തൃശൂരിലെ എഫ്‌സിഐ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന അരി കത്തിച്ചും കുഴിച്ചുമൂടിയും നശിപ്പിച്ചതിനെക്കുറിച്ച്‌ സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവന

തിരുവനന്തപുരം
09.12.2012

തൃശൂരിലെ മുളങ്കുന്നത്തുകാവ്‌ എഫ്‌സിഐ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന 1500 ടണ്‍ അരി കത്തിച്ചും കുഴിച്ചുമൂടിയും നശിപ്പിച്ചതിനെപ്പറ്റി സമഗ്ര അന്വേഷണം നടത്തണമെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയറ്റ്‌ സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു. ഇത്‌ മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവമാണ്‌. എഫ്‌സിഐ ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്ന അരി പാവങ്ങള്‍ക്ക്‌ സൗജന്യമായി വിതരണം ചെയ്യണമെന്ന്‌ ജസ്‌റ്റിസ്‌ അഹമ്മദി ചീഫ്‌ ജസ്റ്റിസ്‌ ആയിരിക്കെ സുപ്രീം കോടതി നിര്‍ദേശിച്ചതാണ്‌. കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഭക്ഷ്യധാന്യ സംഭരണകേന്ദ്രമായ തൃശൂരിലെ ഗോഡൗണില്‍ ആറുമാസമായി അരി നശിപ്പിക്കുന്നത്‌ പതിവാണ്‌. ഇതിനിടയാക്കിയത്‌ യുഡിഎഫ്‌ സര്‍ക്കാര്‍ പൊതുവിതരണസമ്പ്രദായം തകര്‍ത്തതുകൊണ്ടാണ്‌. റേഷന്‍കടകളിലൂടെയുള്ള അരിവിതരണം നാമമാത്രമായി. മാവേലി സ്റ്റോറുകള്‍ `സ്റ്റോക്കില്ലാ ബോര്‍ഡ്‌'' തൂക്കാനുള്ള കേന്ദ്രങ്ങളാക്കി. ഇതിന്റെയെല്ലാം ഫലമായി അരിക്ക്‌ പൊതുവിപണിയില്‍ കിലോയ്‌ക്ക്‌ 48 രൂപയായി. ഒന്നേമുക്കാല്‍വര്‍ഷംമുമ്പ്‌ നിത്യോപയോഗ സാധനങ്ങള്‍ക്ക്‌ ഉണ്ടായിരുന്ന വിലയുടെ പല മടങ്ങാണ്‌ ഇന്ന്‌. ചെറിയ ഉള്ളി, സവാള, പച്ചക്കറി എന്നിവയ്‌ക്കെല്ലാം തീവിലയാണ്‌.

എല്‍ഡിഎഫ്‌ സര്‍ക്കാര്‍ പൊതുവിതരണസമ്പ്രദായം ശക്തിപ്പെടുത്തിയും രണ്ടുരൂപയ്‌ക്ക്‌ സാധാരണക്കാര്‍ക്ക്‌ അരിവിതരണം ചെയ്‌തും പൊതുവിപണിയില്‍ വില നിയന്ത്രിച്ച്‌ നാടിന്‌ മാതൃകയായെങ്കില്‍ അതിന്‌ നേര്‍വിപരീതമായ ചിത്രമാണ്‌ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പ്രദാനംചെയ്‌തിരിക്കുന്നത്‌. മുന്‍വര്‍ഷങ്ങളില്‍ മാസം 1650 ലോഡ്‌ അരി തൃശൂരിലെ ഗോഡൗണില്‍നിന്ന്‌ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക്‌ അയയ്‌ക്കുമായിരുന്നെങ്കില്‍ അത്‌ ക്രമേണ കുറഞ്ഞ്‌ 200 മുതല്‍ 300 വരെ ലോഡായി ചുരുങ്ങി. രാജ്യത്ത്‌ പതിനാലായിരത്തിലധികം കര്‍ഷകര്‍ ഒരുവര്‍ഷം ആത്മഹത്യ ചെയ്യുന്നുണ്ട്‌. യുഡിഎഫ്‌ ഭരണകാലത്ത്‌ കേരളവും ഈ പട്ടികയെ പെരുപ്പിക്കുകയാണ്‌. കര്‍ഷകര്‍ മാത്രമല്ല, സാധാരണക്കാരും പട്ടികജാതി കോളനികളില്‍ താമസിക്കുന്നവരുമെല്ലാം പട്ടിണിയും ദുരിതവും നേരിടുകയാണ്‌. അങ്ങനെയുള്ള കേരളത്തിലാണ്‌ എഫ്‌സിഐയുടെ ഒരു ഗോഡൗണില്‍ മാത്രം 1500 ടണ്‍ അരി കത്തിച്ചും കുഴിച്ചുമൂടിയും നശിപ്പിച്ചത്‌. 15 ലക്ഷം പേര്‍ക്ക്‌ ഒരുനേരത്തെ ആഹാരത്തിന്‌ വകയാകാവുന്ന അരിയാണ്‌ ഇത്‌. അരിക്കുള്‍പ്പെടെയുള്ള സബ്‌സിഡി ബാങ്കുകളിലൂടെ വിതരണം ചെയ്യുമെന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ തീരുമാനം എത്രമാത്രം വിപല്‍ക്കരമായിരിക്കുമെന്ന മുന്നറിയിപ്പ്‌ ഈ സംഭവം നല്‍കുന്നു. പട്ടിണികിടന്ന്‌ ജനങ്ങള്‍ മരിക്കുന്ന രാജ്യത്ത്‌ കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഭക്ഷ്യസംഭരണ കേന്ദ്രത്തില്‍ അരി കേടായി കത്തിച്ചും കുഴിച്ചുമൂടിയും കളയുന്ന മനുഷ്യത്വരഹിതമായ അവസ്ഥയ്‌ക്കെതിരെ ശക്തമായ പ്രതിഷേധവും പ്രതികരണവും ഉയര്‍ന്നുവരണമെന്നും സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയറ്റ്‌ പ്രസ്‌താവനയില്‍ അഭ്യര്‍ഥിച്ചു.

* * *