ജനകീയ പ്രതിരോധത്തില്‍ 5 ലക്ഷം തൊഴിലാളികള്‍ അണിനിരക്കും,സി.പി.ഐ (എം) കേരള സംസ്ഥാനകമ്മിറ്റിയുടെ പത്രകുറിപ്പ്‌

വിലക്കയറ്റത്തിനും കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലത്തകര്‍ച്ചയ്‌ക്കും മത്സ്യസമ്പത്ത്‌ കൊള്ളയടിക്കുന്ന കോര്‍പ്പറേറ്റുകള്‍ക്കെതിരെയും അഴിമതിക്കെതിരെയും സി.പി.ഐ (എം) കേരളത്തില്‍ ആഗസ്റ്റ്‌ 11-ന് സംഘടിപ്പിക്കുന്ന 1000 കിലോമീറ്റര്‍ നീളുന്ന ജനകീയ പ്രതിരോധത്തില്‍ വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 5 ലക്ഷം തൊഴിലാളികള്‍ പങ്കെടുക്കും.

തൊഴിലാളികളെ അണിനിരത്തുന്നതിനുള്ള വിപുലമായ പ്രചരണ പ്രവര്‍ത്തനങ്ങള്‍ തൊഴിലാളി മേഖലയില്‍ നടന്നുകൊണ്ടിരിക്കുകയാണ്‌. മത്സ്യമേഖലയില്‍ കോര്‍പ്പറേറ്റുകള്‍ക്ക്‌ അനുകൂലമായ നിയമങ്ങളാണ്‌ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്‌. ഇതിന്റെ ഫലമായി മത്സ്യത്തൊഴിലാളികളെ കടലോരമേഖലയില്‍ നിന്നും പുറത്താക്കുന്ന സ്ഥിതി ഉണ്ടാക്കും. ഈ മേഖലയിലെ ക്ഷേമപ്രവര്‍ത്തനങ്ങളെല്ലാം തകര്‍ത്തിരിക്കുകയാണ്‌. ഇത്തരം നയങ്ങള്‍ക്കെതിരായി മത്സ്യത്തൊഴിലാളികളുടെ ശക്തമായ വികാരം ജനകീയ പ്രതിരോധത്തില്‍ അലയടിക്കും
.
കയര്‍, കശുവണ്ടി, കൈത്തറി തുടങ്ങിയ പരമ്പരാഗതമേഖകള്‍ കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്‌. കയര്‍മേഖലയില്‍ തൊഴിലാളികള്‍ക്ക്‌ പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്‌. കശുവണ്ടി മേഖലയിലാവട്ടെ ഫാക്‌ടറികളെല്ലാം അടഞ്ഞുകിടക്കുന്ന സ്ഥിതിയാണുള്ളത്‌. തൊഴിലില്ലാത്തതു കാരണം പട്ടിണിയാവുന്ന സാഹചര്യം ഈ മേഖലയിലും നിലനില്‍ക്കുന്നു. കൈത്തറി തൊഴിലാളികളുടെ ജീവിതവും ദുരിതപൂര്‍ണ്ണമായിത്തന്നെ മുന്നോട്ടുനീങ്ങുകയാണ്‌. ഈറ്റ, പനമ്പ്‌ തുടങ്ങിയ മേഖലയിലെ തൊഴിലാളികളും ദുരിതത്തിലാണ്‌. ക്ഷേമപെന്‍ഷനുകള്‍ വിതരണം ചെയ്യുന്നതിലും കടുത്ത അലംഭാവമാണ്‌ സര്‍ക്കാര്‍ കാണിക്കുന്നത്‌. സര്‍ക്കാരിന്റെ ഇത്തരം നയങ്ങള്‍ക്കെതിരായുള്ള ശക്തമായ ചെറുത്തുനില്‍പ്പായിരിക്കും ജനകീയ പ്രതിരോധത്തില്‍ പ്രതിഫലിക്കുക.

തിരുവനന്തപുരം
02.08.2015

* * *