ആര്‍.എസ്.എസിന്റെ വര്‍ഗീയ പ്രചാരവേലയ്‌ക്കെതിരെ ജാഗ്രത പാലിക്കുക
അരുവിക്കര ഉപതെരഞ്ഞെടുപ്പ് ഫലത്തെ വിലയിരുത്തികൊണ്ട് ബി.ജെ.പി സംസ്ഥാന ഭാരവാഹികളുടെ യോഗം അംഗീകരിച്ച രാഷ്‌ട്രീയ പ്രമേയം കേരളത്തില്‍ നിലനില്‍ക്കുന്ന സാമുദായിക മൈത്രി തകര്‍ക്കുന്നതിനും മതവിദ്വേഷം പ്രചരിപ്പിച്ച് കലാപ കലുഷിതമായ അന്തരീക്ഷം സൃഷ്‌ടിക്കാനുമുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമാണ്. അരുവിക്കര ഉപതെരഞ്ഞെടുപ്പിന്റെ ഫലം ഹിന്ദുത്വ വര്‍ഗീയ ശക്തികള്‍ക്ക് അവരുടെ വര്‍ഗീയ അജണ്ട മുന്നോട്ട് വെക്കാന്‍ കഴിയുമെന്ന പ്രത്യാശ നല്‍കിയിട്ടുണ്ട്. അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് 23.99 ശതമാനം വോട്ടാണ് ലഭിച്ചത്. എല്‍.ഡി.എഫിന് 32.55 ശതമാനവും യു.ഡി.എഫിന് 39.66 ശതമാനവുമാണ് വോട്ട് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബി.ജെ.പിയുടെ വോട്ട് 11 ശതമാനം വര്‍ദ്ധിച്ചു. എന്നിട്ടും 23 ശതമാനം വോട്ടിലേക്കാണ് എത്താന്‍ കഴിഞ്ഞത്. തിരുവനന്തപരും പാര്‍ലമെന്റ് സീറ്റില്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കഴക്കൂട്ടത്ത് 37 ശതമാനവും വട്ടിയൂര്‍ക്കാവില്‍ 37 ശതമാനവും തിരുവനന്തപുരം 35 ശതമാനവും നേമത്ത് 42 ശതമാനവും പാറശാലയില്‍ 27 ശതമാനവും കോവളത്ത് 26 ശതമാനവും വോട്ട് നേടിയിരുന്നു. ഇതിന്റെ ഫലമായി ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട സാഹചര്യങ്ങളില്‍ നിന്ന് വ്യത്യസ്‌തമായി അരുവിക്കരയില്‍ തിരുവനന്തപുരം സീറ്റിലുണ്ടായ മുന്നേറ്റം തുടരാന്‍ ബി.ജെ.പിക്ക് കഴിഞ്ഞില്ല എന്ന യാഥാര്‍ത്ഥ്യം വിസ്‌മരിക്കാനും അരുവിക്കരയില്‍ മൂന്നാം സ്ഥാനത്ത് എത്തിയതിന്റെ ജാള്യം മറച്ചു പിടിക്കാനുമാണ് ബി.ജെ.പി രംഗത്തിറങ്ങിയിട്ടുള്ളത്.
