സാമ്പത്തിക ഞെരുക്കത്തിലാക്കി പി.എസ്.സിയെ ദുര്‍ബലപ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കം അടിയന്തരമായി അവസാനിപ്പിക്കണം.
പി.എസ്.സിയുടെ നിത്യനിദാന ചെലവുകള്‍ അടക്കമുള്ള ബില്ലുകള്‍ തടഞ്ഞുകൊണ്ട് ധനവകുപ്പ് ഉത്തരവിറക്കിയിരിക്കുകയാണ്. അതിന്റെ ഫലമായി 100-ലധികം ബില്ലുകള്‍ ട്രഷറിയില്‍ നിന്ന് ഇതിനകംതന്നെ തിരിച്ചയച്ചുകഴിഞ്ഞു. ഭരണഘടനാ സ്ഥാപനമായ പി.എസ്.സിക്കുമേല്‍ ധനവകുപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ള ഇത്തരം നിയന്ത്രണത്തിലൂടെ പി.എസ്.സിയുടെ പ്രവര്‍ത്തനം സ്‌തംഭിച്ചിരിക്കുകയാണ്. പരീക്ഷകളും ഇന്റര്‍വ്യൂകളും കായികക്ഷമതാ പരീക്ഷയുമെല്ലാം അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ഏതുതരം സാമ്പത്തിക പ്രതിസന്ധിയുണ്ടായാലും പി.എസ്.സിക്ക് പ്രത്യേക പരിഗണന നല്‍കി മുന്നോട്ടുപോകുന്ന സമീപനമാണ് സ്വീകരിക്കേണ്ടത്. എന്നാല്‍, അത്തരമൊരു നയം സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല.
പി.എസ്.സിയെ ദുര്‍ബലപ്പെടുത്തി മുന്നോട്ടുപോകുന്ന യു.ഡി.എഫ് സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമാണ് ഇത്. എല്‍.ഡി.എഫ് സര്‍ക്കാര്‍ പി.എസ്.സിക്ക് വിട്ട ദേവസ്വം ബോര്‍ഡുകളുടെ നിയമനങ്ങള്‍ പ്രത്യേക ബോര്‍ഡ് സ്ഥാപിച്ച് നിയമിക്കുന്നതിനായി യു.ഡി.എഫ് സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തിയിരിക്കുകയാണ്. യു.ഡി.എഫ് അധികാരത്തില്‍ വന്നശേഷം തസ്‌തിക വെട്ടിക്കുറയ്‌ക്കലും നിയമന നിരോധനവും നടപ്പിലാക്കിയിരിക്കുകയാണ്. 30,000 തസ്‌തികകള്‍ നിര്‍ത്തലാക്കുന്നതിനുള്ള ഉത്തരവ് ഇതിനകം പുറപ്പെടുവിച്ചുകഴിഞ്ഞിട്ടുണ്ട്. ഇനിയും നിര്‍ത്തലാക്കാനുള്ള തസ്‌തികകളെക്കുറിച്ചുള്ള കണക്കും എടുത്തുകൊണ്ടിരിക്കുകയാണ്. ഒഴിവുകളൊന്നും റിപ്പോര്‍ട്ട് ചെയ്യരുതെന്ന് വകുപ്പ് മേധാവികള്‍ക്ക് രഹസ്യനിര്‍ദ്ദേശം നല്‍കിയിരിക്കുന്നു. മൂന്നുവര്‍ഷത്തിനകം ഏറ്റവും കൂടുതല്‍ പേര്‍ വിരമിച്ചെങ്കിലും അതിനനുസരിച്ച് നിയമനങ്ങള്‍ നടത്തുന്നതിന് സര്‍ക്കാര്‍ തയ്യാറായിട്ടില്ല. റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി ഉദ്യോഗാര്‍ത്ഥികളെ കബളിപ്പിക്കുക എന്നതാണ് യു.ഡി.എഫ് സര്‍ക്കാര്‍ തുടര്‍ന്നുവരുന്ന നയം.
പി.എസ്.സിയെ സാമ്പത്തിക പ്രതിസന്ധിയിലാക്കി അതുവഴി പിന്‍വാതിലിലൂടെ നിയമനം നടത്തി മുന്നോട്ടുപോകുന്നതിനുള്ള സര്‍ക്കാരിന്റെ ഈ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധമുയരണം.
തിരുവനന്തപുരം
02.08.2015
***