ജനകീയ പ്രതിരോധത്തില്‍ 8 ലക്ഷം സ്‌ത്രീകള്‍ പങ്കെടുക്കും, സിപിഐ(എം) സംസ്ഥാനകമ്മിറ്റിയുടെ പത്രക്കുറിപ്പ്

വിലക്കയറ്റത്തിനും കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലത്തകര്‍ച്ചയ്‌ക്കും മത്സ്യസമ്പത്ത്‌ കൊള്ളയടിക്കുന്ന കോര്‍പ്പറേറ്റുകള്‍ക്കെതിരെയും അഴിമതിക്കെതിരെയും സി.പി.ഐ (എം) കേരളത്തില്‍ ആഗസ്റ്റ്‌ 11-ന് സംഘടിപ്പിക്കുന്ന 1000 കിലോമീറ്റര്‍ നീളുന്ന ജനകീയ പ്രതിരോധത്തില്‍ 8 ലക്ഷം സ്‌ത്രീകള്‍ പങ്കെടുക്കും.

മഹിളകളെ ഈ പ്രക്ഷോഭത്തില്‍ പങ്കെടുപ്പിക്കുന്നതിനുള്ള വിപുലമായ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത്‌ നടന്നുവരികയാണ്‌. കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ രാജ്യത്ത്‌ രൂക്ഷമായ വിലക്കയറ്റം സൃഷ്‌ടിക്കുകയാണ്‌. പൊതുവിതരണ സമ്പ്രദായത്തെ തകര്‍ക്കുക എന്നത്‌ സര്‍ക്കാരിന്റെ നയമായി മാറിയിരിക്കുകയാണ്‌. തൊഴിലുറപ്പുപദ്ധതി ദുര്‍ബ്ബലപ്പെടുത്തുന്ന സര്‍ക്കാര്‍ നയവും സ്‌ത്രീകളെ ഏറെ ബാധിക്കുന്നതാണ്‌. ക്ഷേമപദ്ധതികളില്‍ നിന്നുള്ള പിന്മാറ്റവും സ്‌ത്രീകളുടെ ജീവിതത്തില്‍ ദുരിതങ്ങള്‍ വിതയ്‌ക്കുകയാണ്‌. രാജ്യത്താകമാനം സ്‌ത്രീകള്‍ക്കെതിരായ ആക്രമണവും വ്യാപിക്കുകയാണ്‌.

സംസ്ഥാനത്ത്‌ വിലക്കയറ്റം ഏറെ രൂക്ഷമാണെന്ന്‌ നിയമസഭയില്‍ തന്നെ വ്യക്തമാക്കപ്പെട്ടിട്ടുള്ളതാണ്‌. എന്നിട്ടും അവ പരിഹരിക്കുന്നതിനുള്ള യാതൊരു നടപടിയും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന്‌ ഉണ്ടാകുന്നില്ല. ഓണത്തിന്റെ ഘട്ടമായിട്ടുപോലും വിപണിയില്‍ ഇടപെടുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ നടത്തുന്നില്ല. വിലക്കയറ്റം നിയന്ത്രിക്കുന്ന കാര്യത്തിലും നോക്കുകുത്തിയായി നില്‍ക്കുകയാണ്‌ സംസ്ഥാന സര്‍ക്കാര്‍ എന്ന്‌ ഇത്‌ വ്യക്തമാക്കുന്നു. വിധവാ പെന്‍ഷന്‍ പോലും സമയത്ത്‌ വിതരണം ചെയ്യുന്നതിന്‌ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. സ്‌ത്രീകള്‍ക്കെതിരായുള്ള ആക്രമണങ്ങളും സംസ്ഥാനത്ത്‌ വര്‍ദ്ധിക്കുകയാണ്‌.

സ്‌ത്രീകളുടെ ജീവിതം ദുസ്സഹമാക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തെറ്റായ നയങ്ങള്‍ക്കെതിരെ ശക്തമായി നിലപാടെടുത്ത്‌ പൊരുതുന്ന സി.പി.ഐ (എം) സംഘടിപ്പിക്കുന്ന ജനകീയ പ്രതിരോധത്തില്‍ മഹിളകളുടെ വന്‍ പ്രതിഷേധവും അലയടിക്കും.

തിരുവനന്തപുരം
08.08.2015

***