സി.പി.ഐ (എം) സംസ്ഥാന സെക്രേട്ടറിയറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവന-23.07.2015

സോളാര്‍ കമ്മീഷന്‌ മുമ്പാകെ വന്നിട്ടുള്ള തെളിവുകളെ സംബന്ധിച്ച്‌ വിശദീകരണം നല്‍കുന്നതിനായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കമ്മീഷന്‍ വിളിപ്പിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി പദം രാജിവെക്കണം.

സോളാര്‍ അഴിമതി പ്രശ്‌നത്തില്‍ ശക്തമായ പ്രക്ഷോഭം ഇടതുപക്ഷ ജനാധിപത്യമുന്നണി സംഘടിപ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ്‌ ജുഡീഷ്യല്‍ അന്വേഷണം സംസ്ഥാന സര്‍ക്കാരിന്‌ പ്രഖ്യാപിക്കേണ്ടി വന്നത്‌. ടേംസ്‌ ഓഫ്‌ റഫറന്‍സ്‌ പ്രതിപക്ഷവുമായി ആലോചിച്ച്‌ പ്രഖ്യാപിക്കുമെന്ന്‌ പറഞ്ഞ മുഖ്യമന്ത്രി പിന്നീട്‌ ഏകപക്ഷീയമായി മുഖ്യമന്ത്രിയേയും ഓഫീസിനേയും ഒഴിവാക്കുന്ന നടപടിയാണ്‌ സ്വീകരിച്ചത്‌. ഇതിനെതിരായി കമ്മീഷന്‌ മുമ്പാകെ തെളിവുകള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ്‌ ഇത്തരം കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തപ്പെട്ടത്‌.

അന്വേഷണ കമ്മീഷന്‌ മുമ്പാകെ നിരവധി തെളിവുകള്‍ ഈ കാലയളവിനുള്ളില്‍ വരികയുണ്ടായി. 2012 ജൂലൈ 9 ന്‌ രാത്രി 7 മണിക്ക്‌ മുഖ്യമന്ത്രിയുടെ ഓഫീസില്‍ സരിതാനായരുമൊത്ത്‌ പത്തനംതിട്ടയിലെ ശ്രീധരന്‍ നായര്‍ മുഖ്യമന്ത്രിയെ കണ്ടതിന്റെ തെളിവുകള്‍ കമ്മീഷനു മുമ്പാകെ വന്നിട്ടുണ്ട്‌. മുഖ്യമന്ത്രിയുടെ ഓഫീസിലെ സി.സി ടി.വി ദൃശ്യങ്ങള്‍ തിരിച്ചെടുക്കാന്‍ കഴിയില്ലെന്ന നിലപാട്‌ വസ്‌തുതാപരമല്ലെന്നും വ്യക്തമായിട്ടുണ്ട്‌. ബിജു രാധാകൃഷ്‌ണനുമായി മുഖ്യമന്ത്രി എറണാകുളം ഗവണ്‍മെന്റ്‌ ഗസ്റ്റ്‌ ഹൗസില്‍ ഒരു മണിക്കൂര്‍ സംസാരിച്ചതിന്റെ തെളിവുകളും പുറത്തുവന്നിട്ടുണ്ട്‌. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ നടത്തിയിട്ടുള്ള പ്രസ്‌താവന പലതും വസ്‌തുതാവിരുദ്ധമാണെന്നും ഇതിലൂടെ വ്യക്തമാവുകയാണ്‌ ചെയ്‌തിട്ടുള്ളത്‌. കമ്മീഷന്റെ മുമ്പാകെ അവതരിപ്പിച്ച ഇത്തരം നിരവധി തെളിവുകളുടെ അടിസ്ഥാനത്തിലാണ്‌ പബ്ലിക്‌ എന്‍ക്വയറീസ്‌ ആക്‌ട്‌ 8 ബി പ്രകാരം മുഖ്യമന്ത്രി അടക്കമുള്ളവര്‍ കമ്മീഷന്‍ മുമ്പാകെ ഹാജരായി തെളിവുകള്‍ സംബന്ധിച്ച്‌ വിശദീകരിക്കുന്നതിന്‌ കമ്മീഷന്‍ ഉത്തരവ്‌ നല്‍കിയിരിക്കുന്നത്‌.