അരുവിക്കരയില്‍ യു.ഡി.എഫും ബി.ജെ.പിയും തമ്മിലാണ് മത്സരമെന്നും എല്‍.ഡി.എഫ് മൂന്നാം സ്ഥാനത്താണെന്നും പ്രചരിപ്പിച്ച ബി.ജെ.പി-ഉമ്മന്‍ചാണ്ടി പ്രചരണത്തിന് ലക്ഷ്യം നേടാന്‍ കഴിയാതെ വന്നപ്പോള്‍ വോട്ടിംഗ് ശതമാനത്തില്‍ വന്ന വര്‍ദ്ധനവ് ചൂണ്ടിക്കാണിച്ച് ബി.ജെ.പി മൂന്നാം മുന്നണി മുദ്രാവാക്യവുമായി രംഗത്തിറങ്ങിയിരിക്കുകയാണ്. കോണ്‍ഗ്രസിന് ബദല്‍ ബി.ജെ.പിയോ ബി.ജെ.പിക്ക് ബദല്‍ കോണ്‍ഗ്രസോ അല്ല. ഈ രണ്ടുകൂട്ടര്‍ക്കും ബദലായ ഇടതുപക്ഷത്തിന് മാത്രമേ കേരളത്തെ മുന്നോട്ട് നയിക്കാനും പുതിയ കേരളം കെട്ടിപ്പടുക്കാനും കഴിയൂ. തിരുവനന്തപുരം ജില്ലയില്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ ബി.ജെ.പിയ്‌ക്ക് ഒരു വിഭാഗം വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാനും, സ്വാധീനിക്കാനും മുന്‍കാലങ്ങളിലും കഴിഞ്ഞിട്ടുണ്ട്. 2004 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം പാര്‍ലമെന്റ് സീറ്റില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി രാജഗോപാലിന് 2,26,986 വോട്ടും 29.84 ശതമാനവും ലഭിച്ചിരുന്നു. എന്നാല്‍ പിന്നീട് 2005 ല്‍ നടന്ന ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വോട്ട് 36,690 ഉം 4.84 ശതമാനവുമായി കുറയുകയാണ് ഉണ്ടായത്. ആ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് 3,90,324 വോട്ടും 51.51 ശതമാനവുമാണ് ലഭിച്ചത്. 2009 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് 11.44 ശതമാനവും 84,094 വോട്ടുമാണ് ലഭിച്ചത്.
2011 ലെ അസംബ്ലി തെരഞ്ഞെടുപ്പില്‍ നേമം മണ്ഡലത്തില്‍ രാജഗോപാലിന് 37.44 ശതമാനം വോട്ട് കിട്ടിയിരുന്നു. എന്നാല്‍ മറ്റ് അസംബ്ലി മണ്ഡലങ്ങളില്‍ ബി.ജെ.പിയ്‌ക്ക് 12 ശതമാനത്തില്‍ താഴെ വോട്ട് മാത്രമേ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ചുള്ളൂ. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് 2012 ല്‍ നടന്നപ്പോള്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി രാജഗോപാല്‍ മത്സരിച്ച സന്ദര്‍ഭത്തില്‍ 23.21 ശതമാനം വോട്ട് ബി.ജെ.പി നേടിയിട്ടുണ്ട്. ഇത് വ്യക്തമാക്കുന്നത് രാജഗോപാല്‍ മത്സരിച്ച സന്ദര്‍ഭങ്ങളില്‍ ഒരു വിഭാഗം വോട്ടര്‍മാരില്‍ വ്യാമോഹം സൃഷ്‌ടിക്കാന്‍ ബി.ജെ.പി പ്രചാരണം വഴി കഴിയുന്നുണ്ട് എന്നാണ്. ഇത് ഒരു ഒറ്റപ്പെട്ട സംഭവമാണ്. ഇതിനെ കേരള അടിസ്ഥാനത്തിലുള്ള ഒരു ധ്രുവീകരണമായി വ്യാഖ്യാനിച്ച് തങ്ങളുടെ വര്‍ഗീയ അജണ്ടയായ തീവ്രഹിന്ദുത്വം മുന്നോട്ട് വെക്കാനുള്ള ആര്‍.എസ്.എസിന്റെ നീക്കം ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കും.
