വെളിച്ചെണ്ണ ഇറക്കുമതിയിലൂടെ നാളികേര കൃഷിക്കാരുടെ നട്ടെല്ല് ഒടിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയം അടിയന്തരമായി തിരുത്തണമെന്നും ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന അനാസ്ഥ അവസാനിപ്പിക്കണം.
കേരളത്തിന്റെ കാര്‍ഷികമേഖലയിലെ പ്രധാനപ്പെട്ട ഉല്‍പന്നങ്ങളില്‍ ഒന്നാണ് നാളികേരം. മൂന്ന് മാസം മുമ്പ് ഒരു നാളികേരത്തിന് ലഭിച്ചതിന്റെ പകുതി വില മാത്രമാണ് ഇന്ന് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. ഇത്തരമൊരു സ്ഥിതിവിശേഷം സൃഷ്‌ടിച്ചത് സ്റ്റേറ്റ് ട്രേഡിങ് കോര്‍പ്പറേഷന്‍ വഴി 2000 ടണ്‍ വെളിച്ചെണ്ണ ഇറക്കുമതി ചെയ്യാനുള്ള കേന്ദ്രസര്‍ക്കാന്‍ നടപടിയാണ്.
കാര്‍ഷികമേഖലയിലെ എല്ലാവിധ സബ്‌സിഡികളും വെട്ടിക്കുറച്ചുകൊണ്ട് കാര്‍ഷിക ചെലവ് ഉയര്‍ത്തുന്ന നയം കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുകയാണ്. ഇതിന്റെ ഫലമായി കാര്‍ഷിക ചെലവ് വര്‍ദ്ധിച്ചതിന് പുറമെ വിലക്കയറ്റവും കര്‍ഷകരുടെ ജീവിതം ദുരിതപൂര്‍ണ്ണമാക്കിയിരിക്കുന്നു. ഈ ഘട്ടത്തിലാണ് നാളികേര കര്‍ഷകന് കൂനിന്മേല്‍ കുരു എന്ന പോലെയുള്ള സര്‍ക്കാരിന്റെ തീരുമാനം വന്നിരിക്കുന്നത്. കര്‍ഷകരുടെ താല്‍പര്യത്തേക്കാള്‍ കോര്‍പ്പറേറ്റ് കമ്പനികളുടെ താല്‍പര്യങ്ങള്‍ക്കാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നതെന്ന് ഈ നടപടിയിലൂടെ കേന്ദ്രസര്‍ക്കാര്‍ ഒരിക്കല്‍ കൂടി വ്യക്തമാക്കിയിരിക്കുകയാണ്. നാളികേരത്തിന് വില കുറയുമ്പോള്‍ സോപ്പിനോ, റബ്ബറിന് വില കുറയുമ്പോള്‍ റബ്ബര്‍ ഉല്‍പന്നങ്ങള്‍ക്കോ വില കുറയുന്നില്ല എന്നതും ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
നാളികേരത്തെ ആശ്രയിച്ച് ജീവിക്കുന്ന 30 ലക്ഷത്തോളം വരുന്നവരുടെ ജീവിതമാണ് ഈ നടപടിയിലൂടെ ദുരന്തത്തിലേക്ക് നീങ്ങുന്നത്. ഈ വിലയിടിവ് തുടര്‍ന്നാല്‍ ഒരു വര്‍ഷം 4000 കോടി രൂപയുടെ നഷ്‌ടം നാളികേര കര്‍ഷകര്‍ക്ക് ഉണ്ടാകും. കേന്ദ്രസര്‍ക്കാരിന്റെ ഇറക്കുമതി നയത്തിലൂടെ റബ്ബറിന്റെ വില കിലോവിന് 248 രൂപ എന്നതില്‍ നിന്ന് 125 ഓളം രൂപയായി ഇപ്പോള്‍ മാറിയിരിക്കുകയാണ്. അതിനുപുറമെയാണ് നാളികേരത്തിന്റെ വിലയും പകുതിയോളമായി കുറഞ്ഞിരിക്കുന്നത്. ഇത് സംസ്ഥാനത്തിന്റെ സമ്പദ്‌ഘടനയ്‌ക്ക് കനത്ത ആഘാതം സൃഷ്‌ടിക്കും.
കേരളത്തിന്റെ സമ്പദ്‌ഘടനയെ ഗുരുതരമായി ബാധിക്കുന്ന ഇത്തരം പ്രശ്‌നങ്ങള്‍ക്കെതിരെ ശക്തമായ നിലപാടെടുത്തുകൊണ്ട് ഇടപെടുന്നതിന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ദുരിതം അനുഭവിക്കുന്ന കേരളത്തിലെ കര്‍ഷകരെ സംരക്ഷിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ സാധ്യതകള്‍ക്കകത്തുനിന്ന് ഇടപെടുന്നതിനുള്ള ശ്രമങ്ങളും ഉണ്ടായിട്ടില്ല. കോണ്‍ഗ്രസും ബി.ജെ.പി ഒരേ സാമ്പത്തിക നയത്തിന്റെ വക്താക്കളാണെന്ന് ഇക്കാര്യം ഒരിക്കല്‍ കൂടി ഓര്‍മ്മപ്പെടുത്തുകയാണ്. ബി.ജെ.പിയോടുള്ള മൃദുസമീപനം കാര്‍ഷികമേഖലയിലെ നയങ്ങളിലും സ്വീകരിക്കുകയാണ്.
കേരളത്തിലെ കര്‍ഷകരുടെ നട്ടെല്ല് ഒടിക്കുന്ന ഇറക്കുമതി നയത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരേണ്ടതുണ്ട്. കേരളത്തിലെ എല്ലാ കര്‍ഷകരേയും കൂട്ടിയോജിപ്പിച്ചുകൊണ്ടുള്ള വമ്പിച്ച പ്രക്ഷോഭം വളര്‍ന്നുവരേണ്ടതുണ്ട്.
തിരുവനന്തപുരം
16.07.2015
* * *