സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പുറപ്പെടുവിക്കുന്ന പ്രസ്‌താവന-28.07.2015

നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമം അട്ടിമറിക്കാനുള്ള യു.ഡി.എഫിന്റെ നിലപാട്‌ കേരളത്തില്‍ ഗുരുതരമായ സ്ഥിതിവിശേഷം സൃഷ്‌ടിക്കും.

കഴിഞ്ഞ എല്‍.ഡി.എഫ്‌ സര്‍ക്കാരാണ്‌ നെല്‍വയല്‍-നീര്‍ത്തട സംരക്ഷണനിയമം കൊണ്ടുവന്നത്‌. സാര്‍വദേശീയതലത്തില്‍ തന്നെ ചര്‍ച്ച ചെയ്യപ്പെടുകയും ശ്ലാഘിക്കപ്പെടുകയും ചെയ്‌ത നിയമമായിരുന്നു അത്‌. മറ്റ്‌ സംസ്ഥാനങ്ങളും ഇതിന്റെ ചുവടുപിടിച്ച്‌ നിയമങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള ആലോചനയിലേക്ക്‌ നീങ്ങുന്ന ഘട്ടം കൂടിയാണ്‌ ഇത്‌. ഇത്തരമൊരു സാഹചര്യത്തിലാണ്‌ ഈ നിയമം അട്ടിമറിക്കപ്പെടാന്‍ പോകുന്നത്‌.

യു.ഡി.എഫ്‌ കൊണ്ടുവന്ന പുതിയ നിയമപ്രകാരം 2008 വരെ നികത്തിയ വയലുകള്‍ ന്യായവിലയുടെ 25 ശതമാനം സര്‍ക്കാരിന്‌ നല്‍കി പുരയിടമായി പ്രഖ്യാപിക്കാന്‍ സാധിക്കും. നിലം പുരയിടമായി പ്രഖ്യാപിക്കുന്നതിനുള്ള അവകാശം കളക്‌ടര്‍ക്ക്‌ നല്‍കിയിരിക്കുകയാണ്‌. 2008-ല്‍ എല്‍.ഡി.എഫ്‌ കൊണ്ടുവന്ന നിയമപ്രകാരം വയല്‍ നികത്തിയാല്‍ അവ പൂര്‍വ്വസ്ഥിതിയിലാക്കാനും പിഴ ശിക്ഷയ്‌ക്കും വ്യവസ്ഥ ചെയ്യുന്ന നിയമമായിരുന്നു ഉണ്ടായിരുന്നത്‌. അതേ സമയം വീടുവെയ്‌ക്കാന്‍ സ്ഥലമില്ലാത്തവര്‍ക്ക്‌ വീടുവെയ്‌ക്കുന്നതിനുള്ള അവകാശം ഉറപ്പ്‌ വരുത്തുന്നതിനും നിയമത്തില്‍ വ്യവസ്ഥ ഉണ്ടായിരുന്നു.

സംസ്ഥാനത്ത്‌ നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും വന്‍തോതില്‍ നികത്തപ്പെടുന്നത്‌ സംസ്ഥാന താല്‍പര്യങ്ങള്‍ക്ക്‌ എതിരാണെന്നതുകൊണ്ടാണ്‌ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ ഇത്തരമൊരു നിയമം കൊണ്ടുവന്നത്‌. തണ്ണീര്‍ത്തടങ്ങളും നെല്‍പാടങ്ങളും മാനവരാശിയുടെ നിലനില്‍പിന്‌ തന്നെ അത്യന്താപേക്ഷിതമാണെന്ന്‌ പൊതുവില്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ട്‌. നെല്‍വയല്‍ സംരക്ഷിക്കുക എന്നത്‌ കേരളത്തിന്റെ കാര്‍ഷികമേഖലയെ സംരക്ഷിക്കുന്നതിന്റെ ഭാഗമാണ്‌. കുടിവെള്ള സംരക്ഷണത്തിനും പ്രകൃതിയുടെ ആവാസവ്യവസ്ഥയുടെ സംരക്ഷണവും ഉറപ്പ്‌ വരുത്തുന്ന നിയമമാണ്‌ യു.ഡി.എഫ്‌ സര്‍ക്കാര്‍ അട്ടിമറിക്കുന്നത്‌.

റിയല്‍ എസ്റ്റേറ്റ്‌ താല്‍പര്യങ്ങള്‍ക്കായി ഭൂപരിഷ്‌കരണ നിയമങ്ങളില്‍ വെള്ളം ചേര്‍ക്കുകയും സര്‍ക്കാര്‍ ഭൂമി പതിച്ചുകൊടുക്കുകയും ചെയ്യുന്ന യു.ഡി.എഫ്‌ സര്‍ക്കാരിന്റെ നയത്തിന്റെ തുടര്‍ച്ചയായി ഇതിനെയും കാണേണ്ടതുണ്ട്‌. മാത്രമല്ല, എന്തിനും അഴിമതി കാണിക്കുന്ന സര്‍ക്കാര്‍ നിലപാടും ഇതില്‍ ദൃശ്യമാണ്‌. 2008-ന്‌ മുമ്പുള്ള നികത്തല്‍ മാത്രമേ അംഗീകരിക്കുകയുള്ളൂ എന്ന്‌ പറയുന്നുണ്ടെങ്കിലും ഫലത്തില്‍ കേരളത്തിലെ നെല്‍വയലുകളും നീര്‍ത്തടങ്ങളും തന്നെ അപ്രത്യക്ഷമാകുന്ന അവസ്ഥയിലേക്കാണ്‌ ഈ നിയമഭേദഗതി കേരളത്തെ കൊണ്ടുചെന്ന്‌ എത്തിക്കുക.

കേരളത്തിന്റെ കാര്‍ഷികമേഖലയേയും പരിസ്ഥിതിയേയും കുടിവെള്ളത്തേയും തകര്‍ക്കുന്ന ഈ നിയമഭേദഗതിക്കെതിരെ നാടിനെ സ്‌നേഹിക്കുന്ന മുഴുവന്‍ ജനതയും അണിനിരക്കണം.

തിരുവനന്തപുരം
28.07.2015
 

***