ജനകീയ പ്രതിരോധത്തില്‍ 7 ലക്ഷം കര്‍ഷകത്തൊഴിലാളികള്‍ പങ്കെടുക്കും, സിപിഐ(എം) കേരള സംസ്ഥാനകമ്മിറ്റിയുടെ പത്രകുറിപ്പ്‌

 വിലക്കയറ്റത്തിനും കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലത്തകര്‍ച്ചയ്‌ക്കും മത്സ്യസമ്പത്ത്‌ കൊള്ളയടിക്കുന്ന കോര്‍പ്പറേറ്റുകള്‍ക്കെതിരെയും അഴിമതിക്കെതിരെയും സി.പി.ഐ (എം) കേരളത്തില്‍ ആഗസ്റ്റ്‌ 11-ന്‌ സംഘടിപ്പിക്കുന്ന 1000 കിലോമീറ്റര്‍ നീളുന്ന ജനകീയ പ്രതിരോധത്തില്‍ വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 7 ലക്ഷം കര്‍ഷകത്തൊഴിലാളികള്‍ പങ്കെടുക്കും.

 
കര്‍ഷകത്തൊഴിലാളികളെ ഈ പ്രക്ഷോഭത്തില്‍ അണിനിരത്തുന്നതിനുവേണ്ടിയുള്ള വിപുലമായ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തൊട്ടാകെ നടന്നുകൊണ്ടിരിക്കുകയാണ്‌. കാര്‍ഷികമേഖല തകര്‍ത്തെറിയുന്ന തരത്തിലുള്ള നയങ്ങളാണ്‌ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്‌. കൃഷിഭൂമി കോര്‍പ്പറേറ്റ്‌ താല്‍പ്പര്യങ്ങള്‍ക്കായി വിനിയോഗിക്കപ്പെടുന്ന അവസ്ഥയും നിലനില്‍ക്കുന്നു. ക്ഷേമപദ്ധതികളില്‍ ഉണ്ടാവുന്ന വെട്ടിക്കുറയ്‌ക്കല്‍ ഏറ്റവും ബാധിക്കുന്നത്‌ കര്‍ഷകത്തൊഴിലാളികളെയാണ്‌. ഭക്ഷ്യസുരക്ഷ തകര്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ കര്‍ഷകത്തൊഴിലാളികളുടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണ്ണമാക്കുകയാണ്‌. 
 
കേന്ദ്രസര്‍ക്കാര്‍ പിന്തുടരുന്ന അതേ നയങ്ങളാണ്‌ സംസ്ഥാന സര്‍ക്കാരും സ്വീകരിക്കുന്നത്‌. ക്ഷേമപദ്ധതികളെല്ലാം തകര്‍ക്കപ്പെട്ടിരിക്കുകയാണ്‌. ഓണം അടുത്ത ഘട്ടത്തില്‍ പോലും ക്ഷേമ പെന്‍ഷനുകളുടെ കുടിശ്ശിക തീര്‍ത്ത്‌ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. വിലക്കയറ്റം വലിയ ദുരിതമാണ്‌ കര്‍ഷകത്തൊഴിലാളി മേഖലയില്‍ സൃഷ്‌ടിച്ചിരിക്കുന്നത്‌. പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കുന്ന നയങ്ങള്‍ പാവപ്പെട്ട കുട്ടികളുടെ പഠന സ്വപ്‌നങ്ങള്‍ക്കാണ്‌ തിരിച്ചടി നല്‍കുന്നത്‌. ആരോഗ്യമേഖലയെ തകര്‍ക്കുന്ന സര്‍ക്കാര്‍ നയവും കര്‍ഷകത്തൊഴിലാളികളെ ഏറെ ബാധിക്കുന്നതാണ്‌. സാമൂഹ്യസുരക്ഷാ രംഗങ്ങളില്‍ നിന്നുള്ള പിന്മാറ്റവും വലിയ പ്രതിസന്ധിയാണ്‌ സൃഷ്‌ടിച്ചുകൊണ്ടിരിക്കുന്നത്‌. പൊതുവിതരണ സമ്പ്രദായം തകര്‍ന്നാല്‍ കര്‍ഷകത്തൊഴിലാളികളുടെ ജീവിതം ദുരിതപൂര്‍ണ്ണമായിത്തീരും. അത്തരമൊരു സാഹചര്യമാണ്‌ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങള്‍ സൃഷ്‌ടിച്ചുകൊണ്ടിരിക്കുന്നത്‌.
 
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തെറ്റായ നയങ്ങള്‍ക്കെതിരെ ശക്തമായി നിലപാടെടുത്ത്‌ പൊരുതുന്ന സി.പി.ഐ (എം) സംഘടിപ്പിക്കുന്ന ജനകീയ പ്രതിരോധത്തില്‍ കര്‍ഷകത്തൊഴിലാളികളുടെ പ്രതിഷേധം വന്‍തോതില്‍ അലയടിക്കും.

തിരുവനന്തപുരം
06.08.2015

***