അന്വേഷണ കമ്മീഷന്‌ മുമ്പാകെ അവതരിപ്പിക്കപ്പെട്ട മൊഴികളുടെ പശ്ചാത്തലത്തില്‍ പ്രഥമ ദൃഷ്‌ട്യാതന്നെ ആരോപണത്തില്‍ കഴമ്പുണ്ടെന്ന്‌ കണ്ടതുകൊണ്ടാണ്‌ മുഖ്യമന്ത്രി കമ്മീഷന്‌ മുമ്പാകെ ഹാജരാകണമെന്ന്‌ ആവശ്യപ്പെട്ടിട്ടുള്ളത്‌. പ്രഥമദൃഷ്‌ട്യാ ഈ അഴിമതിയില്‍ പങ്കുണ്ടെന്ന വസ്‌തുതയാണ്‌ ഇതിലൂടെ വ്യക്തമാകുന്നത്‌. ഉന്നതമായ രാഷ്‌ട്രീയ സംസ്‌കാരം വെച്ചുപുലര്‍ത്തുന്ന സംസ്ഥാനമാണ്‌ കേരളം. കള്ളം പറഞ്ഞതിന്റെ പേരില്‍ ഒരു മുഖ്യമന്ത്രിക്ക്‌ തല്‍സ്ഥാനം രാജിവെക്കേണ്ടി വന്നു. ഒരു പ്രസംഗത്തിന്റെ പേരിലും ഫോണ്‍ സംഭാഷണങ്ങളുടെ പേരിലും മന്ത്രിമാര്‍ രാജിവെച്ച്‌ ഉന്നതമായ രാഷ്‌ട്രീയവും ധാര്‍മ്മികവുമായ മൂല്യം ഉയര്‍ത്തിപ്പിടിച്ച പാരമ്പര്യം കേരളത്തിനുണ്ട്‌. പ്രഥമദൃഷ്‌ട്യാ കുറ്റം ചുമത്തപ്പെട്ട വര്‍ത്തമാന സാഹചര്യത്തില്‍ രാഷ്‌ട്രീയ ധാര്‍മ്മികതയുടെ കണികയെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ മുഖ്യമന്ത്രി തല്‍സ്ഥാനത്ത്‌ നിന്ന്‌ മാറി നില്‍ക്കുകയാണ്‌ വേണ്ടത്‌. കുറ്റാരോപിതനായ ഒരു മുഖ്യമന്ത്രി കമ്മീഷന്‌ മുമ്പാകെ ഹാജരായി തെളിവുകള്‍ നല്‍കുവാന്‍ നിര്‍ബന്ധിക്കപ്പെടുന്ന സാഹചര്യം കേരളത്തില്‍ ഉണ്ടാകുന്നത്‌ കേരളീയരുടെ ധാര്‍മ്മികതയ്‌ക്കു നേരെയുള്ള വെല്ലുവിളിയാണ്‌.

അട്ടക്കുളങ്ങര ജയില്‍ രേഖകളില്‍ കൃത്രിമം കാണിച്ചത്‌ ഉള്‍പ്പെടെയുള്ള നിരവധി സംഭവങ്ങള്‍ ഇതിനകം തന്നെ പുറത്ത്‌ വന്നിട്ടുണ്ട്‌. എ.ഡി.ജി.പിയുടെ അന്വേഷണത്തിന്‌ ഇടയില്‍ തന്നെ ശേഖരിച്ച രേഖകള്‍ ചോര്‍ന്നുപോവുകയോ നശിപ്പിക്കപ്പെടുകയോ ചെയ്‌തതായുള്ള കാര്യങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്‌. കമ്മീഷന്‌ തന്നെ ചുമതല നിര്‍വ്വഹിക്കാന്‍ പറ്റുന്ന വിധം രേഖകള്‍ സര്‍ക്കാര്‍ തയ്യാറായില്ല എന്ന പ്രശ്‌നവും ഇവിടെ നിലനിന്നിരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ സോളാര്‍ കമ്മീഷന്റെ അന്വേഷണം നടക്കുന്ന ഘട്ടത്തില്‍ പ്രഥമദൃഷ്‌ട്യാ കുറ്റവാളിയാണെന്ന്‌ വ്യക്തമാക്കപ്പെട്ട മുഖ്യമന്ത്രി തല്‍സ്ഥാനത്ത്‌ അന്വേഷണത്തെ തന്നെ ബാധിക്കുന്ന സ്ഥിതിയാണ്‌ സൃഷ്‌ടിക്കുക.

അന്വേഷണം ശരിയായ ദിശയില്‍ നടക്കുന്നതിനും കേരളത്തിന്റെ ഉന്നതമായ രാഷ്‌ട്രീയ സംസ്‌കാരം സംരക്ഷിക്കുന്നതിനും ഒരു നിമിഷം വൈകാതെ മുഖ്യമന്ത്രി തല്‍സ്ഥാനം രാജിവെക്കേണ്ടതുണ്ട്.


തിരുവനന്തപുരം
23.07.2015


***