ഡോ. എപിജെ അബ്ദുള്‍ കലാമിന്റെ നിര്യാണത്തില്‍ അനുശോചിച്ച് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പുറപ്പെടുവിക്കുന്ന സന്ദേശം

ഇന്ത്യയെപ്പറ്റി വലിയ സ്വപ്‌നങ്ങള്‍ കണ്ട ആദര്‍ശശാലിയായ രാഷ്ട്രതന്ത്രജ്ഞനും ബഹിരാകാശശാസ്‌ത്രജ്ഞനുമായിരുന്നു ഡോ. എ പി ജെ അബ്‌ദുള്‍കലാം. ഭാവി ഇന്ത്യയേയും നാളത്തെ കേരളത്തെയും പറ്റിയുള്ള സുവ്യക്തമായ ചിന്തകള്‍ അദ്ദേഹം നിയമനിര്‍മാണസഭകളിലടക്കം അവതരിപ്പിച്ചു. രാഷ്ട്രപതിയായിരിക്കെ, കേരള നിയമസഭയില്‍ അദ്ദേഹം നടത്തിയ പ്രസംഗം ഏറെ ശ്രദ്ധേയമായിരുന്നു.

ബഹിരാകാശശാസ്‌ത്ര ഗവേഷണരംഗത്തെ പ്രവര്‍ത്തനത്തില്‍ രണ്ടു പതിറ്റാണ്ടോളം തിരുവനന്തപുരത്ത്‌ ചെലവാക്കിയതിലൂടെ അബ്‌ദുള്‍ കലാം കേരളവുമായി കൂടുതല്‍ ആത്മബന്ധം സ്ഥാപിച്ചിരുന്നു. തന്റെ മതനിരപേക്ഷബോധം രാഷ്ട്രപതിയായിരിക്കുമ്പോഴും മുറുകെപ്പിടിക്കാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞു. രാഷ്ട്രത്തിന്റെ യശസ്‌ കളഞ്ഞുകുളിക്കുന്ന ഒരു നടപടിയും രാഷ്ട്രപതിയെന്ന നിലയില്‍ അദ്ദേഹം സ്വീകരിച്ചിരുന്നില്ല. ഇത്തരം കാര്യങ്ങളില്‍ ഭരണാധികാരികളുടെ സമ്മര്‍ദ്ദങ്ങള്‍ക്ക്‌ അദ്ദേഹം വഴങ്ങിയിരുന്നില്ല. കുട്ടികളോടും യുവാക്കളോടും കലര്‍പ്പില്ലാത്ത സ്‌നേഹം കാണിച്ചിരുന്ന കലാം നല്ല അധ്യാപകനുമായിരുന്നു. ഇന്ത്യയെ മികവിന്റെ ഉന്നതങ്ങളിലെത്തിക്കണമെന്ന സ്വപ്‌നമായിരുന്നു കലാമിനെ എല്ലായ്‌പ്പോഴും നയിച്ചിരുന്നത്‌. ഉന്നതനായ ആ മനുഷ്യസ്‌നേഹിയുടെ വേര്‍പാട്‌ നാടിന്‌ വലിയ നഷ്ടമാണ്.