ആപല്‍ക്കരമായ ന്യൂനപക്ഷ വിരോധത്തിന്റെയും, വംശഹത്യാ ഭീഷണിയുടേയും, ന്യൂനപക്ഷങ്ങളുടെ വസ്‌തുവകകള്‍ക്ക് നേരെയുള്ള പ്രചാരവേലയിലേക്കും ചെന്നെത്തുന്നത് ആര്‍.എസ്.എസ് അജണ്ട നടപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ്. മതന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവര്‍ക്ക് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് താരതമ്യേന അവഗണിക്കാനാവാത്ത ജനസംഖ്യയുള്ള സംസ്ഥാനമാണ് കേരളം. ചരിത്രപരമായ കാരണങ്ങളാല്‍ മുസ്ലീം, ക്രിസ്‌ത്യന്‍ ജനസംഖ്യ ഗണ്യമായുള്ള ഒരു സംസ്ഥാനമാണ്. എല്ലാ മതവിഭാഗത്തില്‍പെട്ടവരും ഒന്നിച്ച് ജീവിച്ച് മതനിരപേക്ഷതയും മതേതരത്വത്തിനും മാതൃക കാണിക്കുന്ന സംസ്ഥാനമായി കേരളം മാറി എന്നതില്‍ അഭിമാനം കൊള്ളുന്നവരാണ് ഓരോ കേരളീയരും. സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ച കേരളത്തെ ഇന്നത്തെ രൂപത്തിലുള്ള കേരളമാക്കി മാറ്റിയെടുത്തത് ശ്രീനാരായണഗുരു ഉള്‍പ്പെയുള്ള സാമൂഹ്യ പരിഷ്‌കര്‍ത്താക്കളും ദേശീയ പ്രസ്ഥാനത്തിന്റെ നേതാക്കളും, ഇടതുപക്ഷ പ്രസ്ഥാനങ്ങളും നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ്. ഈ പാരമ്പര്യത്തെ തകര്‍ത്ത് കേരളത്തെ വീണ്ടുമൊരു ഭ്രാന്താലയമാക്കാനുള്ള ആസൂത്രിതമായ നീക്കമാണ് നടക്കുന്നത്. ഒരു ഭാഗത്ത് ആര്‍.എസ്.എസ് നേതൃത്വത്തിലുള്ള ഹിന്ദു വര്‍ഗീയവാദികളും മറുഭാഗത്ത് എരിതീയില്‍ എണ്ണയൊഴിക്കത്തക്കവിധം എസ്.ഡി.പി.ഐ പോലുള്ള മുസ്ലീം തീവ്രവാദ സംഘടനകളും നടത്തുന്ന പരിശ്രമം കേരളത്തെ ഒരു കലാപഭൂമിയാക്കാന്‍ മാത്രമേ സഹായകരമാവുകയുള്ളൂ. എല്ലാ മതസമുദായ വിഭാഗങ്ങള്‍ക്കും തുല്യനീതി ഉറപ്പുവരുത്തിക്കൊണ്ട് സാമൂഹ്യനീതി നടപ്പാക്കാന്‍ വേണ്ടിയാണ് ഇടതുപക്ഷ മുന്നണി പ്രവര്‍ത്തിക്കുന്നത്. ഏതെങ്കിലും ഒരു മതവിഭാഗത്തേയോ സമുദായത്തേയോ, പ്രീണിപ്പിക്കുകയോ, പീഡിപ്പിക്കുയോ, അവഗണിക്കുകയോ ചെയ്യുക എന്നത് സി.പി.ഐ (എം) ന്റെ സമീപനമല്ല. എല്ലാ മതവിഭാഗത്തിലും സമുദായത്തിലുംപെട്ട തൊഴിലാളി-കര്‍ഷകാദി ജനവിഭാഗങ്ങളുടെയും താല്‍പര്യം സംരക്ഷിക്കുന്ന സി.പി.ഐ (എം) ഏതെങ്കിലും ഒരു മതവിഭാഗത്തെ പ്രീണിപ്പിക്കുന്നതിനുവേണ്ടിയല്ല അത്തരം നിലപാടുകള്‍ സ്വീകരിച്ചിട്ടുള്ളത്. വര്‍ഗീയശക്തികളുടെ ആക്രമണത്തിന് ഇരയാകേണ്ടിവന്നവരുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുത്തുകൊണ്ട് എല്ലാ കാലത്തും സി.പി.ഐ (എം) നിലയുറപ്പിച്ചിട്ടുണ്ട്. ആര്‍.എസ്.എസ് ആസൂത്രണം ചെയ്‌ത തലശ്ശേരി കലാപം അടിച്ചമര്‍ത്താന്‍ ജീവത്യാഗം ചെയ്‌തും മതമൈത്രി കാത്തു സൂക്ഷിക്കണമെന്ന് ആഹ്വാനം ചെയ്‌ത് എല്ലാ മതവിഭാഗത്തില്‍ പെടുന്നവരെയും രംഗത്തിറക്കി കലാപം അവസാനിപ്പിക്കാന്‍ സാധിച്ചത് പാര്‍ടിയുടെ ഇടപെടലിന്റെ ഭാഗമായിട്ടാണ്. മാറാട് കലാപത്തിന്റെ ഇരകള്‍ക്ക് സംരക്ഷണം നല്‍കാന്‍ പാര്‍ടി മുന്നോട്ട് വന്നതും, പൂന്തുറ, ചാല, പാലക്കാട് വര്‍ഗീയ കലാപങ്ങള്‍ക്കെതിരെ രംഗത്തിറങ്ങിയതും മതമൈത്രി കാത്തു സൂക്ഷിക്കാന്‍ വേണ്ടിയാണ്.
