ്‌. ഒന്നേകാല്‍ കോടി രൂപയുടെ തട്ടിപ്പിനിരയായ ബാബുരാജ്‌ മുഖ്യമന്ത്രിയേയും അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനെയും കണ്ട്‌ പരാതി പറഞ്ഞെങ്കിലും കേസ്‌ എടുക്കാന്‍ തയ്യാറായില്ല. അവസാനം കോടതിയില്‍ സ്വകാര്യ അന്യായം നല്‍കുകയും കോടതിയുടെ നിര്‍ദ്ദേശപ്രകാരം കേസ്‌ എടുക്കുകയുമായിരുന്നു. തട്ടിപ്പുകേസുകള്‍ പലതും ഒത്തുതീര്‍പ്പാക്കിയതിനു പിന്നിലെ പണസ്രോതസ്സ്‌ ഏതെന്ന്‌ ഹൈക്കോടതി ആരാഞ്ഞിരുന്നു. മുഖ്യസ്രോതസ്സ്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണെന്ന്‌ തെളിഞ്ഞിരിക്കുകയാണ്‌. സരിതയും ബിജു രാധാകൃഷ്‌ണനും നടത്തിയ തട്ടിപ്പുകേസുകള്‍ ഒത്തുതീര്‍ക്കാനും അട്ടിമറിക്കാനും നടന്ന ഗൂഢാലോചനയെപ്പറ്റിയും അന്വേഷണം വേണം. ഇത്തരം കാര്യങ്ങളില്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരുടെയും പങ്ക്‌ സമഗ്രമായ നിയമപരിശോധനയ്‌ക്ക്‌ വിധേയമാക്കണം. കോടതിയുടെ മേല്‍നോട്ടത്തില്‍ സ്വതന്ത്രമായ അന്വേഷണമാണ്‌ ആവശ്യം. ഇത്രയൊക്കെയായിട്ടും മുഖ്യമന്ത്രിസ്ഥാനം രാജിവയ്‌ക്കാതെ അധികാരത്തില്‍ കടിച്ചുതൂങ്ങുന്നത്‌ അപമാനകരമാണ്‌. സോളാര്‍ കേസ്‌ അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മീഷന്റെ പ്രവര്‍ത്തനം സ്വതന്ത്രമായി മുന്നോട്ടുപോകാനും ഉമ്മന്‍ചാണ്ടിയുടെ രാജി അനിവാര്യമാണ്.

തിരുവനന്തപുരം
19.06.2015

***