സ്ഥാവര സ്വത്തുക്കള്‍ നഗരകേന്ദ്രങ്ങളിലും, ദേശീയപാതയുടെ ഓരങ്ങളിലും ഏത് മതവിഭാഗത്തില്‍പെട്ടവരാണ് കൈവശം വെക്കുന്നതെന്ന് നോക്കി വികാരം ഇളക്കിവിടാനുള്ള ആര്‍.എസ്.എസ് നീക്കം വംശഹത്യയുടെ ഭീകരനാളുകളില്‍ ഗുജറാത്തില്‍ അരങ്ങേറിയതുപോലുള്ള നരമേധങ്ങളുടെയും സംഹാരതാണ്ഡവങ്ങളുടെയും സ്‌മരണകള്‍ സംഘപരിവാറിനെ ലഹരി പിടിപ്പിക്കുകയാണോ എന്ന് സംശയിപ്പിക്കുന്നതാണ് ബി.ജെ.പി പ്രമേയം.
ഒരു ജനാധിപത്യ-മതേതര രാഷ്‌ട്രത്തില്‍ രാജ്യഭരണത്തിന് നേതൃത്വം നല്‍കുന്ന കേന്ദ്ര ഭരണകക്ഷിയുടെ സംസ്ഥാന ഘടകം ജനസംഖ്യാടിസ്ഥാനത്തില്‍ ജനങ്ങളെ വേര്‍തിരിച്ച് മതവിദ്വേഷം ഇളക്കിവിടുകയാണ്. ഭൂരിപക്ഷ മതവിഭാഗങ്ങളില്‍പെട്ടവരില്‍ ആശങ്ക ഉണര്‍ത്തി പ്രകോപിതരാക്കി, ന്യൂനപക്ഷങ്ങള്‍ക്കെതിരെ തിരിച്ചുവിടുകയാണ്. എല്ലാവര്‍ക്കും തുല്യനീതി ഉറപ്പുവരുത്താന്‍ ബാധ്യതയുള്ള ഭരണകൂടത്തെ നിശ്ചലമാക്കാനും തങ്ങളുടെ വര്‍ഗീയ ലക്ഷ്യം നേടാനുമുള്ള പ്രചാരവേലയാണിത്. ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ ജീവനും സ്വത്തിനും നിലനില്‍പ്പിനും നേരെ മറയില്ലാത്ത ഭീഷണി മുഴക്കി കൊണ്ടാണ് ബി.ജെ.പി ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. ഇത് മതനിരപേക്ഷ ജനാധിപത്യ മലയാളി സമൂഹത്തോടുള്ള കടുത്ത വെല്ലുവിളിയാണ്. ഇതിനെതിരെ മതനിരപേക്ഷ കേരളം ഒറ്റക്കെട്ടായി അണിനിരക്കണമെന്നും വര്‍ഗീയത ഇളക്കിവിടുന്ന ആര്‍.എസ്.എസ് പ്രചാരവേലയ്‌ക്കെതിരെ ജാഗ്രത പാലിക്കണം.
തിരുവനന്തപുരം
23.07.2015
***